അതിഥി ആപ്പ് പുറത്തിറക്കും; തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരും: ശിവന്‍കുട്ടി
Kerala News
അതിഥി ആപ്പ് പുറത്തിറക്കും; തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരും: ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th July 2023, 7:53 pm

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. നിലവില്‍ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം-1979 നെ ആണ് ഇക്കാര്യത്തില്‍ ആശ്രയിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലെ കുറിപ്പിലൂടെ വ്യക്തമാക്കി.

‘സംസ്ഥാനത്ത് എത്തുന്ന ഏതൊരു അതിഥി തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യപ്പെടണം. അതിനു ആവശ്യമായ സംവിധാനം തൊഴില്‍ വകുപ്പ് ഒരുക്കും. ആവാസ് ഇന്‍ഷൂറന്‍സ് കാര്‍ഡ് അതിഥി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ അഞ്ച് ലക്ഷത്തില്‍ പരം അതിഥി തൊഴിലാളികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് കൈക്കൊള്ളും.

നിലവിലെ നിയമപ്രകാരം കോണ്‍ട്രാക്ടര്‍ മുഖേന അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ മാത്രമേ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇക്കാര്യത്തില്‍ മാറ്റം വരുത്തി ഓരോ തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടാക്കണം.

സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാകുമോ എന്ന കാര്യം പരിശോധിക്കും. അതിഥി തൊഴിലാളികളെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ, തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അതിഥി ആപ്പ് അടുത്ത മാസം പുറത്തിറക്കും.

ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളിലും തൊഴില്‍ പരിസരങ്ങളിലും നേരിട്ട് എത്തി അതിഥി ആപ്പില്‍ ഓരോ തൊഴിലാളിയെ കൊണ്ടും രജിസ്റ്റര്‍ ചെയ്യിപ്പിക്കും,’ അദ്ദേഹം പറഞ്ഞു.

ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ മറ്റൊരു അതിഥി തൊഴിലാളി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമല്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

content highlights: The guest app will be released; Law to make registration of workers compulsory: Shivankutty