ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഗൗരവമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നു എന്നതുകൂടിയാണ് ഈ സിനിമയുടെ പ്രത്യേകത.
മലയാള സിനിമ ഇന്നോളം അവതരിപ്പിച്ച വീട്ടുജോലിക്കാരികളായ കഥാപാത്രങ്ങളെ കൂടി പൊഴിച്ചെഴുതുകയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലെ ഉഷ എന്ന വീട്ടുജോലിക്കാരി. ജാതീയമായ അവഹേളനങ്ങള്‍ക്ക് വിധേയമാവുന്ന, വീട്ടുടമസ്ഥരുടെ ചീത്തവിളികള്‍ കേള്‍ക്കേണ്ടിവരുന്ന, ആഞ്ജാപനത്തിനു മുന്‍പില്‍ അനുസരണയോടെ നില്‍ക്കേണ്ടി വരുന്ന, അടുക്കളയിലെ മുഴുവന്‍ പണികള്‍ക്കൊടുക്കം ചായ്‌വിലിരുന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്ന വീട്ടുജോലിക്കാരിയുടെ സ്ഥിരം വാര്‍പ്പു മാതൃകയല്ല ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ഉഷ.
ആര്‍ത്തവ സമയത്ത് മാറ്റിനിര്‍ത്തുന്ന ആചാരങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, ജീവിക്കണമെങ്കില്‍ പണിയെടുക്കണമെന്ന് പറഞ്ഞുകൊണ്ട് വീട്ടുജോലിയ്ക്ക് പോവുന്ന ഒരു കീഴാള സ്ത്രീയുടെ ജീവിത സാഹചര്യങ്ങളെ സിനിമയില്‍ വരച്ചുകാട്ടുകയാണ് സംവിധായകന്‍. ഉഷ എന്ന കഥാപാത്രം ഒരേ സമയം ജാതിവിവേചനത്തെയും, തൊഴിലാളി ജീവിതത്തെയും, ജീവിതത്തിന്റെ ഇല്ലായ്മകളോട് പോരാടുന്ന ജീവിതങ്ങളെയും സ്‌ക്രീനില്‍ എത്തിയ്ക്കുന്നു.
തന്‍മയത്വത്തോടുകൂടി ഉഷ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ച നടി ആരാണെന്ന തരത്തില്‍ നവമാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കോഴുക്കോട്ടുകാരിയായ കബനിയാണ് ഉഷയായി സ്‌ക്രീനിലെത്തിയത്. സ്‌കൂള്‍ കാലഘട്ടം മുതലെ തെരുവുനാടകങ്ങള്‍ ചെയ്തും പിന്നീട് സ്റ്റേജ് നാടകങ്ങളില്‍ അഭിനയിച്ചും വിരലിലെണ്ണാവുന്ന സിനിമകളില്‍ മുഖം കാണിച്ചുമുള്ള അഭിനയ പരിചയ മികവിലാണ് കബനി ഉഷയായി മാറിയത്.
നടന്‍ ശ്രീനിവാസനൊപ്പം കബനി
ആചാരങ്ങളിലും അധികാരങ്ങളിലും പാരമ്പര്യവാദങ്ങളിലും അകപ്പെട്ട സ്ത്രീകഥാപാത്രങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന സിനിമയെ സ്വന്തമായ രാഷ്ട്രീയ തീരുമാനങ്ങളും നിലപാടുകളും കൊണ്ട് കീഴ്‌മേല്‍ മറിച്ച വീട്ടുജോലിക്കാരിയായ കഥാപാത്രമാണ് ഉഷ എന്ന് വേണമെങ്കില്‍ പറയാം. ഉഷയെക്കുറിച്ച് കബനിയ്ക്ക് പറയാനുള്ളതും അതു തന്നെയാണ്. നിലപാടുകളില്‍ താനും ഒരു ഉഷയാണെന്ന് കബനി പറയുന്നു.
‘ജീവിതത്തോട് പടപൊരുതി ജീവിക്കേണ്ട സാഹചര്യത്തില്‍ ഒന്നിനെയും കൂസാതെ ജോലിയ്ക്ക് ഇറങ്ങിപുറപ്പെട്ട സ്ത്രീയാണ് ഉഷ. നമുക്കൊക്കെ ആര്‍ത്തവമുണ്ടോ എന്ന് പോലും അറിയാനുള്ള താത്പര്യം ആര്‍ക്കും അറിയില്ലെന്ന് പറയുന്ന ഉഷ കേരളത്തില്‍ ഇന്നും അവസാനിക്കാത്ത ജാതി വ്യവസ്ഥയുടെയും പൊളിഞ്ഞു വീഴുന്ന ആചാരമൂല്യങ്ങളുടെയും പ്രതീകമാണ്. ജിയോ ബേബി എന്ന സംവിധായകന്റെ ബോധപൂര്‍വ്വമുള്ള ഇടപെടലാണ് ഉഷ എന്ന കഥാപാത്രം പറയുന്ന രാഷ്ട്രീയം. ജോലി ചെയ്യുമ്പോള്‍ ഉഷ പാടുന്ന പാട്ടുപോലും അവരുടെ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്’. കബനി പറയുന്നു.
നടന്‍ മധുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെണ്‍കൂട്ട് എന്ന സംഘടനയില്‍ പ്രവര്‍ത്തിയ്ക്കുന്ന വ്യക്തി കൂടിയാണ് കബനി. അതുകൊണ്ടു തന്നെ മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീജീവിത കാഴ്ചകള്‍ തനിക്ക് അപരിചിതമായ ഒന്നല്ലെന്നും കബനി പറയുന്നു.
കബനി
കഥാപാത്രം വലുതാണോ ചെറുതാണോ എന്നു നോക്കി അഭിനയിക്കാനല്ല ഇഷ്ടമെന്നും മറിച്ച് സമൂഹത്തോട് സംസാരിക്കുന്ന കഥാപാത്രങ്ങളെയാണ് താന്‍ തേടുന്നതെന്നും ഇവര്‍ പറയുന്നു. പരീത് പണ്ടാരി, അരവിന്ദന്റെ അഥിതികള്‍, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലെല്ലാം ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സാമൂഹ്യപ്രവര്‍ത്തക കൂടിയായ കബനി.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഉഷയെന്നും അതുകൊണ്ടു തന്നെ ആസ്വദിച്ചാണ് ഓരോ സീനിലും അഭിനയിച്ചതെന്നും കബനി പറയുന്നു. കബനിയുടെ മകളും സിനിമയില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചുണ്ട്. ശബരിമല വിധിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചത് കബനിയുടെ മകള്‍ സൈറയാണ്.
ഭര്‍ത്താവ് വിജീഷിനും മകള്‍ സൈറയ്ക്കും ഒപ്പം
ഭര്‍ത്താവായ വിജീഷും നാടകപ്രവര്‍ത്തകനാണ്. കലാകുടുംബമായതുകൊണ്ടു തന്നെ വലിയ പിന്തുണയാണ് കുടുംബാംഗങ്ങളില്‍ നിന്നും കിട്ടുന്നതെന്ന് കബനി പറയുന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ അടുക്കളയിലെ സ്ത്രീജീവിതത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് കബനി. ഒപ്പം ഉഷയുടെ അഭിനയമികവിനുള്ള അഭിനന്ദനങ്ങള്‍ തന്നെത്തേടിയെത്തുന്നതിന്റെ സന്തോഷത്തിലും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.