കേരളത്തിന് പുറത്ത് ഒരു ഏരിയ വിടാതെ ദളപതി ടേക്ക് ഓവര്‍, പലയിടത്തും ലിയോയെയും മറികടന്ന് ഗോട്ട്
Film News
കേരളത്തിന് പുറത്ത് ഒരു ഏരിയ വിടാതെ ദളപതി ടേക്ക് ഓവര്‍, പലയിടത്തും ലിയോയെയും മറികടന്ന് ഗോട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th September 2024, 8:15 am

അടുത്ത രണ്ട് സിനിമകള്‍ക്ക് ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് പറഞ്ഞതിന് ശേഷം തിയേറ്ററിലെത്തിയ വിജയ് ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ആദ്യ ഷോ കഴിഞ്ഞതിന് ശേഷം കേരളത്തില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്റെ കേരളത്തിന് പുറത്തെ സ്ഥിതി വ്യത്യസ്തമാണ്. ആദ്യ വീക്കെന്‍ഡ് കഴിഞ്ഞപ്പോള്‍ തന്നെ വിജയ്‌യുടെ മുന്‍ ചിത്രമായ ലിയോയുടെ കളക്ഷന്‍ പലയിടത്തും തകര്‍ത്ത് മുന്നേറുകയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഇതിനോടകം 100 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടുന്ന അഞ്ചാമത്തെ വിജയ് ചിത്രമാണ് ഗോട്ട്. മറ്റൊരു നടനും ഇത്രയും സിനമകള്‍ ഇല്ലെന്നറിയുമ്പോഴാണ് വിജയ് ബോക്‌സ് ഓഫ് കളക്ഷനിലെ ‘ഗോട്ട്’ ആയി മാറുന്നത്. കേരളത്തിലും ആന്ധ്രയിലും മാത്രമാണ് ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷന്‍ ലഭിക്കാതിരിക്കുന്നത്. ഓവര്‍സീസില്‍ നിന്ന് 3.2 മില്യണ്‍ കളക്ഷന്‍ ഗോട്ട് സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ തന്നെ മലേഷ്യയില്‍ മൂന്ന് ദിവസം കൊണ്ട് ലിയോയുടെ ലൈഫ് ടൈം കളക്ഷന്‍ ഗോട്ട് മറികടന്നു.

മൂന്ന് ദിവസം കൊണ്ട് 200 കോടിയോളമാണ് ചിത്രം നേടിയത്. 200 കോടി ക്ലബ്ബില്‍ ഇത് എട്ടാം തവണയാണ് ദളപതി സ്ഥാനം നേടുന്നത്. മെര്‍സല്‍, സര്‍ക്കാര്‍, ബീസ്റ്റ്, ബിഗില്‍, വാരിസ്, ലിയോ, മാസ്റ്റര്‍, ഗോട്ട് എന്നിവയാണ് 200 കോടി നേടിയ വിജയ് ചിത്രങ്ങള്‍. ഇന്ത്യയിലെ മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത റെക്കോഡാണിത്.

ചെയ്ത സിനിമകളെല്ലാം വ്യത്യസ്ത ഴോണറിലുള്ള വെങ്കട് പ്രഭുവുമായി വിജയ് ആദ്യമായി കൈകോര്‍ത്ത ചിത്രമാണ് ഗോട്ട്. ബിഗിലിന് ശേഷം ഇരട്ടവേഷത്തില്‍ വിജയ് അവതരിച്ച ചിത്രം 400 കോടി ബജറ്റിലാണ് ഒരുങ്ങിയത്. ഡീ ഏജ് ചെയ്ത വിജയ്‌യുടെ ഗെറ്റപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തമിഴ്‌നാട്ടിലെ 1100 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

വിജയ്ക്ക് പുറമെ പ്രശാന്ത്, സ്‌നേഹ, പ്രഭുദേവ, മീനാക്ഷി ചൗധരി, ജയറാം, മൈക്ക് മോഹന്‍, അജ്മല്‍ അമീര്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടുണ്ട്. ഇവര്‍ക്ക് പുറമെ തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ കാമിയോയും ധോണി മുതല്‍ അജിത് തുടങ്ങിയവരുടെ റഫറന്‍സ് സീനുകളും തിയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റി. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: The Greatest of All Time collected 100 crore from Tamilnadu