കൊവിഡ് കാലത്തെ പ്രമേയമാക്കിയും പശ്ചാത്തലമാക്കിയും ഇറങ്ങിയ മലയാള സിനിമകളെ പുകഴ്ത്തി ദി ഗാര്‍ഡിയന്‍. കൊവിഡ് കാലത്തോട് ഏറ്റവും വേഗത്തില്‍ പ്രതികരിച്ച ഇന്‍ഡസ്ട്രി മലയാളമാണെന്ന് ദി ഗാര്‍ഡിയനില്‍ നമ്രത ജോഷി എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയിലെ കൊവിഡ് കാല സിനിമകള്‍ക്കുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമായി പ്രവര്‍ത്തിക്കുന്നത് ബോളിവുഡല്ല, മലയാളമാണെന്നും അത് എന്തുകൊണ്ടാണെന്നുമാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
എല്ലാവരുടെയും ജീവിതങ്ങളെ മാറ്റിമറിച്ച കൊവിഡിനെ അടയാളപ്പെടുത്താന്‍ ബോളിവുഡ് മറന്നപ്പോള്‍ മലയാള സിനിമ കൊവിഡിനെ ഉള്‍ക്കൊണ്ടും പ്രതികരിച്ചും മുന്നോട്ടു പോയെന്നും വിഷയത്തിലും അവതരണത്തിലും നിര്‍മ്മാണത്തിലും പുതിയ രീതികള്‍ ആവിഷ്‌കരിച്ചെന്നും ദി ഗാര്‍ഡിയന്‍ പറയുന്നു. ഇന്ന് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ വെച്ച് ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയായി നിലകൊള്ളുന്നത് മലയാളമാണെന്നും ലേഖനത്തില്‍ പറയുന്നു.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി, സാനു ജോണ്‍ വര്‍ഗീസിന്റെ ആര്‍ക്കറിയാം, ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, എവരിതിംഗ് ഈസ് സിനിമ എന്നീ ചിത്രങ്ങള്‍, ഇവയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ദി ഗാര്‍ഡിയന്‍ മോളിവുഡിനെ പ്രശംസിക്കുന്നത്.
കച്ചവടമൂല്യം കൂടുതലുള്ള സിനിമകള്‍ വരുന്നുണ്ടെങ്കിലും ഹിന്ദി – തമിഴ് ഇന്‍ഡസ്ട്രികളിലേതു പോലെ വമ്പന്‍ സ്റ്റുഡിയോകളല്ല, വ്യക്തികളാണ് മലയാളത്തില്‍ നിര്‍മ്മാതാക്കളാകുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.
ഇവിടെയുള്ള സിനിമക്കാര്‍ പെട്ടെന്ന് തന്നെ പുതിയ ആശയങ്ങളും അതിനു പറ്റിയ നിര്‍മ്മാതാക്കളെയും കണ്ടെത്തുന്നവരാണെന്നും പ്രോജക്ടുകള്‍ വേഗത്തില്‍ തുടങ്ങുന്നവരാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
സാമൂഹ്യ-രാഷ്ട്രീയ- സാമ്പത്തിക മാറ്റങ്ങളോട് വേഗത്തിലാണ് മലയാള സിനിമ പ്രതികരിക്കുന്നത്. നിപ വൈറസ് പടര്‍ന്നുപിടിച്ച കാലഘട്ടത്തെ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിനെ കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
മഹാമാരിക്കാലത്ത് മറ്റെല്ലാ ഭാഷകളെയും പോലെ മലയാള സിനിമയും വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പുതിയ ചിത്രങ്ങളെടുക്കാന്‍ മലയാളി സിനിമാപ്രവര്‍ത്തകര്‍ക്ക് സാധിച്ചെന്നും ദി ഗാര്‍ഡിയന്‍ ചൂണ്ടിക്കാണിക്കുന്നു.
കൊവിഡ് അവഗണിക്കാനാവാത്ത കാലഘട്ടമാണെന്നും അതുകൊണ്ടു തന്നെ സിനിമയിലും അതിന്റെ പ്രതിഫലനങ്ങളും അടയാളപ്പെടുത്തലുകളും ഉണ്ടാകേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: The Guardian praises Malayalam Cineam for responding to Covid