ഐ.പി.എല്‍ 2023 സീസണ്‍ വലിയ ആവേശകരമായ മത്സരങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോ മത്സരവും അവസാന ഓവറുകളിലാണ് വിധി തീരുമാനിക്കപ്പെടുന്നത്. ഇതിനിടയില്‍ രസകരമായ ഒരു കണക്കാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള മത്സരങ്ങളില്‍ നിന്ന് കാണാനാവുക.
സാധാരണ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കുമ്പോള്‍ ഹോം ടീമുകള്‍ വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കാറാണ് പതിവ്. എന്നാല്‍ ബെംഗളൂരു, ദല്‍ഹി, ചെന്നൈ, പഞ്ചാബ് എന്നീ ടീമുകളൊക്കെ തങ്ങളുടെ അവസാന ഹോം മത്സരങ്ങളില്‍ പരാജയം രുചിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍സാണ് ബെംളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയത്. അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ ഒരു വിക്കറ്റിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് പരാജയപ്പെടുത്തി.
ചൊവ്വാഴ്ച ക്യാപിറ്റല്‍സിന്റെ തട്ടകമായ ദല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും ഹോം ടീമിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ആറ് വിക്കറ്റിനാണ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ദല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെട്ടത്. ദല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടക്കുകയായിരുന്നു.
ബുധനാഴ്ച ധോണിയുടെ ചെന്നൈയും എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തോല്‍വിയറിഞ്ഞു. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചത്. സി.എസ്.കെ റണ്‍ ചേസില്‍ ധോണിയും ജഡേജയും അവസാന ഓവറുകളില്‍ ബാറ്റ് ചെയ്തപ്പോള്‍ 2.2കോടി ആളുകളാണ് ജിയോ സിനിമയിലൂടെ മത്സരം തത്സമയം കണ്ടത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.
വ്യാഴാഴ്ചത്തെ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബും സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തോറ്റു. ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിനായിരുന്നു പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്.