'ദി ഗ്രേറ്റസ്റ്റ് ഫൈനല്‍ എവര്‍'; ഓരാഴ്ച തികയുന്നു, ഖത്തറിലെ ഫൈനലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ സോഷ്യല്‍ മീഡിയ
football news
'ദി ഗ്രേറ്റസ്റ്റ് ഫൈനല്‍ എവര്‍'; ഓരാഴ്ച തികയുന്നു, ഖത്തറിലെ ഫൈനലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 8:53 pm

ഖത്തര്‍ ലോകകപ്പില്‍ ലുസൈല്‍സ് സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ സമീപ കാലത്ത് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ത്രില്ലടിപ്പിച്ച മത്സരമാണെന്നുള്ള വിലയിരുത്തലുണ്ടായിരുന്നു.

അടിയും തിരിച്ചടിയുമായി കൊണ്ടും കൊടുത്തും ഫ്രാന്‍സും അര്‍ജന്റീനയും മുന്നേറിയപ്പോള്‍ നിശ്ചിത സമയത്തിനും അധിക സമയത്തിനും ഇവരെ തമ്മില്‍ വേര്‍തിരിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.

നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍ വീതമായിരുന്നു നേടിയത്. അര്‍ജന്റീനക്കായി മെസി പെനാല്‍ട്ടിയിലൂടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ഡി മരിയ രണ്ടാം ഗോളും നേടി. മത്സരത്തിന്റെ 80ാം മിനിട്ട് വരെ പിന്നിട്ട് നിന്ന ശേഷം എംബാപ്പെയുടെ ഇരട്ട ഗോളായിരുന്നു ഫ്രാന്‍സിന് തുണയായത്.

എക്സ്ട്രാ ടൈമില്‍ മെസി വീണ്ടും ഗോള്‍ നേടിയപ്പോള്‍ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഹാട്രിക് നേടിയ എംബാപ്പെ വീണ്ടും ഫ്രാന്‍സിന്റെ രക്ഷകനായി. ഇതോടെയായിരുന്നു മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതും അര്‍ജന്റീന മത്സരം വിജയിച്ചതും.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലായിരുന്നു ഖത്തറില്‍ നടന്നിരുന്നതെന്നാണ് ഫുട്‌ബോള്‍ വിദഗ്ദര്‍ പറയുന്നത്. ഫൈനല്‍ കഴിഞ്ഞ് ഒരാഴ്ച തികയാന്‍ പോകുമ്പോഴും ഈ മാച്ചിനെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

“La Cumbia De Los Trapos” | Argentina vs France | 2022 FIFA World Cup Final | Lusail Stadium | Qatar pic.twitter.com/127GEcgEsF

ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലിലൂടെ ഇതുവരെ ലോകകപ്പ് കിരീടം നേടാന്‍ കഴിയാതിരുന്ന ഇതിഹാസ താരം ലയണല്‍ മെസിക്ക്, കിരീടധാരണത്തിന് അവസരമൊരുങ്ങിയെന്നും ചിലര്‍ പറയുന്നു.

‘ദി ഗ്രേറ്റസ്റ്റ് ഫൈനല്‍ എവര്‍’ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു ഫിഫ ഈ മത്സരത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

നാല് ദിവസം കൊണ്ട് 5.4 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്. സമീപ കാലത്ത് ഈ ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ പെട്ടന്ന് ലഭിക്കുന്ന വീഡിയോയും ഇതാണ്.

 

On tomorrow’s front page: Lionel Messi finally got his hands on the World Cup as Argentina beat France after a thrilling final in Qatar pic.twitter.com/xAHIafnhCX

ഇതുകൂടാതെ ടി.വി ചാനലുകള്‍ വഴിയും മറ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും കളിയുടെ ഹൈലൈറ്റ്‌സ് കണ്ടത് മില്യണ്‍ കണക്കിനാളുകളാണ്.

32 ദശലക്ഷം കാഴ്ചക്കാരാണ് ഇന്ത്യയില്‍ സ്‌ക്രീമിങ് ചെയ്ത ജിയോ സിനിമയിലൂടെ മാത്രം ഈ മാച്ച് ലൈവായി കണ്ടത്.

26 മില്യണ്‍ ആളുകളാണ് ഫോക്‌സ് എന്ന സ്‌ക്രീമിങ് പ്ലാറ്റ് ഫോം വഴി മത്സരം കണ്ടത്. 88,966 പേരാണ് മത്സരം സ്‌റ്റേഡിയത്തിലിരുന്ന് ആസ്വദിച്ചത്. ടെലിവിഷന്‍ സ്‌ക്രീമിങ്ങിന്റെ എണ്ണം കൂട്ടാതെയുള്ള കണക്കാണിത്.

Content Highlight: The greatest finale ever, story about Argentina vs France world cup final