നിമിഷ സജയന്റെ റോളില്‍ ഐശ്വര്യ രാജേഷ്, തമിഴിലും തരംഗമാകാന്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
Film News
നിമിഷ സജയന്റെ റോളില്‍ ഐശ്വര്യ രാജേഷ്, തമിഴിലും തരംഗമാകാന്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th October 2022, 9:51 pm

സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്കിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം ആര്‍. കണ്ണനാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഐശ്യര്യ രാജേഷിനെ കൂടാതെ സുരാജ് അവതരിപ്പിച്ച പ്രധാന കഥാപാത്രത്തിന്റെ റോളില്‍ എത്തുന്നത് രാഹുല്‍ രവീന്ദ്രനാണ്.

ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണന്‍. ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്കിനുള്ള അവകാശം വാങ്ങിയിരിക്കുന്നതും കണ്ണനാണ്.

ബാലസുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സവരി മുത്തുവും ജീവിതയും ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലിയോ ജോണ്‍പോള്‍ എഡിറ്റിങ്ങും രാജ്കുമാര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ജെറി സില്‍വെസ്റ്റര്‍ വിന്‍സെന്റാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

കൊവിഡ് കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ മലയാള സിനിമകള്‍ വലിയ പേര് നേടിയതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഒ.ടി.ടി രംഗത്തെ തുടക്കക്കാരായ നീസ്ട്രീം എന്ന പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. തുടര്‍ന്ന് ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തു.

കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ചയും കൊണ്ട് ആദ്യ ദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബി.ബി.സി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.

പുരുഷ കേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തെക്കുറിച്ച് ലളിതമായ ഭാഷയില്‍ ഉള്‍ക്കാഴ്ച പകര്‍ന്ന ചിത്രം സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച തിരക്കഥ(ജിയോ ബേബി), മികച്ച ശബ്ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും മികച്ച നടിക്കും നടനുമുള്ള പുരസ്‌കാരങ്ങള്‍ക്കായും പരിഗണിക്കപ്പെട്ടിരുന്നു. മികച്ച സംവിധായകനുള്ള പദ്മരാജന്‍ പുരസ്‌കാരം ചിത്രം ജിയോ ബേബിക്ക് നേടിക്കൊടുത്തിരുന്നു. ഐ.എം.ഡി.ബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റിലും ചിത്രം ഇടം പിടിച്ചിരുന്നു.

Content Highlight: The Great Indian Kitchen Tamil Remake Trailer Out