| Sunday, 9th July 2023, 11:34 am

അരവിന്ദന്റെ അതിഥികളിലെ ഗസ്റ്റ് ഹൗസ് മൂകാംബികയില്‍ നിന്നും 1000 കിലോമീറ്റര്‍ അപ്പുറത്താണ്: ഷാഫി ചെമ്മാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായ ഗസ്റ്റ്ഹൗസ് മൂകാംബികയില്‍ അല്ലെന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാട്. മൂകാംബികയില്‍ നിന്നും ആയിരം കിലോമീറ്ററിലധികം ദൂരമുള്ള കുംഭകോണത്താണ് ആ ഗസ്റ്റ് ഹൗസെന്നും അദ്ദേഹം പറഞ്ഞു. സഫാരി ടി.വിയുടെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാഫി.

‘അരവിന്ദന്റെ അതിഥികള്‍ സിനിമയുടെ ലൊക്കേഷന്‍ ഹണ്ട് ഏഴോ എട്ടോ മാസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. സ്‌ക്രിപറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ തന്നെ പല തവണ ഞങ്ങള്‍ മൂകാംബികയില്‍ പോയിട്ടുണ്ട്. അവിടുത്തെ സംസ്‌കാരവും രീതികളും മനസിലാക്കാനും മറ്റുമായിരുന്നു ആ യാത്ര. ഞാനും സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററും നിര്‍മാതാവും പല തവണ ഇതിനായി മൂകാംബികയില്‍ പോയിട്ടുണ്ട്.

സിനിമയുടെ പ്രധാന ലൊക്കേഷനായ അരവിന്ദന്റെ ആ ഗസ്റ്റ്ഹൗസ് കണ്ടെത്താനാണ് ഞങ്ങള്‍ ഏറ്റവും അധികം സമയം ചെലവഴിച്ചത്. പണ്ടെങ്ങോ മൂകാംബികയില്‍ പോയപ്പോള്‍ താമസിച്ച അനുഭവം വെച്ചാണ് സ്‌ക്രിപ്റ്റ് എഴുതിയിട്ടുള്ളത്. അന്ന് അവര്‍ താമസിച്ചിരുന്നത് അഡികമാരുടെ ഒരു വീടിനോട് ചേര്‍ന്ന ഒരു ഗസ്റ്റ്ഹൗസിലാണ്. ഇത് വെച്ചാണ് അവര്‍ സ്‌ക്രിപ്റ്റ് എഴുതിയിട്ടുള്ളത്.

ആ ഗസ്റ്റ്ഹൗസിന്റെ വരാന്ത, നിഖില വിമലിന്റെ കഥാപാത്രം പുറത്തേക്ക് നോക്കുന്ന ജനല്‍, ലളിത ചേച്ചി പൂ കോര്‍ക്കുന്നത്. നവരാത്രിയില്‍ നിഖിലയെ പിടിച്ച് കൊണ്ടുവരുന്ന വരാന്ത ഇതൊക്കെയുള്ള ഒരു ഹോംലി അറ്റ്‌മോസ്ഫിയര്‍ ഉള്ള ഒരു ഗസ്റ്റ് ഹൗസായിരുന്നു വേണ്ടത്.

ഇത് തേടി ഒരുപാട് യാത്ര ചെയ്തു. മൂകാംബികയില്‍ പല തവണ പോയെങ്കിലും അവിടെ അങ്ങനൊന്ന് കണ്ടെത്താനായില്ല. ഉഡുപ്പിയിലും തിരഞ്ഞെങ്കിലും അവിടയുമുണ്ടായിരുന്നില്ല.

പിന്നെ മംഗലാപുരം, കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍, തമിഴ്‌നാട്ടിലെ പൊള്ളാച്ചി, ഉദുമല്‍പേട്ട അവിടെയൊക്കെ ഇതുപോലുള്ളൊരു വീട് തിരഞ്ഞെങ്കിലും കണ്ടെത്തായനായില്ല. പിന്നീട് മധുരക്കപ്പുറം കുംഭകോണത്താണ് അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ കാണുന്ന ആ ഗസ്റ്റ് ഹൗസ് ഞങ്ങള്‍ക്ക് കണ്ടെത്താനായത്. മൂകാംബികയില്‍ നിന്നും ആയിരം കിലോമീറ്ററെങ്കിലും ദൂരമുണ്ടാകും അങ്ങോട്ട്’ ഷാഫി ചെമ്മാട് പറഞ്ഞു.

CONTENT HIGHLIGHTS: The guest house in the movie Aravindante Athidhikal is 1000 km away from Mookambika; Shafi Chemmad, Production Controller

We use cookies to give you the best possible experience. Learn more