| Sunday, 17th January 2021, 10:23 pm

'ഒട്ടും വിപ്ലവകരമായ തീരുമാനമായിരുന്നില്ല അത് വെറും കോമണ്‍സെന്‍സ് മാത്രമായിരുന്നു'; സംവിധായകന്‍ ജിയോ ബേബി സംസാരിക്കുന്നു

അശ്വിന്‍ രാജ്

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് നീം സ്ട്രീം എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസ് ചെയ്തത്.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയാണ് സിനിമയെ കുറിച്ച് ഉയര്‍ന്നുവന്നിരിക്കുന്നത്. ചിത്രത്തിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്ത് എത്തുന്നുണ്ട്.

സൂക്ഷ്മാര്‍ത്ഥത്തില്‍ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ചിത്രത്തെക്കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.

താങ്കളുടെ ഏറ്റവും പുതിയ സിനിമ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ അഥവാ മഹത്തായ ഭാരതീയ അടുക്കള ഇപ്പോള്‍ ഒ.ടി.ടി.യില്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതയുമൊക്കെ ഈ സിനിമയെ കുറിച്ച് നടന്നുവരുന്നുണ്ട്. ഈ ചര്‍ച്ചകളൊക്കെ ശ്രദ്ധിച്ചിരുന്നോ? എന്ത് തോന്നുന്നു?

തീര്‍ച്ചയായും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്, സ്ത്രീകളടക്കം നിരവധി പേര്‍ ഈ സിനിമയെ കുറിച്ച് ചര്‍ച്ച ചെയുന്നുണ്ട്. ഇതുവരെ എഴുതാത്ത സ്ത്രീകള്‍ പോലും സിനിമയെ കുറിച്ച് എഴുതുന്നു. ഇതെല്ലം പരമാവധി ഫോളോ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.

ഈ സിനിമ ആളുകള്‍ ചര്‍ച്ച ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. എന്നാല്‍ ഇത്രമാത്രം ഏറ്റെടുക്കുമെന്നോ ആഘോഷിക്കുമെന്നോ ഞങ്ങളുടെ ടീം വിചാരിച്ചിരുന്നില്ല അതിന്റെയൊരു എക്‌സൈറ്റ്മെന്റിലാണിപ്പോള്‍.

ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത് കൊവിഡ് കാലത്താണ്, എങ്ങനെയായിരുന്നു സിനിമയുടെ ആരംഭം? പ്രാരംഭ ചര്‍ച്ചയും ഈ ആശയവുമൊക്കെ വരുന്നത് ഏത് സമയത്തായിരുന്നു?

അടുക്കള കേന്ദ്രീകരിച്ച് ഒരു സിനിമയ്ക്ക് സാധ്യതയുണ്ടെന്നും, അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നതും 2017 ലാണ്. അടുക്കളയില്‍ ഒരുപാട് സമയം എനിക്ക് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴാണ് അടുക്കള എന്നത് കുക്കിംഗ് മാത്രമല്ല, അതിനകത്ത് ഒരുപാട് കാര്യങ്ങളുണ്ട്, ഉത്തരവാദിത്തമുണ്ട്, ഒരുപാട് ശ്രദ്ധവേണ്ട പരിപാടിയാണ് എന്നൊക്കെ മനസിലായത്.

അതിലേക്കിറങ്ങി കഴിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഫ്രസ്‌ട്രേറ്റഡ് ആയിപോയിരുന്നു. അടുക്കള, വീടിന്റെ മൊത്തം ക്ലീനിങ്, അടുക്കള ജോലികള്‍, വെയിസ്റ്റ് മാനേജ്മന്റ്, അത്തരത്തില്‍ ഇറിറ്റേഷന്‍ ഉണ്ടായിക്കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ കേറുന്നത് തന്നെ എനിക്ക് വെറുപ്പായി പോയി. പക്ഷെ അങ്ങോട്ട് കേറാതിരിക്കാനും കഴിയില്ല.

എന്റെയും ഭാര്യയുടേതും ഒരു കൂട്ടുത്തരവാദിത്വം ആണ്. കുട്ടികളുണ്ടെങ്കില്‍ ജോലി കൂടും. അങ്ങനെയൊരു സമയത്താണ് സിനിമയുടെ ആലോചന തുടങ്ങിയത്. എനിക്ക് വിവാഹം കഴിഞ്ഞ ഒരു സഹോദരിയുണ്ട്. അവള്‍ അവളുടെ അനുഭവങ്ങളും പങ്കുവെയ്ക്കുമായിരുന്നു.

ഞങ്ങളെല്ലാവരും ഒരുമിച്ചിരുക്കുമ്പോഴെല്ലാം അടുക്കള ഒരു ചര്‍ച്ചയായി വരാറുണ്ട്. അടുക്കളയെ കേന്ദ്രീകരിച്ച് ഞാനൊരു സിനിമ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ തന്നെ അനിയത്തി എക്സൈറ്റഡ് ആയിരുന്നു.

ഇവരെല്ലാവരും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. പല രീതിയിലുള്ള ക്രീയേറ്റീവ് ആയ ആശയങ്ങള്‍ വന്നു. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്. എന്റെ ഭാര്യയുമായിട്ടാണ് ഏറ്റവും കൂടുതല്‍ ഈ ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നത്.

2017 മുതല്‍ പല രീതിയില്‍ ഈ സിനിമയെക്കുറിച്ച് ആലോചിച്ചിരുന്നു. അടുക്കളയെ മാത്രം വെച്ചൊരു സിനിമ ചെയ്യാന്‍ പറ്റുമോ എന്നുള്ള രീതിയിലായിരുന്നു സിനിമ തുടങ്ങിയത്. അതാണ് ഇന്ന് കാണുന്ന ഒരു ഫോമിലേക്ക് വന്നത്. എന്റെ വീട്ടിലെ അനുഭവം മാത്രമല്ല എന്റെ ഭാര്യയുടെ വീട്ടിലെ, അനിയത്തിയുടെ വീട്ടിലെ പിന്നെ എന്റെ ചില സ്ത്രീ സുഹൃത്തുക്കളുടെ വീട്ടിലെ കാര്യങ്ങളെല്ലാം ഇതില്‍ വന്നിട്ടുണ്ട്.

പൊതുവെ സ്ത്രീപക്ഷ സിനിമകള്‍ പലപ്പോഴും മലയാളത്തിലൊക്കെ സംഭവിക്കുന്നത് പുരുഷന്റെ കണ്ണിലൂടെ കാണുന്ന സ്ത്രീപക്ഷമാണ്. പക്ഷെ ഈ സിനിമ കാണുന്ന സമയത്ത് ഒരു പുരുഷന്‍ ചെയ്ത സിനിമ എന്നതിനപ്പുറത്തേക്ക് വ്യക്തമായ സ്ത്രീപക്ഷം നിലനില്‍ക്കുന്നുണ്ട്. കൃത്യമായ രാഷ്ട്രീയം കടന്നുവരുന്നുണ്ട്. ഈ സിനിമയുടെ ചര്‍ച്ചകളില്‍ സ്ത്രീകളുടെ ഒരു ഇടപെടല്‍ എത്രത്തോളം ഉണ്ടായിരുന്നു?

ഒരുമിച്ചിരുന്നുകൊണ്ടുള്ള ചര്‍ച്ചയില്‍ പ്രധാനമായും ഭാര്യ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പിന്നെ അപൂര്‍വമായി സഹോദരി വരുമ്പോഴും ചര്‍ച്ചകള്‍ ഒന്നുകൂടെ ശക്തമാകാറുണ്ടായിരുന്നു. പിന്നെ ഉണ്ടായിരുന്നത് സുഹൃത്തുക്കളായിരുന്നു. ഓണ്‍ലൈന്‍ സൗഹൃദങ്ങളില്‍ വരുന്ന സ്ത്രീകള്‍, അല്ലാതെയുള്ള പെണ്‍സുഹൃത്തുക്കള്‍ അവരോടൊക്കെ ഇങ്ങനൊരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു ൃകൊണ്ട് തന്നെ ഡിസ്‌കസ് ചെയ്തിരുന്നു.

അവര്‍ക്കൊക്കെ ഒരുപാട് കഥകള്‍ പറയാനുണ്ട്, ഓരോ വീടിന്റെ അടുക്കളകളും വ്യത്യസ്തമാണ്. അനുഭവങ്ങള്‍ വ്യത്യസ്തമാണ്. അങ്ങനെയുള്ള ചര്‍ച്ചകളാണ് സ്ത്രീകളുടെ ആംഗിളില്‍ നിന്ന് കാണാന്‍ സഹായിച്ചതെന്ന് ഞാന്‍ കരുതുന്നു.

എന്റെ ആദ്യത്തെ സിനിമ തന്നെ ‘രണ്ടു പെണ്‍കുട്ടികള്‍’ ആണ്. അതും സ്ത്രീകളുടെ പ്രശ്‌നം തന്നെയാണ് പറഞ്ഞിരുന്നത്. ഞാനും എന്റെ അനിയത്തിയും തമ്മില്‍ ചെറുപ്പം തൊട്ടേ വലിയ ബന്ധമായിരുന്നു. അവളെ എനിക്ക് പലപ്പോഴും മിസ് ചെയ്യുമായിരുന്നു. ഞാന്‍ ചിലപ്പോള്‍ സിനിമ കാണാന്‍ പോകുമ്പോള്‍ അവളെ കൊണ്ടുപോകാറില്ല, രാത്രി തനിച്ച് ഞാനെങ്ങോട്ടെങ്കിലും പോകുമ്പോള്‍ എനിക്ക് അവളെ കൊണ്ടുപോകാന്‍ പറ്റാറില്ല.

അതിന്റെയൊക്കെയൊരു മിസ്സിംഗും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എന്റെ ചെറുപ്പം തൊട്ടേ ഞാനും വീട്ടില്‍ അടുക്കളയിലൊക്കെ സഹായം ചെയേണ്ടിവരുമായിരുന്നു. ഇതിലെ ഏറ്റവും വലിയ പ്രശ്‌നം ഹെല്‍പ്പ്് ചെയുന്നത് ഒരു വലിയ സപ്പോര്‍ട്ട് ആകുമ്പോള്‍ പോലും ഈ ഒരു ഉത്തരവാദിത്വത്തിന്റെ ഭാഗം ആണുങ്ങളുടെ തലയില്‍ വരുന്നില്ല. അത് ഞാന്‍ സ്വതന്ത്രമായോ അല്ലെങ്കില്‍ എന്റെ കുടുംബത്തിലോ കുക്ക് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഇതിന്റെ ഭീകരത എനിക്ക് മനസ്സിലാകുന്നത്.

സ്വാഭാവികമായി നമ്മള്‍ സ്ത്രീകളെ കുറിച്ചും അവരുടെ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ ചിന്തിച്ചുപോകും. അതുകൊണ്ടൊക്കെ ആയിരിക്കണം എല്ലാവരും പറയുന്നത് ഇതിന് ഫീമെയ്ല്‍ പെര്‍സ്‌പെക്റ്റീവ് ഉണ്ടെന്ന്.

ഈ സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരത്തില്‍ ചര്‍ച്ച ഡിവൈഡ് ചെയ്തു പോകുന്നുണ്ട്. അതിലൊന്ന് ‘Not all Men’ എന്ന തരത്തില്‍ ആണ്, അതേസമയം പുരുഷന്മാര്‍ തിരിച്ചറിയേണ്ട കാര്യങ്ങളാണെന്നും തിരുത്തേണ്ടതുണ്ടെന്നും ചര്‍ച്ചകള്‍ ഉണ്ട്, അതുപോലെ ഏറ്റവും രസകരമായ ഒന്ന് ഇതൊരു ‘കമ്മി പ്രൊപ്പഗാണ്ട’ സിനിമയാണെന്നുള്ള വിമര്‍ശനങ്ങളാണ്. ഇതുപോലുള്ള വിമര്‍ശനങ്ങളെയും അതേസമയം പോസിറ്റീവ് സംവാദങ്ങളെയും എങ്ങനെയാണ് വിലയിരുത്തുന്നത്?

സിനിമയുടെ കണ്ടന്റിനെക്കുറിച്ചും ഫോമിനെ കുറിച്ചുമുള്ള സത്യസന്ധമായ വിമര്‍ശനങ്ങള്‍ ഞാന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതല്ലാതെ ഇതൊരു പ്രൊപ്പഗാണ്ട സിനിമയെന്ന് പറഞ്ഞാലൊന്നും ഞാന്‍ സമ്മതിച്ചു തരില്ല. ഇന്നുതന്നെ എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞത് ‘അളിയാ ഞാനിനി കഴിച്ച പത്രങ്ങളൊക്കെ കഴുകി വെയ്ക്കും’ എന്നാണ് കഴിച്ച പത്രമൊക്കെ കഴുകി വെയ്ക്കുന്നത് മര്യാദയുടെ ഭാഗമാണ്.

അതൊന്നും ഒരു സ്ത്രീയ്ക്കും സഹായകരമാകുന്ന കാര്യമല്ല. അയാള്‍ കഴിച്ചത് ഒരു പാത്രമായിരിക്കും പക്ഷെ അതേ സ്ഥലത്ത് ഒരു നാല് പാത്രം വേറെ ഉണ്ടാകും. അതുണ്ടാക്കാന്‍ വേറെ പാത്രങ്ങളുമുണ്ടാകും. ആ സ്ഥലം ക്ലീന്‍ ചെയ്യണം. ഭക്ഷണം ഉണ്ടാക്കണം. അങ്ങനെ ഇതൊരു വലിയ പ്രോസസ്സ് ആണ്. ആ പ്രോസസ്സില്‍ പൂര്‍ണമായും ഭാഗമാകാതെ നിങ്ങളെങ്ങനെയാണ് അതിനെ സഹായിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

ഈ സിനിമ കണ്ട് മാറണമെന്നുള്ളവര്‍ അടുക്കളയില്‍ പോയി ജോലി ചെയ്യണം. നമ്മളൊരു സ്ഥലത്തിരുന്ന് ചായ കുടിക്കുമ്പോഴാണല്ലോ അത് ആസ്വാദ്യകരമാകുന്നത്. നിങ്ങള്‍ ഒരു ദിവസം ചായ ഉണ്ടാക്കുന്നതല്ല, 365 ദിവസവും അതുണ്ടാക്കുമ്പോഴുണ് കൊണ്ടുകൊടുക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസിലാവുക.

ഒരു കസേരയില്‍ ഇരുന്ന് ചായ കുടിക്കുമ്പോഴും ഫോണ്‍ നോക്കുമ്പോഴും പത്രം വായിക്കുമ്പോഴൊക്കെ വളരെ രസകരമാണ്. എല്ലാ ദിവസവും ചെയ്യുമ്പോഴാണ് അത് ദുരിതമാവുന്നത്. അത് ആ അനുഭവത്തിലൂടെ കടന്നു പോകുമ്പോഴേ മനസ്സിലാകൂ. ഇവര്‍ക്ക് ഒരു പാത്രം കഴുകി വെച്ച് തിരിച്ചു വരാം. അതുപോലെ എപ്പോഴെങ്കിലും കുക്ക് ചെയാം അതൊക്കെ അവരുടെ സൗകര്യങ്ങളാണ്.

ബാച്ച്ലര്‍ ലൈഫില്‍ കുക്കിംഗ് എന്‍ജോയ് ചെയ്തുകൊണ്ടിരുന്ന മനുഷ്യനാണ് ഞാന്‍. കാരണം നമുക്കിഷ്ടമുള്ളപ്പോള്‍ മതി. ആരും നമ്മളെ നിര്‍ബന്ധിക്കില്ല. വീട്ടിലെ ജോലി പക്ഷേ അങ്ങിനെയല്ല. ഭാര്യക്കോ അമ്മയ്‌ക്കോ അനിയത്തിക്കോ വേറെ ചോയ്‌സ് ഇല്ല. എന്നും ഈ പണി ചെയ്‌തെ പറ്റൂ.. അതിനിടയില്‍ പോയി ഒരു പച്ചക്കറി അരിഞ്ഞു കൊടുക്കുന്നതോ പാത്രം കഴുകുന്നതോ ഒന്നും ഒരു പുരുഷന്റെ പാര്‍ട്ടിസിപ്പേഷന്‍ അല്ല.

അതിനെയല്ലല്ലോ സമത്വം എന്ന് പറയുന്നത്. ഇത്തരം വീടുകളില്‍ നിന്ന് വരുന്ന ആള്‍ക്കാരാണ് സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെ കുറിച്ചുമൊക്കെ പറയുന്നത്. എന്ത് യോഗ്യതയാണ് അവര്‍ക്കുള്ളത്. എനിക്കു തോന്നുന്നു 99% വീടുകളിലും ഇങ്ങനെയൊക്കെ തന്നെയാണ്. എല്ലാ ദിവസവും അടുക്കളയില്‍ കേറി ജോലി ചെയുന്ന ആണുങ്ങളെ ഞാന്‍ കണ്ടിട്ടില്ല. ഉണ്ട് വളരെ ചുരുക്കം. ഈ സിനിമയുടെ റിലീസ് കഴിഞ്ഞ് ഒന്നു ണ്ടു പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കറിയാവുന്ന മറ്റൊരാളുണ്ട്. എല്ലാ ദിവസവും അമ്മയെ പോലെയോ ഭാര്യയെ പോലെയോ അടുക്കളയില്‍ കയറി കഷ്ടപ്പെടുന്ന ആളെ എനിക്കറിയാം.

ഇതുപോലെ ചുരുക്കം ചിലര്‍ അടുക്കളയില്‍ കയറി ഭാര്യയെ സഹായിച്ചാല്‍ പുറംലോകത്ത് ഇവരുടെ സൗഹൃദ വലയത്തിലുള്ളവര്‍ കളിയാക്കുന്ന സാഹചര്യങ്ങളുണ്ട്. ഒരു ആണ്‍കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ തന്നെ ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നൊക്കെ പറയുന്ന ഒരു സമൂഹം നമ്മുടെ ചുറ്റുമുണ്ട്. ഇത്തരത്തില്‍ ആണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ നമ്മുടെ സമൂഹത്തിനു എത്രത്തോളം പങ്കുണ്ട്?

അടുക്കളയില്‍ കയറി ഒരു ആണ്‍കുട്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ അവനെ വഴക്കു പറയും. അങ്ങനെയുള്ള ആള്‍ക്കാരെ എനിക്കറിയാം. നമ്മുടെ കുടുംബത്തിലും സുഹൃത്തുക്കളുടെ കുടുംബത്തിലുമൊക്കെ ഉണ്ട് ഇതുപോലുള്ള ആളുകള്‍. ഒന്നാമത്തെ കാര്യം അറിവില്ലായ്മ തന്നെയാണ്.

നമ്മള്‍ ജനിച്ചു വീഴുന്ന നിമിഷം മുതല്‍ മറ്റാരോ തീരുമാനിക്കുന്ന രീതിയിലാണ് വളരുന്നത്. നമ്മുടെ സമൂഹവും വീടുമൊന്നും കറക്റ്റഡ് അല്ല. ജനിച്ചു വീഴുമ്പോള്‍ തന്നെ ഒരു മതം കൊടുക്കുന്നു, അതിന്റെ ചുറ്റുപാടിലാണ് പിന്നെ വളരുന്നത്. പല മതങ്ങളും പ്രശ്‌നമാണ്. മതങ്ങളൊക്കെ സ്ത്രീകളെ വളരെ വില കുറഞ്ഞതായിട്ടാണ് കാണുന്നത്.

ഇതു ശരിയാണെന്ന് വെച്ച് കാലാകാലം മനുഷ്യന്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു ജോലിയുള്ള പെണ്ണ് സ്വതന്ത്രയെന്ന് എല്ലാവരും പറയുന്നു. പക്ഷെ ജോലി കഴിഞ്ഞു വന്ന് അവള്‍ ഈ പണികള്‍ മൊത്തം എടുക്കണം. ഇന്ന് ഞാന്‍ കമന്റുകളില്‍ വായിച്ചത് പീരിയഡ്സ് ആയാല്‍ പോലും മാറ്റി നിര്‍ത്തുന്നില്ല എന്നൊക്കെയാണ്. അതെന്താണെന്ന് വെച്ചാല്‍ ഇന്ന് ന്യൂക്ലിയര്‍ ഫാമിലി ആയതുകൊണ്ടാണ്. സ്ത്രീകള്‍ അടുക്കളയില്‍ കയറാഞ്ഞാല്‍ അവര്‍ക്ക് ഭക്ഷണം കിട്ടില്ല എന്നുളത്കൊണ്ട് പറയുന്ന പുരോഗമനം ആണത്. ഇതിനെ കുറിച്ച് അന്വേഷിച്ചിട്ടും പഠിച്ചിട്ടുമൊക്കെയാണ് ഈ സിനിമ ചെയ്തിട്ടുള്ളത് അതുകൊണ്ട് തന്നെ നല്ല വ്യക്തമായ ധാരണയുണ്ട്.

സിനിമയില്‍ ഒരു അമ്മായിയുടെ കഥാപാത്രം വരുന്നുണ്ട്. പൊതുവെ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ആദ്യം ചര്‍ച്ച ചെയ്യപെടുന്നത് സ്ത്രീകള്‍ക്കിടയില്‍ തന്നെയാണ് അത് ഏറ്റവും കൂടുതല്‍ മനസിലാവുക സ്ത്രികള്‍ക്കാണ് എന്നുള്ളത്. പക്ഷെ നമ്മുടെ സമൂഹത്തിന്റെ കാര്യം വരുന്ന സമയത് പലപ്പോഴും ഇത്തരം ആചാരങ്ങളും സമ്പ്രദായിക രീതികളുമൊക്കെ പിന്തുടരാന്‍ വേണ്ടി നിര്‍ബന്ധിക്കപ്പെടുന്നത് അല്ലെങ്കില്‍ അടുത്ത തലമുറയിലേക്ക് ഇത് പകര്‍ന്നുകൊടുക്കുന്നതുമെല്ലാം സ്ത്രീകളിലൂടെ തന്നെയാണ്. അതെന്തുകൊണ്ടായിരിക്കാം?

നമ്മള്‍ ജനിക്കുന്നത് മുതല്‍ നമ്മളെ സ്വതന്ത്രമായി ചിന്തിക്കാന്‍ മതങ്ങള്‍ സമ്മതിക്കില്ല. നമ്മളൊരു സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ് വളരുന്നത്. അതുപോലൊരു സിസ്റ്റത്തിന്റെ ഭാഗമാണ് ഈ അമ്മായിയൊക്കെ. അവര്‍ക്കൊന്നും അവര്‍ പെട്ടുപോയതാണെന്നോ അവരിതിന്റെ ഇരകളാണെന്നോ അറിയില്ല.

അവരുടെ ഉള്ളിലുള്ള വിശ്വാസമാണ് ഇതൊക്കെ കാത്തുസൂക്ഷിക്കണം എന്നൊക്കെയുള്ളത്. ഇതൊക്കെ ആണുങ്ങളുടെ അഹന്തയില്‍ നിന്നുണ്ടാകുന്ന പരിപാടികളാണ്. അതിനെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ അവര്‍ക്കില്ല. ഇങ്ങനത്തെ ആളുകള്‍ എല്ലായിടത്തുമുണ്ട് അവര്‍ എല്ലാ കാര്യത്തിലും കേറി ഇടപെടും. ഉദാഹരണത്തിന് പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടിയോട് അടുത്തതെന്താ പഠിക്കുന്നത്? എന്ന് ചോദിക്കുമ്പോള്‍ ഞാനിന്ന കോഴ്സിനാണ് പഠിക്കുന്നതെന്ന് പറഞ്ഞാല്‍ അതിനുപോകേണ്ട അതിനുപോയാല്‍ ജോലി കിട്ടില്ല എന്ന് പറയുന്നവരുണ്ട്. അങ്ങനെ ഇവരുടെയൊക്കെ അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അപ്പോള്‍ അവിടെയൊക്കെ ഇവര് അറിഞ്ഞും അറിയാതെയുമൊക്കെ ഈ പണി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ളവരില്‍ നിന്ന് ഓടി രക്ഷപ്പെടാനാണ് പെണ്‍കുട്ടികള്‍ ശ്രമിക്കേണ്ടത്.

ഈ സിനിമയുടെ കഥാപാത്രങ്ങള്‍ നോക്കുകയാണെങ്കില്‍ അതിനപ്പുറത്തേക്ക് ഒരു ഓപ്ഷനില്ല എന്ന് തോന്നുന്ന രീതിയിലാണ് സുരാജിന്റെയും നിമിഷയുടെയും, അമ്മായി അച്ഛന്‍ കഥാപാത്രം ചെയ്ത സുരേഷ് ബാബു, ഇവരെയൊക്കെ ഈ കഥാപാത്രങ്ങളിലേക്ക് തിരഞ്ഞെടുത്ത പ്രോസസ്സ് എന്തായിരുന്നു?

2017 ല്‍ നമ്മളീ സിനിമ ആലോചിക്കുമ്പോഴേ എന്റെ ഭാര്യ പറഞ്ഞിരുന്നു നിമിഷ ഈ റോളില്‍ ആപ്റ്റ് ആയിരിക്കുമെന്ന്. 2020 ലാണ് ഈ സിനിമ ചെയാനുദ്ദേശിക്കുന്നത്. ഇത് നിമിഷയോട് പറയുന്നു ആള് ഓക്കേ പറയുന്നു. പിന്നെ ഒരു ഫൈനല്‍ സ്റ്റേജിലാണ് സുരാജേട്ടന്‍ വരുന്നത്. എന്നോട് പ്രൊഡ്യൂസര്‍ ഡിജോ ആണ് അദ്ദേഹത്തോട് കഥപറയണമെന്ന് പറഞ്ഞത്. പുള്ളി ഇത് ചെയ്യാന്‍ സാധ്യത കുറവായിരിക്കും എന്നാണ് ഞാനപ്പോള്‍ പറഞ്ഞത്. ഞാനദ്ദേഹത്തിനോട് കഥ പറഞ്ഞപ്പോ പുള്ളി ആവേശത്തോടെ കേള്‍ക്കുകയും നമ്മുക്കിത് ചെയ്യാമല്ലെയെന്ന് എന്നോടിങ്ങോട്ട് പറയുകയും ചെയ്തു. കൂടെ ഞാന്‍ ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇല്ല ചേട്ടന്‍ ചെയ്യൂ. അങ്ങനെ പുള്ളി ഓക്കേ പറഞ്ഞതാണ്.

അദ്ദേഹത്തിന്റെ സാമൂഹ്യ ബോധം എത്രമാത്രം ഉയര്‍ന്നതാണെന്ന് ഒന്ന് ആലോചിച്ചു നോക്കുക. എത്ര പേര്‍ ചെയ്യും ഇങ്ങനൊരു കഥാപാത്രം. അദ്ദേഹം അത്രയും മനോഹരമായി ഇതു ചെയ്തു. നമ്മള്‍ ഒരു ക്യാരക്ടര്‍ ഡിസൈന്‍ ചെയ്ത് അതിനകത്ത് പുള്ളി സമര്‍ത്ഥമായ കോന്‍ട്രിബ്യൂഷന്‍സ് കൊണ്ടുവന്നു മനോഹരമാക്കി തന്നു. ആ കാരക്ടറിനെ പുള്ളി വളര്‍ത്തി വലുതാക്കിയിട്ടുണ്ട്.

എന്നെ സംബന്ധിച്ച് അത് വളരെ വലിയൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. നിമിഷയും അതുപോലെതന്നെ. അവരെപ്പോഴും ഞാന്‍ കൊടുക്കുന്ന റഫറന്‍സില്‍ നിന്ന് കൊണ്ടായിരുന്നു ചെയ്തിരുന്നത്. രണ്ടുപേരുടെയും ബ്രില്ലിയന്റ് പെര്‍ഫോമെന്‍സ് ആയിരുന്നു.

കോഴിക്കോട് വെച്ചാണ് സിനിമ ഷൂട്ട് ചെയ്തിരുന്നത്. കോഴിക്കോട്ടെ സുഹൃത്തുക്കള്‍ വഴിയാണ് മറ്റ് ആളുകളെ കണ്ടെത്തിയത്. കപ്പേള സിനിമയുടെ ഡയറക്ടര്‍ മുസ്തഫ എന്റെ സുഹൃത്താണ്. സിനിമയിലെ അച്ഛന്‍ കഥാപാത്രത്തെയൊക്കെ മുസ്തഫയുടെ കോണ്ട്രിബ്യൂഷന്‍ ആണ്. അദ്ദേഹം ഇതിനുവേണ്ടി കാസ്റ്റിംഗില്‍ നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സുരാജേട്ടന്റെയും സുരേഷ് ബാബു ചേട്ടന്റെയും ഫോട്ടോ വെച്ചിട്ട് ഒരേപോലെയില്ലേ എന്നൊക്കെ പറയും. അങ്ങനെ പലരെയും കാസ്റ്റ് ചെയ്യുന്നത് മുസ്തഫ ആയിരുന്നു.

സിനിമയുടെ സ്‌ക്രിപ്റ്റില്‍ രണ്ട് പുതുമകളുണ്ടായിരുന്നു. ഒന്ന് ഇതിലെ കഥാപാത്രങ്ങള്‍ക്കാര്‍ക്കും പേരുകളില്ല. മാത്രമല്ല സ്‌ക്രിപ്റ്റ് വെച്ചുകൊണ്ട് മാത്രമാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. അതായത് സംഭാഷങ്ങളില്ലാതെ സ്‌ക്രിപ്റ്റ് കൊണ്ട് മാത്രം ആ സാഹചര്യത്തില്‍ ഇമ്പ്രോവൈസ് ചെയുന്ന രീതിയില്‍, ഇങ്ങനൊരു തീരുമാനമെടുക്കുന്നതിന് എന്തായിരുന്നു കാരണം?

കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ് പോലുള്ള സിനിമകളൊക്കെ ഞാന്‍ ഇങ്ങനെയാണ് ചെയ്തിരുന്നത്. ഡയലോഗ്‌സ് എഴുതാറില്ല. സ്‌ക്രിപ്റ്റിനകത്ത് എപ്പോഴും ഒരു ഫ്രീഡം ഉണ്ടാകും. ഉദാഹരണത്തിന് ഇതിന്റെയകത്ത് ഏറ്റവും അവസാനം കാണിക്കുന്ന ചില ഫോട്ടോസ് ഉണ്ടല്ലോ അത് ആ വീട്ടില്‍ ഉള്ള ഫോട്ടോസ് ആണ്.

അത് ഇതിനകത് ഉള്‍പ്പെടുത്തണം എന്ന് തോന്നുന്നത് ആ ലൊക്കേഷനില്‍ ചെന്നപ്പോഴാണ്. നമ്മുക്ക് സീന്‍ ഓര്‍ഡറുകളുണ്ട് നമ്മുക്കത് എപ്പോ വേണെമെങ്കിലും മാറ്റാം അതിന്റെ ഓര്‍ഡര്‍ ചേഞ്ച് ചെയാം. ഷൂട്ടിന്റെ സമയത്തുതന്നെ അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് ഞങ്ങള്‍ക്ക് ഭയങ്കര എളുപ്പമാണ്. സുരാജും നിമിഷയും ഇതുമായി ഭയങ്കര സിങ്ക് ആണ്. ഞങ്ങള്‍ക്കുമിഷ്ടമായിരുന്നു. സീന്‍ ഉണ്ട്. കീ ഡയലോഗ്‌സുമുണ്ടാകും. അതവര്‍ക്കനുസരിച്ച് പറയുന്നു.

ആദിഷ് പ്രവീണിന് കുഞ്ഞു ദൈവത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അതിനകത്ത് ഒരു ഡയലോഗ്‌സ് പോലും ഞാനെഴുതിയിട്ടില്ല. നല്ല അഭിനേതാക്കളെ സംബന്ധിച്ച് അത് നമ്മുക്ക് വര്‍ക്ഔട് ആയിട്ടുണ്ട്.

ഈ സിനിമയില്‍ അവസാനത്തെ ഒരു സീനുണ്ട്. അതായത് അമ്മായിയച്ചന്റെയും ഭര്‍ത്താവിന്റെയും മുഖത്തേക്ക് അടുക്കളയില്‍ നിന്ന് വേസ്റ്റ് വെള്ളമൊഴിക്കുന്ന നിമിഷയുടെ കഥാപാത്രം. അതുകഴിഞ്ഞ് കുറച്ചു നേരം കഥ മുമ്പോട്ടേക്ക് കാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ള ചര്‍ച്ചകളില്‍ അവിടെ വെച്ച് സിനിമ നിര്‍ത്താമായിരുന്നു എന്നുള്ള ചര്‍ച്ചകളും വരുന്നുണ്ട്. അവസാനത്തെ ഭാഗം സ്പൂണ്‍ ഫീഡിങ് ആണ് എന്നുള്ള ഡിസ്‌കഷനും, അല്ല അത് ആ സിനിമയ്ക്ക് ഏറ്റവും അത്യാവശ്യമാണ് എന്നുള്ള അഭിപ്രായങ്ങളും വന്നിട്ടുണ്ട്. അങ്ങനെയുള്ളൊരു തീരുമാനമെടുക്കാനുള്ള കാരണം എന്തായിരുന്നു?

ഡാന്‍സിനെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങളെ ഞാന്‍ സീരിയസ് ആയിട്ടാണ് എടുക്കുന്നത്. അതില്‍ കാര്യമുണ്ടെന്നുള്ള അര്‍ത്ഥത്തിലാണ് എടുക്കുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങുന്നിടത്ത് സിനിമ അവസാനിക്കുന്നതില്‍ ഒരു പോസ്സിബിലിറ്റി ഉണ്ട്. പക്ഷെ സുരാജിന്റെ ഈ ഒരു ലൈഫ് കാണിക്കണമെന്ന് എനിക്ക് വളരെ നിര്‍ബന്ധമുണ്ടായിരുന്നു. കാരണം എന്തൊക്കെ സംഭവിച്ചാലും ഇങ്ങനെ തുടരുന്ന ഒരു ജീവിതം അവിടെ ഉണ്ടെന്നുള്ളതും. അതുപോലൊരു ഫോട്ടോ അവിടെ വീണ്ടും വരുന്നുണ്ടെന്നുള്ളതും, വീണ്ടും ഒരു തലമുറ അങ്ങനെ വരുമെന്നുള്ളതും ഉറപ്പായുള്ള കാര്യമായിരുന്നു.

അതുകൊണ്ട് എനിക്കത് വേണമായിരുന്നു. ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ ഇന്‍ട്രസ്റ്റിംഗ് ഫാക്ട് എനിക്ക് സുരാജിന്റെ സെക്കന്റ് മാര്യേജ് ആണ്. ഡാന്‍സ് വിഷയങ്ങളില്‍ ഇപ്പൊ വരുന്ന വിമര്‍ശനങ്ങളോട് എനിക്ക് യോജിക്കാന്‍ പറ്റുന്നുണ്ട്. അതിന്റെ എഡിറ്റിംഗ് സമയത്തൊക്കെ സിനിമാറ്റോഗ്രാഫര്‍ ശാലുവും എഡിറ്റര്‍ ഫ്രാന്‍സിസും എന്തിനു ഞാന്‍ തന്നെ ഈ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷെ ഞങ്ങളത് വേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഇങ്ങനൊരു വിമര്‍ശനം ചിലപ്പോള്‍ വരാം അതിനെ ഞാന്‍ ആ രീതിയില്‍ തന്നെ ഉള്‍കൊള്ളുന്നു.

ഈ സിനിമ ഒരു ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയാം എന്നുള്ള തീരുമാനം എടുത്തത് എന്തുകൊണ്ടാണ്? അതും നീ സ്ട്രീം പോലുള്ള പുതിയ പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യാം എന്നുള്ളതും എന്തുകൊണ്ടാണ്?

ജനുവരിയിലായിരുന്നു എന്ന് തോന്നുന്നു ഞാന്‍ നിമിഷയോട് ഈ കഥപറയുന്നത്. മാര്‍ച്ച് ആയപ്പോഴേക്കും നമ്മള്‍ ലോക്ക്ഡൗണിലേക്ക് പോയല്ലോ. ആ സമയത്തൊക്കെ ഞാന്‍ ഈ സിനിമയുടെ ഫൈന്‍ ട്യൂണിങ്ങിലായിരുന്നു. ജൂലായിയിലാണ് സിനിമ തുടങ്ങുന്നത്. ഷൂട്ടിംഗ് പെര്‍മിഷന്‍സ് കൊടുത്തപ്പോള്‍ തന്നെ തുടങ്ങിയ സിനിമകളില്‍ ഒന്നായിരുന്നു ഇത്.

നമ്മള്‍ ചെയുന്ന ഈ സിനിമ എല്ലാ സ്വാതന്ത്ര്യത്തോടെയും ചെയ്യാനും പറയാനും പറ്റുന്ന തരത്തിലുള്ള സിനിമയായിരിക്കുമെന്ന് പ്ലാന്‍ ചെയ്തിട്ടാണ് തുടങ്ങിയത് തന്നെ. ഇതിന്റെ നിര്‍മാതാക്കള്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. എന്റെ സുഹൃത്തുക്കളാണ് ഈ സിനിമ നിര്‍മിച്ചത്. ഞങ്ങളൊരുമിച്ച് കോളേജില്‍ പഠിച്ചതാണ് അങ്ങനെയല്ലാത്തൊരു സ്‌പേസില്‍ ഈ സിനിമയ്ക്ക് നില നില്‍പ്പില്ല.

കാരണം മലയാളത്തില്‍ ഇവിടെ സിനിമ ചെയ്‌തോണ്ടിരിക്കുന്ന ഒരു പ്രൊഡ്യൂസറുടെ അടുത്തുപോയി പറഞ്ഞാല്‍ അവര്‍ക്കു ചിലപ്പോള്‍ ഈ സിനിമ മനസ്സിലാവണമെന്നില്ല. പ്രൊഡക്ഷന്‍ ഹൗസ് അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടുതന്നെ നമുക്ക് സ്വാതന്ത്ര്യത്തോട് കൂടെ സിനിമ ചെയ്യണം എന്ന തീരുമാനമെടുത്തിരുന്നു.

ഒ.ടി.ടി. റിലീസ് മതിയെന്നും തീരുമാനിച്ചിരുന്നു. കാരണം ജൂലൈയില്‍ തുടങ്ങുന്ന പടം ഒക്ടോബറോക്കെ ആകുമ്പോ ഫസ്റ്റ് കോപ്പി ആകുമെന്നറിയാം അപ്പോള്‍ തീയേറ്റര്‍ ഓപ്പണ്‍ ആകില്ലെന്നുമറിയാം പക്ഷെ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഏതാണെന്ന് തീരുമാനിച്ചില്ലായിരുന്നു.

നവംബര്‍, ഡിസംബര്‍ ആകുമ്പോഴേക്കും സിനിമ കഴിഞ്ഞിരുന്നു. നമ്മള്‍ പല പ്ലാറ്റ്‌ഫോമിനെയും സമീപിച്ചു. സിനിമ എടുക്കാന്‍ ആര്‍ക്കും താല്പര്യമില്ല. എന്താണെന്ന് എനിക്കറിയില്ല. ആമസോണ്‍ പ്രൈം സിനിമ കണ്ടിരുന്നു. അവര്‍ എടുക്കുന്നില്ലെന്ന് പറഞ്ഞു. കാരണം പറയില്ല അവര്‍. അവരുടെ ക്രൈറ്റീരിയയുമായി ഒത്തുപോകുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്താണെന്ന് ചോദിച്ചാല്‍ അവര്‍ക്കതിന് ഉത്തരവുമില്ല. സുരാജും നിമിഷയുമൊക്കെ മലയാളികള്‍ ഒരുപാട് ഇഷ്ടപെടുന്ന താരങ്ങളായത് കൊണ്ട് പല പ്ലാറ്റ്ഫോമില്‍ നിന്നും വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

ഇതിന്റെ പിന്നിലുള്ള ആരും വലിയ പണക്കാരൊന്നുമല്ല. ഓരോ സ്ഥലങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. ജോമോന്‍ ഐ.ടി മേഖലയിലാണ്, ഡിജോ കാനഡയിലാണ് സാജന്‍ അക്കൗണ്ടന്റാണ്, വിഷ്ണു കാനഡയിലാണ് ഇവരെല്ലാം കൂടെ കടം വാങ്ങിച്ചും സങ്കടിപ്പിച്ചുമുള്ള പണം കൊണ്ടാണ് ഈ സിനിമ ചെയ്തത്.

ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും റിലീസ് വേണം പണം കിട്ടണം എന്ന് നില്‍ക്കുമ്പോഴാണ് ഈ നീം സ്ട്രീം പ്ലാറ്റ്‌ഫോമിനെ കുറിച്ച് അറിയുന്നത്. അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. അവര്‍ വഴിയാണ് ഇത് ജനങ്ങളിലേക്ക് എത്തുന്നത്. നെറ്റ്ഫ്‌ലിക്സ്, ആമസോണ്‍ പോലെയുള്ളവയെ താരതമ്യം ചെയ്യാതെ നമ്മുടെ നാട്ടിലെ ചെറിയ ഒരു പ്രസ്ഥാനമായിട്ട് വേണം നമ്മളിപ്പോള്‍ ഈ നീം സ്ട്രീമിനെ കാണേണ്ടത്.

ഇന്നലെയൊക്കെ ലക്ഷകണക്കിന് വ്യൂവേഴ്‌സ് വന്നിട്ട് പ്ലാറ്റഫോം കുറച്ച് ഡൗണ്‍ ആയിരുന്നു. ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. ഇത്രമാത്രമൊരു ഇടിച്ചു കയറ്റമുണ്ടാകുമെന്ന് ഞങ്ങളും വിചാരിച്ചിരുന്നില്ല. പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് ഇപ്പോള്‍ നന്നായിട്ടു നടക്കുന്നുണ്ട്.

ഈ സിനിമ നടക്കുന്ന ഒരു കാലഘട്ടമുണ്ട്. ശബരിമല വിധിയും അതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. എന്തുകൊണ്ടാണ് ആ ഒരു കാലഘട്ടം തന്നെ കണ്ടെത്തിയത് ?

ഈ സിനിമ തുടങ്ങുമ്പോള്‍ എന്തെങ്കിലുമൊരു വളര്‍ച്ച സിനിമയ്ക്ക് വേണമെന്ന് തോന്നിയിരുന്നു. മാത്രമല്ല ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഒരു ഷിഫ്റ്റ് വേണമെന്ന് തീരുമാനിച്ചിരുന്നു. അതെങ്ങനെ ചെയ്യുമെന്ന് പല രീതിയില്‍ ആലോചിക്കുകയായിരുന്നു.

ആ സമയത്ത് ശബരിമല വിഷയം വരുകയായിരുന്നു. പക്ഷെ അപ്പോള്‍ ഞാനതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. പിന്നീടെപ്പോഴോ ആലോചിച്ചപ്പോഴാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ചരിത്ര പ്രധാനമായൊരു വിധിയാണ് അതെന്ന് തോന്നിയത്.

ഒരേ സമയത്ത് ആ വിധിയ്ക്ക് രണ്ട് വശങ്ങളുണ്ട്. ഒന്ന് നിങ്ങള്‍ക്ക് ശബരിമലയില്‍ പോകാം, രണ്ട് അതെന്തേ ഇത്ര കാലം അവര്‍ക്കു പോകാന്‍ പാടില്ലായിരുന്നോ എന്നുള്ള ചോദ്യം, നമ്മള്‍ക്കല്ല പുറത്തുള്ളവര്‍ക്കിതു കേട്ടാല്‍ ചിരി വരും.

എനിക്കനുഭവമുണ്ടായിട്ടുണ്ട്. ചിലര്‍ പറയുന്നത് സ്ത്രീകളോട് നിങ്ങള്‍ പോകേണ്ട എന്നാണ്. അതിനര്‍ത്ഥം വീട്ടിലിരുന്നാല്‍ മതി എന്നു തന്നെയാണ്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആ സമയത്ത് രണ്ട് സ്ത്രീകള്‍ പോയല്ലോ അവരോട് എനിക്ക് ബഹുമാനം തോന്നിയിരുന്നു. പലതിന്റെയും ശരിയാക്കല്‍ തുടങ്ങേണ്ടത് വീടുകളില്‍ നിന്നാണ്. ഈ വിഷയത്തെ സിനിമയുമായി കണക്ട് ചെയ്തു. അതെല്ലാവരോടും പറഞ്ഞപ്പോള്‍ കുഴപ്പമില്ല ഇങ്ങനെത്തന്നെ മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. ഇതിനു വീടുമായുള്ളൊരു ബന്ധത്തെ കുറിച്ച് പറഞ്ഞേപ്പോഴാണ് എല്ലാവര്‍ക്കും അത് കണക്ട് ആയത്.

താങ്കള്‍ സിനിമയിലേക്ക് വരുന്നത് ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ടാണ്. ആ ഹ്രസ്വചിത്രം കൊണ്ട് താങ്കളെ കോളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ടല്ലോ?, സ്വര്‍ഗാനുരാഗികളുടെ കഥ സിനിമയാക്കിയതിനായിരുന്നില്ലേ ആ പുറത്താക്കല്‍?

അത് 2007 ലാണ് സംഭവിക്കുന്നത്. കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍. ആ സമയത്ത് ഞങ്ങള്‍ സ്വര്‍ഗാനുരാഗികളുടെ കഥപറയുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ഫിലിം ചെയ്തിരുന്നു. ഒരു ഫിലിം ഫെസ്റ്റിവലിന് പോവുകയും ചെയ്തിരുന്നു. ഫെസ്റ്റിവലിന്റെ അവിടുന്ന് ഞങ്ങളുടെ കോളേജിലേക്ക് വിളിച്ചു പറയുകയായിരുന്നു ഒരു മോശം സിനിമ നിങ്ങളുടെ കോളേജില്‍ നിന്ന് വന്നിട്ടുണ്ടെന്ന്. അങ്ങനെയാണ് കോളേജില്‍ ഇതറിയുന്നത്.

അവരതിനെ ഏറ്റവും മോശമായ രീതിയിലാണ് ട്രീറ്റ് ചെയ്തത്. ഞാനടക്കം നാല് പേരെ കോളേജില്‍ നിന്ന് പുറത്താക്കി. പെര്‍മിഷന്‍ ഇല്ലാതെ ഷൂട്ട് ചെയ്തു, പ്രിന്‍സിപ്പലിനെ കബളിപ്പിച്ചു, എന്നൊക്കെ എന്റെ പേരില്‍ കുറ്റങ്ങളുണ്ടായിരുന്നു.

നമ്മളൊരു മീഡിയ കോളേജ് ആയതുകൊണ്ട് ഹ്രസ്വചിത്രങ്ങള്‍ ഒരുപാട് ഫെസ്റ്റിവലില്‍ പോകുന്നത് കൊണ്ട് പ്രിന്‍സിപ്പല്‍ എല്ലാം ഒരുമിച്ച് സൈന്‍ ചെയ്തുവിട്ടതായിരുന്നു. അങ്ങനെ ആ കുറ്റങ്ങളൊക്കെ ഞാന്‍ ഏറ്റെടുത്തു. എന്നെ മാത്രം പുറത്താക്കി ബാക്കിയുള്ളവരെ തിരിച്ചെടുക്കണം എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവര്‍ നാല് പേരെയും പുറത്താക്കി.

ആ സംഭവത്തിന് ശേഷം ശരിക്കും എല്ലാം നഷ്ട്ടപെട്ടു എന്നുള്ളൊരു തോന്നലുണ്ടായ നിമിഷമായിരുന്നു.് എന്റെ വീട്ടില്‍ ഇതൊരു പ്രശ്നമല്ല പക്ഷെ എനിക്ക് സങ്കടമായത് എന്നെ വിശ്വസിച്ച എന്റെ കൂട്ടുകാരാണ് പ്രശ്നത്തിലായിപ്പോയത്. അന്ന് ഇറക്കിവിട്ടത് ഏതൊക്കെയോ തരത്തില്‍ ഊര്‍ജ്ജമായിരുന്നെന്ന് ഇപ്പൊള്‍ തോന്നുന്നു.

2007ല്‍ നമ്മള്‍ സ്വര്‍ഗാനുരാഗികളുടെ കഥപറയുന്നുണ്ട്. പിന്നീട് സുപ്രീം കോടതി അത് അംഗീകരിച്ചല്ലോ. വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ശമ്പളം കൊടുക്കണമെന്ന് കോടതി പറയുന്നു. നമ്മുക്ക് ഇതിന്റെയൊക്കെ കൂടെ നില്‍ക്കാന്‍ പറ്റിയല്ലോ. ഇങ്ങനൊക്കെ ആകുന്നതിന് മുമ്പ് നമ്മളത് സിനിമയാക്കി ആ രാഷ്ട്രീയം പറഞ്ഞല്ലോ. അതിലൊക്കെ സന്തോഷമുണ്ട്.

ഇത്തരം ഇറക്കിവിടലുകള്‍ നേരത്തെ പറഞ്ഞ സെന്‍സര്‍ പ്രശ്നങ്ങള്‍ ഇതിലൂടെയൊക്കെ ശ്രമിക്കുന്നത് ഞങ്ങള്‍ക്കാവശ്യമില്ലാത്ത സാധങ്ങള്‍ നിങ്ങള്‍ പറയേണ്ട എന്നാണ്. അത് നമ്മള്‍ പറയാന്‍ തന്നെയാണ് തീരുമാനം. ഈ സെന്‍സറിങ്ങ് ഇഷ്യൂ വളരെ വലിയൊരു സംഭവം തന്നെയാണ് കാരണം ഒരു പടത്തിനു സെന്‍സറിങ്ങ് കിട്ടുന്നില്ലെങ്കില്‍ ആ പടത്തിന്റെ ഡയറക്ടറും പ്രൊഡ്യൂസറും ഭയങ്കര ടെന്‍ഷനിലാകും. സ്വാഭാവികമായും അവര്‍ തീരുമാനിക്കും ഇനി ഇങ്ങനൊരു പടം ചെയ്യേണ്ട എന്ന്. ഇനി സിനിമ ചെയ്യുകയാണെങ്കില്‍ പ്രശ്നങ്ങളില്ലാത്ത ഒന്ന് ചെയ്യാം എന്ന് അവര്‍ തീരുമാനിക്കും. ഈ ഭരണ കൂടം നമ്മളെ ചിന്തിപ്പിക്കുകയാണ് നിങ്ങള്‍ പ്രശ്നങ്ങളൊന്നുമില്ലാത്ത സിനിമ ചെയ്താല്‍ മതി എന്ന്. ഹിന്ദുക്കളെ കുറിച്ചുള്ളതായത് കൊണ്ട് ഞങ്ങള്‍ നിങ്ങളുടെ സിനിമ വാങ്ങിക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇല്ലാതാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

താങ്ക്സ് സയന്‍സ് എന്നുള്ള ടൈറ്റില്‍ കാര്‍ഡിലാണ് പടം ആരംഭിക്കുന്നത് . ഒരുപാട് കാലം സിനിമ കാണുന്ന ആളെന്ന നിലയില്‍ എനിക്ക് അത് ഒരു പുതുമയുള്ളതും വിപ്ലവകരവുമായ തീരുമാനമാണെന്ന് തോന്നി. അത്തരമൊരു തീരുമാനമെടുക്കുന്നത് എന്തുകൊണ്ടാണ്?

സത്യം പറഞ്ഞാല്‍ ഒട്ടും വിപ്ലവകരമായ ഒരു തീരുമാനമല്ല അത്. സെന്‍സ് മാത്രമാണത്. നമുക്കത് വിപ്ലവമായി തോന്നുന്നത് ഇതുവരെയും കാലം മണ്ടത്തരം ചെയ്തതുകൊണ്ടാണ്. ദൈവം എന്നൊരു പരിപാടി പ്രപഞ്ചത്തില്‍ ഉണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സാമാന്യബുദ്ധിയുള്ള മനുഷ്യര്‍ വിശ്വസിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. കുഞ്ഞു ദൈവത്തില്‍ താങ്ക്സ് ഗോഡ് എന്ന് എഴുതിയിട്ടുണ്ട്. അന്നെന്റെ രാഷ്ട്രീയം വേറെയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍, കിലോമീറ്റേള്‍സ് ആന്‍ഡ് കിലോമീറ്റേള്‍സ്, കുഞ്ഞു ദൈവം എന്നീ എന്റെ വര്‍ക്കുകളോടൊക്കെ വിരോധമുള്ള ആളാണ് ഞാന്‍. ആ സമയത്ത് നമുക്കത്രയും വളര്‍ച്ചയെ ഉള്ളൂ. ആ ഒരു ബുദ്ധിമാത്രമേയുള്ളു താങ്ക്സ് സയന്‍സ് എന്നെഴുതിയതിനകത്ത്.

ഇതിലൊരു ഗാനം എഴുതിയിരിക്കുന്നത് മൃദുലയാണ്. ഗോത്ര ഭാഷയിലുള്ള ഗാനമാണ് എഴുതിയിരിക്കുന്നത്. ആ ഗാനത്തിലേക്കും മൃദുലയിലേക്കുമെത്തുന്നത് എങ്ങനെയായിരുന്നു?

ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ഒരു സീന്‍ എടുക്കേണ്ട സമയമായി. അപ്പോള്‍ എനിക്ക് തോന്നി ഒരു പാട്ട് കേട്ടുകൊണ്ട് ജോലി ചെയ്താല്‍ രസമായിരിക്കുമല്ലോ എന്ന്. പക്ഷെ അതിനുപറ്റിയുള്ളൊരു പാട്ട് വേണം. ദളിത് കാരക്ടര്‍ നന്നാവുമെന്ന് തോന്നി. അങ്ങനെ ഞാന്‍ ഫേസ്ബുക് നോക്കുമ്പോഴാണ് ഈ പാട്ടു കാണുന്നത് മൃദുല അതെഴുതി ഇട്ടിരിക്കുകയായിരുന്നു. എന്റെ ഫേസ്ബുക് സുഹൃത്ത് എന്നല്ലാതെ അവരുമായി എനിക്ക് യാതൊരു പരിചയവുമില്ല.

അപ്പോള്‍ത്തന്നെ അവരെ വിളിച്ചു അവര്‍ ആ പാട്ട് വളരെ സന്തോഷത്തോടെ തരാമെന്ന് പറഞ്ഞു. നമ്മളത് ജോലി ചെയ്യുമ്പോള്‍ പാടാനുള്ള പാട്ടായി മാത്രം വെച്ചു. മാത്യൂസ് പുളിക്കല്‍ എന്ന് പറഞ്ഞ വ്യക്തിയാണ് അത് കമ്പോസ് ചെയ്തത്. അദ്ദേഹം ഇതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടെയാണ്. അദ്ദേഹത്തിനോട് ഞാന്‍ പറഞ്ഞു പെട്ടെന്ന് ട്യൂണ്‍ ചെയ്യണം മറ്റന്നാള്‍ ഷൂട്ട് ചെയാനുള്ളതാണെന്ന്. അങ്ങനെ അദ്ദേഹം ട്യൂണ്‍ ചെയ്തു വാട്സ് ആപ്പില്‍ അയക്കുകയായിരുന്നു. അതുപിന്നെ സ്പീക്കറില്‍ വെയ്ക്കുകയും സെറ്റിലെല്ലാം ഞാന്‍ പാടിക്കൊണ്ട് നടക്കുകയുമായിരുന്നു. അങ്ങനെ ആ പാട്ട് ഞങ്ങളുടെ സെറ്റിന്റെ ഭാഗമായി. പിന്നെ ആ പാട്ട് ഒന്ന് നീട്ടി ടൈറ്റില്‍ സോങ്ങ് ആക്കിയിടാം എന്ന് തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് ആ പാട്ടുണ്ടായി വരുന്നത്. മൃദുല വേറെയും കുറെ പാട്ടുകളയച്ചു തന്നു. അവരെഴുതിയതും പാടിയതുമായുള്ള ഗാനങ്ങള്‍. ആ കൂട്ടത്തില്‍ നിന്ന് നമ്മള്‍ വേറൊരു പാട്ടും തിരഞ്ഞെടുത്തു. സിനിമ പറയുന്ന രാഷ്ട്രീയവുമായിട്ട് ഈ രണ്ടു പാട്ടുകള്‍ക്കും നല്ല ബന്ധമുണ്ട്.

കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ലോക്ക്ഡൗണിന്റെ തൊട്ടു മുന്‍പായിരുന്നു റിലീസ് ചെയ്തത്. പിന്നീടത് നേരിട്ട് ടി.വിയിലേക്ക് കൊടുക്കേണ്ടി വന്നു.

തീയേറ്ററില്‍ കാണേണ്ട ഒരു സിനിമ, എന്ന രീതിയില്‍ പ്ലാന്‍ ചെയ്ത ഒരു സിനിമ അത്തരത്തില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ വരുന്നു. ആ ഒരു സമയം എങ്ങനെയായിരുന്നു മറികടന്നത്?

അങ്ങനെയൊരു പ്രശ്നമൊന്നുമില്ലായിരുന്നു. ചെറിയൊരു നിരാശയുണ്ടായി എന്നു മാത്രം. കാരണം പെട്ടെന്നായിരുന്നു നമ്മുടെ ലോകമങ്ങ് മാറിപോയത്. എന്റെ സിനിമ തീയേറ്ററില്‍ കാണിക്കാന്‍ പറ്റാത്തതില്‍ ദുഖിയ്ക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്തവനാണ് ഞാന്‍.
നമ്മുക്ക് ചുറ്റിലും അതിലും ഭീകരമായ സംഭവങ്ങളാണ് നടക്കുന്നത്. അതുകൊണ്ട് ഞാനിതിനെ ഒരു സന്തോഷമുള്ള കാര്യമായിട്ടാണ് എടുത്തത്. എല്ലാവരും വീട്ടിലിരിക്കുന്ന സമയത്ത് വീടുകളിലേക്ക് സിനിമയെത്തിയല്ലോ. ഈ സിനിമയാണെങ്കിലും കിലോമീറ്റേഴ്സ് ആണെങ്കിലും നിരാശയുടെ ഭാഗം എന്ന് പറയുന്നത് ആസ്വാദനത്തെ സംബന്ധിച്ചാണ്.

മ്യൂസിക് ഇല്ലാത്ത സിനിമ ഇത്രയും ലെങ്ങ്ത്ത് ഷോട്ടുകളുള്ള സിനിമ ഇതെല്ലാം സിനിമയുടെ പ്രത്യേകതകളാണ്. ശാലു ആണെങ്കിലും സൗണ്ട് ഡിസൈന്‍ ചെയ്ത ടോണി ആണെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മിക്സിങ് എഞ്ചിനീയറായിട്ടുള്ള സിനോയി ആണെങ്കിലും ഇവരുടെയൊക്കെ കോണ്ട്രിബ്യൂഷന്‍സ് കേള്‍ക്കാതെയും കാണാതെയും പോകുന്നുണ്ട്. അതുമാത്രമേയുള്ളൂ വിഷമം.

സൗണ്ടിന്റെ ഒരു പ്രവേശനം അക്കാര്യങ്ങളില്‍ ആസ്വാദനം നടക്കുന്നില്ല എന്ന തരത്തിലുള്ള നിരാശയുണ്ട്. പക്ഷെ ഇങ്ങനൊരു സാഹചര്യത്തില്‍ ഇതേ നമുക്ക് ആവുകയുള്ളൂ എന്നത് ഉള്‍ക്കൊള്ളുകയാണ് ചെയ്യുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് ഞാനടക്കമുള്ള ആളുകള്‍ ചിരിച്ച ഒരു സംഭവമായിരുന്നു നിങ്ങളുടെ മകന്റെ ഒരു വീഡിയോ. ലോക്ക്ഡൗണ്‍ സമയത്ത് കുട്ടികളുടെ കൂടെയുള്ള എക്സ്പീരിയന്‍സ് എങ്ങനെയായിരുന്നു?

ഞാനിപ്പോള്‍ കടയില്‍ പോവുകയാണെങ്കില്‍ മകന്‍ എന്റെ അടുത്ത് കുറെ സാധനങ്ങളുടെ ലിസ്റ്റ് തരും. ഞാനത് മുഴുവനുമൊന്നും വാങ്ങാറില്ല. ഞാനും മകനുമെപ്പോഴും പുറത്തു പോകുന്ന ആള്‍ക്കാരാണ്. ഇപ്പോള്‍ അത് നിന്നുപോയി. എന്നെക്കാളും അവന് അത് വലിയ പ്രശ്നമായി. അവനു അപ്പോള്‍ നാല് വയസായിരുന്നു. ഈ കൊറോണ എന്നൊന്നും പറഞ്ഞ് അവനെ മനസ്സിലാക്കാന്‍ പറ്റുന്നില്ലായിരുന്നു.

മക്കള്‍ക്ക് വേണ്ടി വീട്ടിലിരുന്നു കുഞ്ഞു കുഞ്ഞു വിഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു ആദ്യമേ. മകന് ഷൂട്ടിങ്ങൊക്കെ ഇഷ്ടമായിരുന്നു. കൊറോണ പ്രശ്നമാണെന്ന് അവന്‍ മെല്ലെ മെല്ലെ മനസ്സിലാക്കാന്‍ തുടങ്ങി. പക്ഷെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണാന്‍ ആള് സമ്മതിക്കില്ലായിരുന്നു. അവന് മുഖ്യമന്ത്രി എന്തോ വലിയ ആളാണെന്ന് അറിയാം. ഒരിക്കല്‍ അവന്‍ പല്ലു തേയ്ക്കാഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു പല്ലുതേയ്ക്കാത്ത പിള്ളേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എന്ന്. അപ്പോള്‍ അവന്‍ മുഖ്യമന്ത്രി അങ്ങനൊന്നും പറഞ്ഞില്ലെന്ന് പറഞ്ഞു.

ആ സമയത്ത് ഭാര്യ എന്നോട് മുഖ്യമന്ത്രി സംസാരിക്കുന്നത് പോലെ ശബ്ദം അയച്ചു തരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ആ ഒരു ടോണില്‍ പറഞ്ഞു. അപ്പോള്‍ അവനൊരു ചെറിയ സംശയം തോന്നി. അങ്ങനെ ഞാന്‍ ഈ സിനിമയുടെ എഡിറ്റര്‍ ഫ്രാന്‍സിസിന് ഈ വോയിസ് അയച്ചുകൊടുത്തു. നമ്മളവനെ പറ്റിക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയ വീഡിയോ ആണിത്. ഫ്രാന്‍സിസും മ്യൂസിക്കും ഭയങ്കര കൂട്ടുകാരാണ്. വീഡിയോ കണ്ടപ്പോള്‍ അവനത് വിശ്വസിച്ചു. അതിനകത്തു ഞാന്‍ നന്നായി പെരുമാറുന്ന കുട്ടികള്‍ക്കു സമ്മാനമുണ്ടെന്നും പറഞ്ഞിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി തന്നതാണെന്നും പറഞ്ഞ് ഞാനൊരു സമ്മാനവും കൊടുത്തു. അതോടെ പുള്ളി നന്നായി.

മകന് മ്യൂസിക് എന്നുള്ള പേര് ഇടാന്‍ കാരണമെന്താണ്? താങ്കള്‍ തന്നെ ജിംഗിള്‍സ് ഒക്കെ ചെയ്തിരുന്നല്ലോ ആ താല്പര്യത്തിന്റെ പുറത്താണോ ഇങ്ങനൊരു പേര്?

അല്ല, സയന്‍സിന്റെ കാര്യം പറഞ്ഞപോലെതന്നെ ഒരു സമയത്തിനു ശേഷം നമ്മുടെ സാമാന്യ ബുദ്ധിയില്‍ തോന്നിയ കാര്യമാണ് ഈ മതം എന്ന് പറയുന്നത് ഒരു പ്രയോജനവുമില്ലാത്ത കാര്യമാണെന്ന.് മകളുടെ പേര് കഥ എന്നാണ്. പലര്‍ക്കും ഇവരുടെ ജാതിയറിയാനുള്ള ഒരു ക്യൂരിയോസിറ്റി കണ്ടിട്ടുണ്ട്. എവിടെ ചെന്നാലും അത് ചോദിക്കും.

പുതിയ ഏതെങ്കിലും പ്രൊജെക്ടുകള്‍ മനസ്സിലുണ്ടോ?

നമ്മള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് സബ്ജെറ്റുകള്‍ നമ്മുടെ കൈയിലുണ്ട്. ആലോചന നടക്കുന്നുമുണ്ട്. ഞാന്‍, ഫ്രാന്‍സിസ്, ശാലു അങ്ങനെ എല്ലാവരുമുണ്ട്. എപ്പോഴാണ് അടുത്ത സിനിമ എന്ന് പറയാനായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The Great Indian Kitchen Movie Director Jeo Baby Interview

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more