| Tuesday, 8th February 2022, 4:29 pm

പാറക്കെട്ടില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഹെലികോപ്റ്റര്‍ മടങ്ങി; നേവിയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ അയക്കാന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലമ്പുഴ: പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഹെലികോപ്റ്റര്‍ മടങ്ങി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഫലം കണാതായതോടെയാണ് ഹെലികോപ്റ്റര്‍ തിരിച്ചുപോയത്.

ചെങ്കുത്തായ മേഖലയായതിനാല്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നില്ല. മേഖലയിലെ കാറ്റ് അനുകൂലമായിരുന്നില്ലെന്നും കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു. ഇതോടെയാണ് തിരികെ പോവേണ്ടി വന്നതെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിശദീകരണം.

യുവാവിന് ഇതുവരെ ഭക്ഷണമോ വെള്ളമോ എത്തിക്കാനായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് അത്യാധുനിക ഹെലികോപ്റ്ററായ നേവിയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ അയക്കാന്‍ സാധ്യതയുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ബാബുവും മറ്റ് രണ്ട് കുട്ടികളും ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്.

എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേക്ക് തനിച്ചുകയറി. മലയുടെ മുകളിലെത്തിയ ബാബു കാല്‍ തെന്നിവീണ് പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.

അപകടം നടന്നതായി ബാബു തന്നെയാണ് മറ്റുള്ളവരെ ഫോണ്‍ വിളിച്ചറിയിച്ചത്. വിവരം അറിഞ്ഞ് ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെ ബാബു തന്നെയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.

കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തിയത്. രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബാബുവിനെ രക്ഷപ്പെടുത്താനായില്ല.

സ്ഥലത്തെ എം.എല്‍.എ, എം.പി അടക്കമുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. യുവാവിന് മറ്റ് ഗുരുതര പരിക്കുകള്‍ ഇല്ലെങ്കിലും കാലിന് ഒടിവുള്ളതിനാല്‍ അനങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ്.


Content Highlights: The helicopter returned after halting rescue operations for a young man trapped in a cliff in Malambuzha

Latest Stories

We use cookies to give you the best possible experience. Learn more