പാലക്കാട്: പല്ലശ്ശനയില്‍ ആചാരത്തിന്റെ പേരില്‍ തലമുട്ടിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് വരനും വധുവും. തന്റെ അനുഭവം ഇനി വേറെ ഒരാള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്ന് വധു സജ്‌ലയും വേദനിപ്പിച്ചിട്ടുള്ള ആചാരങ്ങളോട് യോജിപ്പില്ലെന്ന് വരന്‍ സച്ചിനും പ്രതികരിച്ചു.
വധുവിന്റെയും വരന്റെയും തല തമ്മില്‍ ഇടിച്ച് വേദനിപ്പിക്കുന്ന ആചാരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇരുവരുടെയും പ്രതികരണം.
‘അപ്രതീക്ഷിതമായിരുന്നു ആ അടി. ചേട്ടന്റെ അനിയത്തി ആദ്യമേ പറഞ്ഞിരുന്നു, വേദനിപ്പിച്ചുള്ള ആചാരം വേണ്ടായെന്ന്. അങ്ങനെ പറഞ്ഞത് കൊണ്ട് ഇങ്ങനെയുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. സത്യത്തില്‍ ആരുടെയും മുമ്പില്‍ കരയാത്ത ആളാണ് ഞാന്‍. പക്ഷേ ഇടി കിട്ടിയപ്പോള്‍ പകച്ചുപോയി.
എന്റെ വീട്ടുകാരെയൊക്കെ മിസ് ചെയ്ത് ഓള്‍റെഡി കിളി പോയി ടെന്‍ഷന്‍ ആയിപ്പോയ അവസ്ഥയിലായിരുന്നു. കല്യാണ ദിവസം സന്തോഷിക്കണമന്നാണ് എന്റെ കണ്‍സെപ്റ്റ് നിലവിളക്ക് എടുത്ത് കരഞ്ഞിട്ടാണ് വീട്ടില്‍ കയറിയത്. ഇപ്പോഴും അതിന്റെ വേദനയുണ്ട്,’ സജ്‌ല പറഞ്ഞു.
പല്ലശ്ശന ഭാഗത്ത് ഇങ്ങനെ ഒരു ആചാരം ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും താന്‍ നേരില്‍ കണ്ടിട്ടില്ലെന്നും അത് ചെയ്തയാളോട് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സച്ചിനും പ്രതികരിച്ചു.
‘അയല്‍വാസിയായിരുന്നു ഇടിച്ചത്. അദ്ദേഹത്തോട് ശേഷം സംസാരിച്ചിരുന്നു. ആ ഭാഗത്ത് ഇങ്ങനെയൊരു ആചാരം ഉണ്ടെന്നാണ് അവരൊക്കെ പറയുന്നത്. ഞാന്‍ ഇത് ഇതുവരെ കണ്ടിട്ടില്ല. വേദനിപ്പിച്ചിട്ടുള്ള ആചാരങ്ങളോട് യോജിപ്പില്ല,’ സച്ചിന്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പായിരുന്നു പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയും വിവാഹം. വധു സച്ചിന്റെ വീട്ടില്‍ എത്തിയപ്പോഴായായിരുന്നു വിചിത്ര ആചാരം. പിറകില്‍ നിന്ന് ഒരാള്‍വന്ന് ഇരുവരുടെയും തല തമ്മില്‍ മുട്ടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.