|

യു.എസ് മാപ്പില്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്കയെന്നാക്കി; ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങി മെക്‌സിക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് ഭൂപടങ്ങളില്‍ മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് നാമകരണം ചെയ്ത ട്രംപിന്റെ നടപടിയില്‍ ഗൂഗിളിനെതിരെ മെക്‌സിക്കോ.

ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്കയെന്ന് ലേബല്‍ ചെയ്യുന്നത് തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുമെന്നും മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് മാറ്റാനുള്ള ഉത്തരവ് യു.എസ് നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ മാത്രമേ ബാധകമാവുകയുള്ളൂവെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

46 ശതമാനം വരുന്ന പ്രദേശങ്ങള്‍ മാത്രമാണ് അമേരിക്കയുടേതെന്നും 49 ശതമാനത്തോളവും മെക്‌സിക്കോയുടേതാണെന്നും ശേഷിക്കുന്ന അഞ്ച് ശതമാനം ക്യൂബയുടെതാണെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

മെക്‌സിക്കോയുടെയും ക്യൂബയുടെയും അധീനതയിലുള്ള പ്രദേശത്തിന്റെ പേര് മാറ്റുകയാണ് ഗൂഗിള്‍ ചെയ്തതെന്നും ട്രംപിന്റെ ഉത്തരവുമായി ബന്ധമുള്ള കാര്യമല്ലിതെന്നും ട്രംപിന്റെ ഉത്തരവ് അമേരിക്കയുടെ പ്രദേശത്തിന് മാത്രം ബാധകമാവുന്നതാണെന്നും ഷെയിന്‍ബോം പറഞ്ഞു.

എല്ലാ മേഖലയിലും അമേരിക്കയെ ഒന്നാമതെത്തിക്കുകയെന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്നും അതിനെ തുടര്‍ന്നാണ് ഗൂഗിള്‍ പേര് മാറ്റിയതെന്നും ഇക്കാര്യത്തില്‍ നിയമനടപടിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഗൂഗിളിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഷെയിന്‍ബോം പറഞ്ഞു.

മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് മാറ്റാന്‍ ഗൂഗിളിന് യാതൊരു അവകാശവുമില്ലെന്നും മൂന്ന് രാജ്യങ്ങളാണ് മെക്‌സിക്കന്‍ ഉള്‍ക്കടല്‍ പങ്കിടുന്നതെന്നും ഇതില്‍ യാതൊരു മാറ്റത്തിനും തങ്ങള്‍ തയ്യാറല്ലെന്നും ഷെയിന്‍ബോം പറഞ്ഞു.

പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ദിവസം തന്നെ ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്ക എന്ന പുനര്‍നാമകരണം ചെയ്ത എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു.

Content Highlight: The Gulf of Mexico became the Gulf of America on the US map; Mexico prepares to take legal action against Google

Latest Stories