Advertisement
Kerala News
വികസനത്തിന് രാഷ്ട്രീയമില്ല, ലേഖനത്തിൽ തെറ്റ് കാണിച്ചുതന്നാൽ തിരുത്താം; വിശദീകരണവുമായി തരൂർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 16, 06:27 am
Sunday, 16th February 2025, 11:57 am

തിരുവനന്തപുരം: ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിന്മേലുണ്ടായ വിവാദങ്ങളിൽ വീണ്ടും വിശദീകരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് വീണ്ടും വിശദീകരണം നൽകിയിരിക്കുന്നത്. ഒപ്പം മാധ്യമങ്ങളെ കണ്ട ശശി തരൂർ വികസനത്തിന് രാഷ്ട്രീയമില്ലെന്നും കൂട്ടിച്ചേർത്തു.

സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റത്തെക്കുറിച്ചാണ് താൻ ലേഖനത്തിൽ പറയുന്നതെന്നും അതിന് ആരംഭം കുറിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്നും അതിൽ കോൺഗ്രസുകാരനെന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച വികസനത്തെ ഇപ്പോഴത്തെ സർക്കാർ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്പം അതിശയിപ്പിച്ചു. ഞാൻ ഈ ലേഖനം കേരളത്തിലെ ഒരു എം.പി എന്ന നിലയിൽ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് എഴുതിയത്. ഒരു കോൺഗ്രസ്സുകാരൻ എന്ന നിലയിൽ തന്നെ ഇതിന് തുടക്കം കുറിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് ഞാൻ അഭിമാനത്തോടെ പറയാൻ ഈ അവസരം വിനിയോഗിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാർ സ്റ്റാർട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് മിഷനും ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സർക്കാർ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

എന്നാൽ, എന്റെ ലേഖനം കേരളത്തിന്റെ സമ്പൂർണ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. പല വട്ടം ഞാൻ പറഞ്ഞതുപോലെ, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഉയർന്ന തൊഴിൽക്ഷാമം, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള യുവാക്കളുടെ വിദേശത്തേയ്ക്കുള്ള പ്രവാസം, കൃഷി മേഖലയിലെ പ്രതിസന്ധി (റബ്ബർ, കശുമാവ്, റബ്ബർ മുതലായ മേഖലകളിൽ), കൂടാതെ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയർന്ന കടബാധ്യതയും എന്നിവ ഉൾപ്പെടെ. ഇതൊക്കെ പരിഹരിക്കാൻ ഏറെ സമയം വേണ്ടിയിരിക്കുന്നു. എന്നാൽ, എവിടെയെങ്കിലും ഒരു മേഖലയെങ്കിൽ ആശാവഹമായ ഒരു മാറ്റം കാണുമ്പോൾ അതിനെ അംഗീകരിക്കുക .

ഞാൻ ലേഖനം എഴുതിയതിന്റെ അടിസ്ഥാനമായത് 2024ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് ആണ്. അതിൽ നിന്നുള്ള കണക്കുകളും വിവരങ്ങളും ചേർത്ത് തന്നെയാണ് എന്റെ ആശയവിനിമയം.

അവസാനമായി ഒരു അഭ്യർത്ഥനകൂടിയുണ്ട്, ലേഖനം വായിച്ചിട്ട് മാത്രമേ അഭിപ്രായം പറയാവൂ! പാർട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതിൽ ഇല്ല. കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി കേരളത്തിലെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് തന്നെയാണ് പലതവണ ഞാൻ പറഞ്ഞിട്ടുള്ളതും,’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പിന്നാലെ തന്നെ മാധ്യമങ്ങളെ കണ്ട അദ്ദേഹം ലേഖനത്തിൽ തെറ്റ് ഉണ്ടെങ്കിൽ കാണിച്ച് തരാനും ലേഖനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ല പറയുന്നതെന്നും കൂട്ടിച്ചേർത്തു. താൻ ഒരുകാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്നും ലേഖനത്തിൽ സി.പി.ഐ.എമ്മിന്റെ പേര് എവിടെയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: The growth of the startup sector was initiated by former Chief Minister Oommen Chandy and the current government is taking it forward naturally; Tharoor with explanation again