മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ ആയിരുന്നു ‘ഇന്ത്യൻ അടുക്കള’ കാണാൻ ഇരുന്നത്. പക്ഷെ, കണ്ടു കഴിഞ്ഞപ്പോൾ അതൊരു സിനിമയായി തോന്നിയിട്ടേ ഇല്ല. ഒരു സാധാരണ കുടുംബത്തിലെ അടുക്കളയിൽ CCTV ക്യാമറ പിടിപ്പിച്ചത് പോലെ കൃത്യം! കേരളത്തിൽ മാത്രമല്ല, ഏതൊരു ഇന്ത്യൻ ഗ്രാമത്തിലും നഗരത്തിലും ഈയൊരു അടുക്കളയുണ്ട്.
ഈ സിനിമ, ഒരു പാഠപുസ്തകം പോലെ ‘കുടുംബം’ എന്ന സ്ഥാപനത്തിലെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്നു കാണേണ്ട ഒന്നാണ്. എത്രമേൽ ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവും അതിലേറെ മനുഷ്യത്വരഹിതവും ആണ് നമ്മുടെ കുടുംബങ്ങൾ എന്ന് ഇതിലേറെ തുറന്നുകാണിക്കുന്ന ഒരു സിനിമ കണ്ടതായി ഓർമ്മിക്കുന്നില്ല.
വാസ്തവത്തിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും കഠിനമായ പീഡനം ഈ നിശബ്ദമായ അടിച്ചമർത്തൽ ആണ്. അടിമക്കൊഴിച്ച് വേറാർക്കും അത് എളുപ്പത്തിൽ മനസിലാവില്ല. ‘മദ്യപിക്കാത്ത, മർദിക്കാത്ത, മാന്യന്മാരായ, ഉറക്കെ ചീത്ത വിളിക്കാത്ത, സൽഗുണസമ്പന്നരായ’ ഭർത്താക്കന്മാരും, ‘മോളെ’ എന്ന് മാത്രം വിളിക്കുന്ന കാരണവന്മാരും നിറഞ്ഞ കുടുംബം എങ്ങനെയാണ് സ്ത്രീകൾക്ക് അരക്കില്ലം ആകുന്നതെന്നു ഒരിക്കലും നമുക്ക് തെളിയിക്കാൻ പറ്റില്ല.
അതുകൊണ്ടാണ് അത്തരം കുടുംബത്തിൽ നിന്നും രക്ഷപെട്ടുവരുന്ന സ്ത്രീകളെ അഹങ്കാരികളും, പണിഎടുക്കാൻ മടിയുള്ളവരും ആയി സ്വന്തം രക്ഷിതാക്കൾ പോലും കുറ്റപെടുത്തുന്നത്. അതുകൊണ്ടാണ്, ഭൂരിപക്ഷം പെൺകുട്ടികൾക്കും ഈ അഴുക്കുവെള്ളത്തിൽ നിന്നും, മേശപുറത്തു ചിതറിക്കിടക്കുന്ന മുരിങ്ങാകോലിൽ നിന്നും, മീൻമുള്ളിൽ നിന്നും ഒരിക്കലും മോചനം കിട്ടാത്തതും.
നിമിഷ തിരിച്ചു ചെന്ന് ഇരുന്നത്പോലെ ഇരിക്കാൻ പലർക്കും സ്വന്തം വീട്ടിൽ കസേര കിട്ടണമെന്നില്ല, ജീവിക്കാൻ ജോലിയും. അവിടെയാണ് പലപ്പോഴും പലരും പതറിപ്പോകുന്നതും,അതേ നാമജപയാത്രയുടെ വഴിയിലൂടെ പലർക്കും തിരിച്ചു നടക്കേണ്ടി വരുന്നതും.
സ്ത്രീസംവരണവും, പങ്കാളിത്തചർച്ചകളും, സ്ത്രീകളുടെ രാഷ്ട്രീയപ്രാതിനിധ്യവും ഒന്നും തന്നെ ഈ അഴുക്കുവെള്ളം നിറഞ്ഞ അടുക്കളയിൽ നിന്ന് സ്ത്രീകളെ സ്വതന്ത്രരാക്കുന്നില്ല. മീറ്റിംഗുകളും, കുടുംബശ്രീ പരിപാടികളും, ജാഥയും കഴിഞ്ഞു ഇതേ അടുക്കളയിലേക്കും, ‘മോളേ’ വിളിയിലൂടെയുള്ള നിശബ്ദമായ ഗാർഹികപീഡനത്തിലേക്കും ആണ് നമ്മുടെ പെണ്ണുങ്ങൾ തിരികെ പോകുന്നത്. എന്തൊരു വേദനയാണത്!.
വാസ്തവത്തില്‍,കുടുംബം,വീട് തുടങ്ങിയ ഇടങ്ങളുടെ വൈകാരിക-വിശുദ്ധ പരിവേഷം നിലനില്‍ക്കുന്നത് തന്നെ സ്ത്രീകളുടെ അതിരില്ലാത്ത ഊര്‍ജ്ജത്തെയും, അധ്വാനത്തെയും കാലങ്ങളോളം ചൂഷണം ചെയ്തിട്ടാണ്. ഈ വൈകാരികതകളില്‍ തളച്ചിടപ്പെടുന്നത് കൊണ്ടാണ് സ്ത്രീകള്‍ക്ക് പലപ്പോഴും സ്വയം ആവിഷ്ക്കരിക്കാന്‍ കഴിയാതെ പോകുന്നത്.
ഈ സിനിമയുടെ ഏറ്റവും വലിയ സംഭാവന നമ്മുടെ വീട്ടകങ്ങളിലെ ‘വാത്സല്യത്തിൽ’ പൊതിഞ്ഞു പിടിച്ച, നിശബ്ദമായ ‘ശാരീരിക-വൈകാരിക ചൂഷണം’ വലിയൊരു തട്ടിപ്പ് ആണെന്നും ദേഹോപദ്രവം പോലെതന്നെ മനുഷ്യവിരുദ്ധമായ ‘ഡൊമസ്റ്റിക്ക് വയലൻസ് ‘ ആണെന്നും നാട്യങ്ങൾ ഇല്ലാതെ തെളിമയോടെ കാണിച്ചു തന്നു എന്നുള്ളതാണ്. അതിന് അണിയറ പ്രവർത്തകർക്ക് ഓരോ സ്ത്രീയും നന്ദി പറയണം.
ഒപ്പം, മുഖ്യധാരയിൽ ഇല്ലാതിരുന്ന പാളുവ ഭാഷയുടെ ചാരുത, മൃദുലയുടെ ഹൃദയഹാരിയായ വരികളിലൂടെ മലയാളികൾക്ക് മുഴുവൻ കാണിച്ചു കൊടുത്തതിനും നന്ദി മൃദുലാദേവി.എസ്.
എങ്കിലും, ഈ അടുക്കള തുടരും എന്ന യാഥാർഥ്യം തന്നെയാണ് സംവിധായകനും പറഞ്ഞുവെച്ചത്. ഇതൊക്കെ മാറണമെങ്കില്‍ നമ്മുടെ കുടുംബങ്ങളും സമൂഹവും കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും, സ്ത്രീ വൈകാരികതയെ ചൂഷണം ചെയുന്ന തൊഴില്‍ വിഭജനങ്ങൾ ഇല്ലാതാവുകയും, സ്ത്രീയുടെയും പുരുഷന്റെയും റോളുകള്‍ തുല്യമായി കാണുന്ന മാനസികനിലയിലേക്ക് വരികയും വേണം.
എല്ലാ ജോലിയും എല്ലാവരും ചെയുന്ന ഒരു കിനാശ്ശേരി. പാചകവും അടുക്കളയും പൊതുവാകട്ടെ. വനിതാജനപ്രതിനിധിയോടും മന്ത്രിയോടും മാത്രം ‘അടുക്കള വിശേഷം’ ചോദിക്കുന്ന അശ്ലീലം ഇവിടുത്തെ മാധ്യമങ്ങൾ നിർത്തട്ടെ.
രാഷ്ട്രീയത്തിലെ ജനാധിപത്യം നിരന്തരം ചര്‍ച്ച ചെയ്യപ്പെടുമ്പോഴും കുടുംബത്തിലെ ജനാധിപത്യം ഒരിക്കലും നമ്മൾ ചര്‍ച്ചചെയ്യുന്നില്ല എന്നുള്ളത് നിർഭാഗ്യകരമാണ്.. ഈ സിനിമ അത്തരമൊരു ചർച്ചക്ക് വഴി തെളിച്ചതിൽ സന്തോഷം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക