| Thursday, 27th February 2020, 2:21 pm

'അപ്രതീക്ഷിതമോ, കാലങ്ങളായുള്ള വര്‍ഗീയ ശത്രുതയോ അല്ല; ദല്‍ഹി കലാപത്തിന് കാരണം മോദിയുടെ നയങ്ങള്‍'; ഗുജറാത്ത് കലാപവും ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളും എടുത്ത് പറഞ്ഞ് ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ദല്‍ഹി കലാപത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭജനപരമായ നയങ്ങള്‍ ആണെന്ന് വിമര്‍ശിച്ചു കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍. എഡിറ്റോറിയലില്‍ മോദി അധികാരത്തിലേറിയതു മുതല്‍ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടകളും ഗുജറാത്ത് കലാപവും ഉള്‍പ്പെടെ ഈയടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും കൂടി ചൂണ്ടിക്കാണിക്കുന്നു.

ദല്‍ഹിയില്‍ നടന്ന കലാപം അപ്രതീക്ഷിതമോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വര്‍ഗീയ ശത്രുതയുടെ ഫലമോ ആയി കാണാനാവില്ലെന്നും പകരം ബി.ജെ.പി രാഷ്ട്രീയ നേതാക്കള്‍ പങ്കുള്ള സംഘര്‍ഷമാണെന്നും ഗാര്‍ഡിയന്‍ പറയുന്നു.

‘മതേതരത്വത്തിന്റെയും തുല്യതയുടെയും പാതയില്‍ നിന്ന് വിട്ടു വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പാതയിലേക്ക് ഇവര്‍ ഇന്ത്യയെ നയിക്കുന്നു’ ഗാര്‍ഡിയന്‍ എഡിറ്റോറിയലില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടുന്നവര്‍ ആള്‍ക്കൂട്ടത്തെ ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും നിരവധി നിരായുധരായ മുസ്‌ലിങ്ങള്‍ ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിനിരയായെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒപ്പം ബംഗാളിലെ കുടിയേറ്റക്കാരായ മുസ്‌ലിം ജനങ്ങളെ ബംഗാള്‍ ഉള്‍ക്കടലില്‍ വലിച്ചെറിയുമെന്ന അമിത് ഷായുടെ മുന്‍ പ്രസ്താവനയെയും ഗാര്‍ഡിയന്‍ എടുത്തു പറയുന്നു.

ദല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് അമിത് ഷാ രാജി വെക്കണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ ആവശ്യപ്പെട്ടത് ശരിയാണെന്നും ഗാര്‍ഡിയന്‍ അഭിപ്രായപ്പെടുന്നു. സമാധാനം പാലിക്കണമെന്ന മോദിയുടെ ആഹ്വാനം വളരെ വൈകിയായിരുന്നെന്ന് പറയുന്ന ഗാര്‍ഡിയന്‍ പിന്നീട് ചൂണ്ടിക്കാട്ടുന്നത് 2002 ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെക്കുറിച്ചാണ്.

1000 ത്തിലേറെ മുസ്ലിങ്ങളുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് അമേരിക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ സംഭവം ഗാര്‍ഡിയന്‍ ഓര്‍മിപ്പിക്കുന്നു.

ഒപ്പം തുടര്‍ച്ചയായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി വിജയിച്ചതാണ് അന്താരാഷ്ട്ര തലത്തില്‍ മോദിയുടെ ഈ മുഖം മാറാന്‍ കാരണമായതെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ദല്‍ഹിയില്‍ സംഘര്‍ഷം നടന്നു കൊണ്ടിരുന്നതിനിടയിലും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീവ്രദേശീയവാദിയായ ഇദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതില്‍ അത്ഭുതമില്ല എന്നാല്‍ മറ്റു പല നേതാക്കളും മോദിയുടെ വലതുപക്ഷ അജണ്ടകളെ അംഗീകരിക്കുന്നു എന്നും ഇവര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയുടെ അലസമായ ഇടപടലില്‍ പൊതു ജനം അസംതൃപ്തി പ്രകടിപ്പിക്കുന്നെന്നും ഗാര്‍ഡിയന്‍ വിലയിരുത്തുന്നു. അക്രമത്തിലെ ഇരകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ട കാര്യവും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിക്കുന്നതിനോടൊപ്പം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെയും എഡിറ്റോറിയല്‍ പരാമര്‍ശിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more