പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ കാപ്പ കഴിഞ്ഞ ഡിസംബര്‍ 22നാണ് റിലീസ് ചെയ്തത്. കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കണ്ടത്. ഒപ്പം ഇന്ദു ഗോപന്റെ തിരക്കഥയും പ്രതീക്ഷകള്‍ക്ക് ചൂടേറ്റി. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗുണ്ടാ സംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ദുഗോപന്റെ തന്നെ ശംഖുമുഖി എന്ന നോവലാണ് സിനിമാ രൂപത്തിലേക്ക് മാറ്റിയത്.
ജനുവരി 19ന് ചിത്രം നെറ്റ്ഫ്‌ളിക്‌സെലെത്തിയതോടെ വീണ്ടും ചര്‍ച്ചയാവുകയാണ്. അപര്‍ണ ബാലമുരളി അവതരിപ്പിച്ച പ്രമീള എന്ന നായിക കഥാപാത്രമാണ് ചര്‍ച്ചയാവുന്നത്.
ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായ, നായകനായ കൊട്ട മധുവിന്റെ ഭാര്യയാണ് പ്രമീള. ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ ശക്തമായ ഒരു കഥാപാത്രമായി തന്നെയാണ് പ്രമീളയെ അവതരിപ്പിക്കുന്നത്. കൊട്ട മധു ശക്തനായി നില്‍ക്കുന്നതിന്റെ ഒരു പ്രധാന കാരണം പ്രമീളയാണ്. ഗുണ്ടയിലേക്കുള്ള മധുവിന്റെ ട്രാന്‍സ്ഫര്‍മേഷന് കാരണവും പ്രമീളയാണെന്നും പറയുന്നുണ്ടെങ്കിലും അതിന്റെ ബാക്ക്‌സ്റ്റോറി കാണിക്കുന്നില്ല. അവരുടെ മേല്‍ അപകടത്തിന്റെ ഒരു നിഴല്‍ വീണാല്‍ പോലും മധു ജാഗരൂഗനാകും.
എന്നാല്‍ ഇത്രയും ശക്തയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപര്‍ണക്കായോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്. ഇന്‍ട്രോയിലെ മാസ് നടത്തത്തിലും ഡയലോഗിലും അപര്‍ണക്ക് ഈ റോള്‍ പെര്‍ഫെക്ഷനിലേക്ക് ഉയര്‍ത്താനാവുന്നില്ലെന്ന അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ആറ്റിറ്റിയൂഡും ഡയലോഗ് ഡെലിവറിയും കഥാപാത്രം ആവശ്യപ്പെടുന്ന മീറ്ററിലേക്ക് എത്തിക്കാന്‍ താരത്തിനായില്ലെന്നും ചില കമന്റുകളുണ്ട്.
അതേസമയം അപര്‍ണയുടെ പെര്‍ഫോമന്‍സിനെ പുകഴ്ത്തിയും പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. അപര്‍ണയുടെ മാസ് പരിവേഷം തൃപ്തിപ്പെടുത്തിയെന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
പൃഥ്വിരാജിന്റെ കൊട്ട മധുവായുള്ള പെര്‍ഫോമന്‍സിനും കയ്യടികള്‍ ഉയരുന്നുണ്ട്. താരത്തിന്റെ തിരുവനന്തപുരം സ്ലാങ്ങും സ്വാഗും കാപ്പയിലെ പ്ലസ് പോയിന്റായിരുന്നു എന്നും പ്രേക്ഷകര്‍ പറയുന്നു.
Content Highlight: The heroine Pramila in kaapa played by Aparna Balamurali is being discussed on social media