കൊച്ചി: സംഘടനയെക്കാള്‍ വലുതാണ് ഗ്രൂപ്പ് എന്ന ചിന്ത പാടില്ലെന്നും ഡി.സി.സി പ്രസിഡന്റ് നിയമനത്തില്‍ ഞങ്ങളുടെ വഴിയേ നടക്കണം എന്ന് ആരും കരുതരുതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ പി.ടി. തോമസ്.
മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലായിരുന്നു പി.ടി. തോമസിന്റെ അഭിപ്രായപ്രകടനം. എതിര്‍പ്പുള്ളവരും കാലത്തിന്റെ പ്രത്യേകത ഉള്‍ക്കൊളളുമെന്നും. കെ.സി. വേണുഗോപാലിനെതിരെ ചിലര്‍ നീക്കം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് ഇല്ലാതാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും എല്ലാകാലത്തും അശയപരമായ ചില സംവാദങ്ങള്‍ക്കായാണ് ഗ്രൂപ്പ് ഉണ്ടായതെന്നും പി.ടി. തോമസ് പറഞ്ഞു. അതേസമയം ഗ്രൂപ്പാണ് സംഘടനയെക്കാള്‍ വലുതെന്ന ചിന്ത പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ നേതാക്കളുമായി ഡി.സി.സി പ്രസിഡന്റുമാരെ കുറിച്ച് ചര്‍ച്ച നടത്തിയെന്നും പി.ടി.തോമസ് പറഞ്ഞു. കോണ്‍ഗ്രസിന് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നും സി.പി.ഐ.എമ്മിനെയും ബി.ജെ.പിയെയും നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നും പി.ടി. തോമസ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നിയമനത്തില്‍ അതൃപ്തി അറിയിച്ച് രാജിവെച്ച നേതാക്കളെ കുറിച്ചും പി.ടി. തോമസ് പ്രതികരിച്ചു. ശക്തരായ നേതാക്കളാണെങ്കിലും പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഇട്ടിട്ട് പോകാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോരായ്മകള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസിലെ പുതിയ തീരുമാനം പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും പി.ടി.തോമസ് അഭിപ്രായപ്പെട്ടു. അതേസമയം ഡി.സി.സി പട്ടികയില്‍ ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. പട്ടികയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി വിമര്‍ശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇരു നേതാക്കളും പുനസംഘടനയുമായി ബന്ധപ്പെട്ട തങ്ങളുടെ അതൃപ്തി അറിയിച്ചത്.
ഡി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു.
ചര്‍ച്ചകള്‍ നടന്നില്ലെന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നാണ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇരുവരോടും സംസാരിച്ചിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.