ഗ്രേറ്റസ്റ്റ് അല്ല, വീക്കെസ്റ്റ് ഓഫ് ഓള്‍ ടൈം
Entertainment
ഗ്രേറ്റസ്റ്റ് അല്ല, വീക്കെസ്റ്റ് ഓഫ് ഓള്‍ ടൈം
അമര്‍നാഥ് എം.
Thursday, 5th September 2024, 1:00 pm

രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രം എന്ന നിലയില്‍ വന്‍ പ്രതീക്ഷയായിരുന്നു ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന് അനൗണ്‍സ്‌മെന്റ് മുതല്‍ ലഭിച്ചത്. ഇരട്ടവേഷത്തില്‍ വിജയ് അവതരിക്കുന്ന, അതിലൊരു വേഷം ഡീ ഏജ് ചെയ്ത് അവതരിപ്പിക്കുന്ന സിനിമയുടെ ടീസറും പാട്ടുകളും ആരാധകരില്‍ യാതൊരു ഹൈപ്പും ഉണ്ടാക്കിയില്ല. എങ്കിലും സിനിമ മികച്ചതാണെന്ന് അണിയറപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ഓരോ ഇന്റര്‍വ്യൂവിലും അവകാശപ്പെട്ടുകൊണ്ടേയിരുന്നു.

സിനിമയിലേക്ക് വന്നാല്‍ റോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ ലീഡറായ എം.എസ്. ഗാന്ധിയും ടീമും നടത്തുന്നമിഷനുകള്‍ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. തുടക്കത്തില്‍ തന്നെ ഗംഭീരഫൈറ്റും തിയേറ്ററുകളെ ഇളക്കിമറിക്കുന്ന തരത്തിലുള്ള ഇന്‍ട്രോയുമാണ് വെങ്കട് പ്രഭു ഒരുക്കിവെച്ചത്.

പിന്നീട് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത പാട്ടും (വിജയ് സിനിമകളില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണല്ലോ) കാണിക്കുന്നു. പിന്നീടങ്ങോട്ട് ഇന്‍സ്റ്റഗ്രാം റീലുകളില്‍ കണ്ടുമടുത്ത തമാശകളും ഇളയരാജയുടെ പഴയപാട്ട് റീമിക്‌സ് ചെയ്തതുമൊക്കെയായി മുന്നോട്ടു കൊണ്ടുപോകുന്നു.

രണ്ടാമത്തെ വിജയ്‌യെ കാണിച്ചതിന് ശേഷം സിനിമ ഒന്നുകൂടി ടോപ് ഗിയറിലാകുന്നുണ്ട്. എന്നാല്‍ ആ ഒരു മൊമന്റം ഇന്റര്‍വെല്‍ സീനിന് തരാന്‍ കഴിഞ്ഞില്ല. ഗംഭീര ട്വിസ്റ്റ് എന്ന രീതിയില്‍ അണിയറപ്രവര്‍ത്തകര്‍ കാണിച്ചത് 200 ശതമാനം പ്രഡിക്ടബിളായിരുന്നു. രണ്ടാം പകുതിയില്‍ നായകനും വില്ലനും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ കുഴപ്പമില്ലാതെ കണ്ടിരുന്നു.

അനാവശ്യമായി കുത്തിക്കയറ്റിയ പാട്ട് വീണ്ടും ക്ഷമ പരീക്ഷിച്ചു. ഏറ്റവുമൊടുവില്‍ സ്പൂഫ് സിനിമകളെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ ക്ലൈമാക്‌സും ശവപ്പെട്ടിയില്‍ ആണിയടിച്ചതുപോലെ രണ്ടാം ഭാഗത്തിനുള്ള ലീഡും തന്ന് സിനിമ അവസാനിച്ചപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയതുപോലെയാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്.

മിഷന്‍ ഇംപോസിബിള്‍ പോലൊരു സ്‌പൈ ത്രില്ലര്‍ തമിഴിലും വേണമെന്ന് ആഗ്രഹിച്ചപ്പോള്‍ ആ സിനിമയെ അതുപോലെ കോപ്പി പേസ്റ്റ് ചെയ്തുതന്ന ഇന്‍ട്രോ സീനും യാതൊരു വികാരവും തോന്നാത്ത വില്ലന്റെ മോട്ടീവും കണ്ടപ്പോള്‍ ബജറ്റിന് വേണ്ടി 400 കോടി മാറ്റിവെച്ച നിര്‍മാതാക്കള്‍ നല്ലൊരു കഥ കേള്‍ക്കാന്‍ സമയം കൊടുക്കാത്തത് എന്തേ എന്ന് ആലോചിച്ചു.

റിലീസിന് മുമ്പും പിമ്പും സോഷ്യല്‍ മീഡിയകളില്‍ വിജയ് സിനിമകളുടെ പാട്ട് ട്രെന്‍ഡാകാറുണ്ട്. എന്നാല്‍ സമീപകാലത്ത് ഒരു വിജയ് സിനിമക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മോശം ആല്‍ബമായി ഗോട്ട് മാറി. വിജയ്‌യുടെ ടൈറ്റില്‍ കാര്‍ഡ് കാണിച്ചപ്പോള്‍ വന്ന അനിരുദ്ധിന്റെ ബി.ജി.എമ്മിന് കിട്ടി പകുതി കൈയടി പോലും യുവന്‍ ഒരുക്കിയ സംഗീതത്തിന് കിട്ടിയില്ല.

തലയിലും താടിയിലും കുറച്ച് പൗഡറിട്ടാല്‍ വയസായി എന്ന് വെങ്കട് പ്രഭുവും വിജയ്‌യും ചിന്തിച്ചിട്ടുണ്ടോ എന്നാണ് സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ മനസില്‍ വന്നത്. ലുക്കില്‍ മാത്രം വയസായതായി തോന്നിയിട്ടുണ്ട്. എന്നാല്‍ ശബ്ദവും നടത്തവും മേക്കപ്പുമായി ഒരു ബന്ധവുമില്ലാത്തതുപോലെ എടുത്തുവെച്ചിട്ടുണ്ട്.

വിജയ് ഫാന്‍സിനെ മാത്രം തൃപ്തിപ്പെടുത്താന്‍ പഴയ വിജയ് സിനിമകളിലെ ഡയലോഗുകളും ബബിള്‍ഗം എറിയലും സംവിധായകന്‍ കുത്തിക്കയറ്റിയിട്ടുണ്ട്. അതുപോലെ പല ഹിറ്റ് സിനമകളുടെ റഫറന്‍സും സിനിമയിലുടനീളമുണ്ട്. മങ്കാത്ത മുതല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് വരെ ഒന്നുവിടാതെ എടുത്തുവെച്ചിട്ടുണ്ട് വെങ്കട് പ്രഭു.

പ്രശാന്ത് എന്ന നടന്റെ മികച്ചൊരു വേഷവും, ടീസറില്‍ ഏറ്റവും ട്രോള്‍ കിട്ടിയ വിജയ്‌യുടെ ഡീ ഏജ് ചെയ്ത ലുക്കും മികച്ചതായിരുന്നു. അപ്രതീക്ഷിതമായി വന്ന കാമിയോ റോളുകളും തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റി. എന്നാല്‍ നായികമാരായ സ്‌നേഹ, മീനാക്ഷി ചൗധരി എന്നിവര്‍ സാദാ മാസ് സിനിമകളിലെ നായികമാരെപ്പോലെ പാട്ടില്‍ മാത്രം വന്ന് പ്രത്യക്ഷപ്പെട്ടു പോയി.

400 കോടി ബജറ്റില്‍ വരുന്ന സിനിമയുടെ വി.എഫ്.എക്‌സ് ആണോ ഇതെന്ന് പലപ്പോഴും തോന്നിപ്പോയി. ഹോളിവുഡ് സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ചെയ്യുന്ന ലോല വി.എഫ്.എക്‌സ് തന്നെയാണോ ഈ സിനിമക്ക് വേണ്ടി ഗ്രാഫിക്‌സ് ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വിജയ്‌യുടെ സ്ഥിരം ടെംപ്ലേറ്റ് സിനിമകള്‍ ഇഷ്ടപ്പെടുന്ന കടുത്ത ആരാധകര്‍ക്ക് പോലും സിനിമ നിരാശയാണ് സമ്മാനിക്കുന്നത്. 200 കോടി പ്രതിഫലം വാങ്ങാന്‍ കാണിക്കുന്ന ഉത്സാഹം കഥ വായിക്കുന്നതില്‍ വിജയ് എന്ന നടന്‍ കാണിക്കേണ്ടിയിരിക്കുന്നു. അണിയറപ്രവര്‍ത്തകര്‍ മാത്രം ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന് അവകാശപ്പെടുന്ന വീക്കായ ചിത്രമായി ഗോട്ട് മാറി.

Content Highlight: The Greatest Of All Time movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം