| Saturday, 24th April 2021, 4:04 pm

ഇന്ത്യയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം മോദി സര്‍ക്കാറിന്റെ അഹങ്കാരവും പിടിപ്പുകേടും; ദ ഗാര്‍ഡിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് മൂലം രാജ്യത്ത് ഉണ്ടായ മരണങ്ങള്‍ ഒഴിവാക്കാവുന്നതായിരുന്നുവെന്ന് ദ ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍. അഹങ്കാരം നിറഞ്ഞതും കഴിവില്ലാത്തതുമായ സര്‍ക്കാരിന്റെ ഫലമാണ് ഇന്ത്യ നിലവില്‍ അനുഭവിക്കുന്ന അവസ്ഥയ്ക്ക് കാരണമെന്നും കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഗാര്‍ഡിയന്‍
വിമര്‍ശിച്ചു.

ആദ്യ തരംഗത്തില്‍, കൊവിഡ് ഇന്ത്യയിലെ നഗരങ്ങളെയാണ് ബാധിച്ചതെങ്കില്‍ ഇപ്പോള്‍ അത് രാജ്യത്തിന്റെ ഭൂരിഭാഗവും താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിലേക്ക് മാറുകയാണെന്ന് ഗാര്‍ഡിയന്‍ പറഞ്ഞു.

വലിയ കഷ്ടപ്പാടുകള്‍ക്ക് കാരണമായ അബദ്ധങ്ങള്‍ മോദി അംഗീകരിക്കുകയും മാറ്റുകയും വേണമെന്നും എഡിറ്റോറിയല്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ദ ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍. ഇന്ത്യയില്‍ വലിയരീതിയിലുള്ള കൊവിഡ് വ്യാപനത്തിന് കാരണമായ കുംഭമേള ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് എഡിറ്റോറിയലില്‍ പറയുന്നുണ്ട്.

കൊവിഡ് അതി തീവ്രമായി വ്യാപിക്കുമ്പോഴും തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിയേയും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
കൊവിഡ് അതിന്റെ തീവ്രതയില്‍ എത്തിനില്‍ക്കുമ്പോള്‍ റാലികള്‍ നടത്തിയ മോദിയും ട്രംപും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഇന്ത്യയെ അസാധാരണമായി അവതരിപ്പിച്ചുകൊണ്ടുള്ള മോദിയുടെ ബ്രാന്റിംഗ് അമിത ആത്മവിശ്വാസത്തിലേക്ക് എത്തിക്കുമെന്നും
ദേശീയ മാഹാത്മ്യം പറഞ്ഞുനടന്നതല്ലാതെ ഒരുതരത്തിലുള്ള മുന്‍കരുതലും മോദി സര്‍ക്കാര്‍ എടുത്തില്ലെന്നും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സഹജവാസനയായും മറ്റുള്ളവര്‍ പുകഴ്ത്തിക്കൊടുത്തും അമിതമായ ആത്മവിശ്വാസം ഉണ്ടായിട്ടുണ്ടെന്നും ഗാര്‍ഡിയന്‍ പറയുന്നു.

കൊവിഡ് അതിന്റെ അന്ത്യത്തിലാണെന്നായിരുന്നു മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാറിന്റെ അവകാശവാദമെന്നും എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ഒരു ജീവിക്കുന്ന നരകമാണെന്നും കൊവിഡ് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഗാര്‍ഡിയന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The Guardian view on Modi’s mistakes

We use cookies to give you the best possible experience. Learn more