സ്വകാര്യതയ്ക്കുമേല്‍ കടന്നുകയറ്റം; ആപ്പിളിനെതിരെ വാട്സാപ്പ് മേധാവി
World News
സ്വകാര്യതയ്ക്കുമേല്‍ കടന്നുകയറ്റം; ആപ്പിളിനെതിരെ വാട്സാപ്പ് മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th August 2021, 10:44 am

ലാപ്‌ടോപ്പുകളിലും സ്മാര്‍ട് ഫോണുകളിലും സൂക്ഷിക്കുന്ന സ്വകാര്യ ഫയലുകള്‍ നിര്‍ബന്ധമായി പരിശോധിക്കുന്ന രീതി അവലംബിക്കാനൊരുങ്ങുന്ന ആപ്പിളിന്റെ നടപടിക്കെതിരെ വാട്സാപ്പ് മേധാവി വില്‍ ക്യാത്കാര്‍ട്ട്. ഐഫോണ്‍ മുതല്‍ മാക് വരെയുള്ള ഉപകരണങ്ങളില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്.

ഇത്തരത്തിലൊരു അസാധാരണമായ നടപടി ആഗോളതലത്തില്‍ തന്നെ ആദ്യമാണ്.

പദ്ധതിയുടെ തുടക്കത്തില്‍ ആപ്പിളിന്റെ ക്ലൗഡ് സ്റ്റോറേജ് സേവനമായ ഐക്ലൗഡിലേക്ക് അയയ്ക്കുന്ന ഫോട്ടോകളില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളുണ്ടോ എന്നാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ച് ആപ്പിള്‍ പരിശോധിക്കുക. പല ഘട്ടങ്ങളിലായി ഈ നടപടി ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനം.

ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ആപ്പിളിന്റെ നടപടിക്കെതിരെ വാട്സാപ്പ് മേധാവി വില്‍ ക്യാത്കാര്‍ട്ടാണ് പ്രതിഷേധങ്ങളുയര്‍ത്തിയവരില്‍ പ്രമുഖന്‍. ട്വിറ്ററിലൂടെയാണ് ക്യാത്കാര്‍ട്ട് തന്റെ പ്രതിഷേധം അറിയിച്ചത്.

കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ആപ്പിള്‍ പുതിയ ആശയം അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് ഉപയോക്താക്കളുടെ
സ്വകാര്യതയിലേക്ക് വലിയൊരു കടന്നുകയറ്റമായിരിക്കുമെന്ന ആരോപണവും വ്യാപകമാണ്.

ആപ്പിളിനെ പോലെ സ്വകാര്യതയ്ക്കു വേണ്ടി നിലനിന്ന ഒരു കമ്പനിയുടെ മലക്കം മറിച്ചില്‍ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതൊരു തെറ്റായ സമീപനമാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ സ്വകാര്യതയ്ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്തിയാണ് പുതിയ നീക്കം നടത്തുന്നത് എന്നാണ് ആപ്പിളിന്റെ വാദം. തുടക്കത്തില്‍ ഫോട്ടോകളുടെ കൂട്ടത്തില്‍ കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ ഐക്ലൗഡിലേക്ക് അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നതെന്നാണ് ആപ്പിള്‍ പറയുന്നത്.

തങ്ങളുടെ പുതിയ നീക്കത്തെ എക്‌സ്പാന്‍ഡഡ് പ്രൊട്ടക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ എന്നാണ് ആപ്പിള്‍ പേരിട്ട് വിളിച്ചിരിക്കുന്നത്. ഐമെസേജിലും ഐക്ലൗഡിലും എത്തുന്ന ചിത്രങ്ങല്‍ പരിശോധിക്കുക എന്നാണ് ആപ്പിള്‍ ജോലിക്കാര്‍ക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഈ ഫീച്ചര്‍ അമേരിക്കയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു. വോയ്സ് അസിറ്റന്റായ സിരിയിലും സേര്‍ച്ചിങ്ങിലും കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും ആപ്പിള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: The head of Facebook-owned WhatsApp slammed Apple’s plan to scan iPhones for child abuse images as a ‘setback for people’s privacy all over the world’