| Sunday, 14th January 2024, 10:03 pm

ഇന്റലിജൻസ് പിഴവ് ഏറ്റെടുത്തു; യുദ്ധാനന്തരം ഇസ്രഈല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി തലവന്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍അവീവ്: ഗസയിലെ യുദ്ധത്തിന് ശേഷം ഇസ്രഈല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ തലവന്‍ റോണന്‍ ബാര്‍ രാജിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇസ്രഈലിന്റെ എന്‍12 എന്ന വാര്‍ത്താ വെബ്‌സൈറ്റാണ് റോണന്‍ ബാറിന്റെ തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്.

സുരക്ഷാ ഏജന്‍സിയില്‍ നിന്ന് രാജി വെക്കുന്ന വിവരം തന്റെ സ്റ്റാഫിനോട് ബാര്‍ അറിയിച്ചതായി ഷിന്‍ ബെറ്റിന്റെ മുന്‍ തലവനും നെസെറ്റിന്റെ മുന്‍ അംഗവുമായ യാക്കോവ് പെരി മാധ്യമങ്ങളോട് പറഞ്ഞു.

ഫലസ്തീനിന്റെ സായുധ സംഘടനയായ ഹമാസ് ഒക്ടോബര്‍ 7ന് ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തിന് കാരണമായ മുന്നറിയിപ്പുകളില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്താതിരുന്നത് തന്റെ പിഴവാണെന്ന് റോണന്‍ ബാര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റലിജന്‍സ് നല്‍കിയ സൂചനകള്‍ ഷിന്‍ ബെറ്റിന് നഷ്ടമായതിന്റെ ഉത്തരവാദിത്തം അംഗീകരിച്ച് രാജിവെക്കുകയാണെന്ന് റോണന്‍ ബാര്‍ അറിയിച്ചതായി യാക്കോവ് പെരി പറഞ്ഞു.

അതേസമയം ഷിന്‍ ബെറ്റിലെ പേര് വെളിപ്പെടുത്താത്ത ഒരു സ്രോതസ് യാക്കോവ് പെരിയുടെ അവകാശവാദങ്ങളെ എതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഒക്ടോബര്‍ 15ന് തെക്കന്‍ ഇസ്രഈലില്‍ നടന്ന ആക്രമണത്തിന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാത്തതിന്റെ ഉത്തരവാദിത്തം ബാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് സ്രോതസ് വെളിപ്പെടുത്തി.

റോണൻ ബാറിനെ കൂടാതെ ഇസ്രഈലിന്റെ സുരക്ഷാ ചുമതലയുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥരും ആക്രമണത്തിന്റെ ഉത്തരവാദിത്തവും പരാജയവും സമ്മതിച്ചിട്ടുണ്ട്.

പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവി, ഐ.ഡി.എഫ് മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവന്‍ മേജര്‍ ജനറല്‍ അഹരോണ്‍ ഹലീവ എന്നീ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlight: The head of Israel’s internal security agency will reportedly resign after the war

We use cookies to give you the best possible experience. Learn more