| Monday, 27th May 2024, 5:21 pm

നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? കോടതിക്ക് നിങ്ങളെ വിശ്വാസമില്ല; ഗെയ്മിങ് സെന്ററിലെ തീപിടുത്തതില്‍ ഗുജറാത്ത് സര്‍ക്കാറിന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ 28 പേരുടെ മരണത്തിനിടയാക്കിയ ഗെയ്മിങ് സെന്ററിലെ തീപിടുത്തത്തില്‍ ഗുജറാത്ത് സര്‍ക്കാറിനെയും രാജ്‌കോട്ട് മുന്‍സിപ്പല്‍ കോര്‍പറഷേനെയും രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. മാനദണ്ഡങ്ങള്‍ പാലിക്കാതെ രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാറിലും പ്രാദേശിക ഭരണകൂടത്തിലും തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

രണ്ടര വര്‍ഷമായി മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഗെയ്മിങ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന് കേസ് പരിഗണിക്കവെ രാജ്‌കോട്ട് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കോടതിയുടെ വിമര്‍ശനം. ഇത്രയും നാള്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടവും ഉറങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചു.

നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷം മാത്രം പ്രതികരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും നാല് വര്‍ഷത്തിനിടയില്‍ ആറാമത്തെ ദുരന്തമാണ് സമാനമായ രീതിയില്‍ സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത് എന്നും കോടതി കുറ്റപ്പെടുത്തി. മുന്‍സിപ്പല്‍ കോര്‍പറേഷന്റെ പരിസരത്ത് നിയമാനുസൃതമല്ലാത്ത ഇത്രയും വലിയ നിര്‍മിതി നടന്നപ്പോള്‍ കോര്‍പറേഷന്‍ അധികൃതര്‍ കണ്ണടച്ചിരിക്കുകയായിരുന്നോ എന്നും കോടതി ചോദിച്ചു.

ഗെയ്മിങ്ങ് സെന്ററിലെ അഗ്നിരക്ഷാ സംവിധാനങ്ങളെ കുറിച്ചും വിനോദ നികുതി ഏര്‍പ്പെടുത്തിയിരുന്നോ എന്നത് സംബന്ധിച്ചും കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ ഗെയ്മിങ് സെന്ററിന് അനുമതി നല്‍കിയത് എന്നും കോടതി ചോദിച്ചു.

ഗെയ്മിങ് സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെയും കോടതി കുറ്റപ്പെടുത്തി. അവര്‍ അവിടെ കളിക്കാന്‍ പോയതായിരുന്നോ, കഴിഞ്ഞ 18 മാസമായി അവര്‍ എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു.

2021ല്‍ ഗെയ്മിങ് സെന്റര്‍ ആരംഭിച്ചത് മുതല്‍ അപകടം സംഭവിച്ചത് വരെയുള്ള കാലത്തെ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പറേഷനിലെ മുഴുവന്‍ കമ്മീഷണര്‍മാരും ദുരന്തത്തിന് ഉത്തരവാദികളാണെന്നും കോടതി പറഞ്ഞു. അവരെല്ലാവരും വ്യക്തിഗതമായി വിശദീകരണം നല്‍കണമെന്നും പറഞ്ഞ കോടതി സംസ്ഥാനത്ത് ഇനി ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകരുതെന്നും പറഞ്ഞു.

ശനിയാഴ്ചയാണ് രാജ്‌കോട്ടിലെ നാനാ-മാവ മേഖലയിലെ ടി.ആര്‍.പി ഗെയ്മിങ് സെന്ററില്‍ തീപിടുത്തമുണ്ടായത്. അപകടത്തില്‍ കുട്ടികളടക്കം 28 പേര്‍ മരണപ്പെട്ടിരുന്നു. മതിയായ അഗ്നി രക്ഷം സംവിധാനങ്ങളില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള അഞ്ച് പേരെ നേരത്തെ തന്നെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS: The Gujarat High Court criticizes the Gujarat government for the accident at the gaming center in Rajkot

We use cookies to give you the best possible experience. Learn more