മികച്ച താരമായി മെസി; ആദ്യ നൂറില്‍ പോലുമില്ലാതെ തഴയപ്പെട്ട് റൊണാള്‍ഡോ; ദി ഗാര്‍ഡിയന്റെ പട്ടിക പുറത്ത്
Football
മികച്ച താരമായി മെസി; ആദ്യ നൂറില്‍ പോലുമില്ലാതെ തഴയപ്പെട്ട് റൊണാള്‍ഡോ; ദി ഗാര്‍ഡിയന്റെ പട്ടിക പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th January 2023, 7:44 pm

അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ കരിയറിലെ സുവര്‍ണ നാളുകളായിരുന്നു 2022ത്. വിശ്വകിരീടം നേടുകയെന്ന താരത്തിന്റെ അന്ത്യാഭിലാഷം പൂവണിഞ്ഞത് 2022ലായിരുന്നു. ലോകചാമ്പ്യന്‍ പട്ടം അണിഞ്ഞതിന് പിന്നാലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരമായി മെസിയെ ആരാധകര്‍ വാഴ്ത്തിയിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ താരം ഇതിനകം നേടിയെടുക്കുകയും ചെയ്തു.

ഇപ്പോള്‍ പ്രമുഖ മാധ്യമമായ ദി ഗാര്‍ഡിയനും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരമായി മെസിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. 35ാം വയസിലും താരം പുറത്തെടുക്കുന്ന മികച്ച പ്രകടനം തന്നെയാണ് ഇത്തരം പുരസ്‌കാരങ്ങള്‍ താരത്തെ തേടിയെത്തുന്നതിന് പിന്നില്‍.

ഗാര്‍ഡിയന്റെ പട്ടികയില്‍ മെസിക്ക് തൊട്ടരികില്‍ രണ്ടാം സ്ഥാനക്കാരനായി എത്തി നില്‍ക്കുന്നത് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ്. നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവും ഫ്രാന്‍സിന്റെ മുന്‍ സൂപ്പര്‍താരവുമായ കരിം ബെന്‍സെമയാണ് മൂന്നാം സ്ഥാനത്ത്.

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന എര്‍ലിങ് ഹാലണ്ടും ക്രൊയേഷ്യന്‍ ഇതിഹാസം ലൂക്കാ മോഡ്രിച്ചുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ആറാം സ്ഥാനത്ത് കെവിന്‍ ഡി ബ്രൂയിനും ഏഴ്, എട്ട് സ്ഥാനങ്ങളില്‍ സൂപ്പര്‍താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും വിനീഷ്യസ് ജൂനിയറുമാണ്. തിബോര്‍ട്ട് കോര്‍ട്ടുവ ഒമ്പതാം സ്ഥാനം പങ്കിടുമ്പോള്‍ മികച്ച താരങ്ങളുടെ
പട്ടികയില്‍ പത്താം സ്ഥാനത്ത് മുഹമ്മദ് സലായും എത്തിനില്‍ക്കുന്നു.

ബ്രസീലിന്റെ സൂപ്പര്‍താരം പന്ത്രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ആദ്യ നൂറുപേരില്‍ ഒരാളാകാന്‍ പോലും പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് സാധിച്ചിട്ടില്ല.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങി യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാള്‍ഡോക്ക് പുതിയ ക്ലബ്ബായ അല്‍ നസറിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികവ് കാട്ടാനായില്ല.

കരിയറില്‍ അഞ്ച് ബാലണ്‍ ഡി ഓറും നിരവധി ലീഗ് കിരീടങ്ങളും സ്വന്തമാക്കിയ റൊണാള്‍ഡോ പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ പാടുപെടുന്നത് കാണുന്നതിന്റെ നിരാശയിലാണ് ആരാധകര്‍.

Content Highlights: The Guardian selected Lionel Messi as best player, Cristiano Ronaldo is not in first 100 names