ഗ്രൂപ്പുണ്ടാക്കാന്‍ നോക്കുന്നില്ല, അധിക്ഷേപ പ്രചാരണത്തിന് പിന്നില്‍ ആരാണെന്ന് അറിയാം: വി.ഡി. സതീശന്‍
Kerala News
ഗ്രൂപ്പുണ്ടാക്കാന്‍ നോക്കുന്നില്ല, അധിക്ഷേപ പ്രചാരണത്തിന് പിന്നില്‍ ആരാണെന്ന് അറിയാം: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd March 2022, 3:18 pm

തിരുവനന്തപുരം: തന്റെ പേരില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കിയാല്‍ പാര്‍ട്ടിയില്‍ അവര്‍ ആസ്ഥാനത്തുണ്ടാകില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

ഗ്രൂപ്പുണ്ടാകുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് അറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരുമായി ചര്‍ച്ച നടത്തി ഉടന്‍ പുനസംഘടന പട്ടിക പുറത്ത് വിടും,’ വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എം.പിമാരുടെ പരാതിയില്‍ കെ.പി.സി.സി പുനസംഘടന നിര്‍ത്തിവെച്ച ഹൈക്കമാന്റ് നടപടിയില്‍ കെ. സുധാകരന്‍ അതൃപ്തി അറിയിച്ചിരുന്നു. ഡി.സി.സി പുനസംഘടനയുടെ അന്തിമപ്പട്ടികയ്ക്ക് കെ.പി.സി.സി നേതൃത്വം അംഗീകാരം നല്‍കുകയും ഔദ്യോഗിക പ്രഖ്യാപനത്തിനായി എ.ഐ.സി.സി നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പുനസംഘടന നിര്‍ത്തിവെക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പുനസംഘടനയില്‍ എം.പിമാര്‍ക്ക് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാന്റ് ഇടപെടല്‍ നടത്തിയത്.

പാര്‍ട്ടിയിലെ ഗ്രൂപ്പുകളുമായും വിവിധ വിഭാഗം നേതാക്കളുമായും മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയും എല്ലാരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച ശേഷവുമാണ് കെ.പി.സി.സി -ഡി.സി.സി പുനസംഘടന പട്ടിക തയാറാക്കിയതെന്ന് കെ.സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുനസംഘടനയില്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് അടക്കം പരാതിയില്ല എന്നിരിക്കെ അവസാനഘട്ടത്തില്‍ പുനസംഘടന നിര്‍ത്തിവെച്ചതിനെ കെ.പി.സി.സി നേതൃത്വം സംശയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡി.സി.സി പുനസംഘടന നിര്‍ത്തിവെച്ചതില്‍ ക്ഷുഭിതനായി സ്ഥാനമൊഴിയാന്‍ വരെ തയ്യാറാണെന്ന് കടുപ്പിച്ച കെ. സുധാകരനുമായി വി.ഡി. സതീശനെ അനുകൂലിക്കുന്നവര്‍ കഴിഞ്ഞ ദിവസം മുതല്‍ ചര്‍ച്ച നടത്തുന്നുണ്ട്.

എ.പി. അനില്‍കുമാര്‍ അടക്കം സതീശനെ പിന്തുണക്കുന്ന നേതാക്കളും സുധാകരനും തമ്മില്‍ കരട് പട്ടികയിന്മേല്‍ കൂടിയാലോചന തുടരുകയാണ്. ചെറിയ ചില മാറ്റങ്ങള്‍ക്ക് സുധാകരന്‍ തയാറാണെങ്കിലും കെ.സി-വി.ഡി അപ്രമാദിത്വം അംഗീകരിക്കാനികില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കെ.സി-വി.ഡി ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നില്‍ ചെന്നിത്തല ആണെന്നാണ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. സുധാകരനെ ഒപ്പം നിര്‍ത്തി ചെന്നിത്തലയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: The group is not looking to form: VD Satheesan