ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലെ അമ്മായിയച്ചന്‍ കഥാപാത്രത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. കഥാപാത്രനിര്‍മ്മിതിയെയും പെര്‍ഫോമന്‍സിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം ഈ അമ്മായിയച്ചനെ അവതരിപ്പിച്ച നടന്‍ ആരാണെന്നും സോഷ്യല്‍ മീഡിയ തിരയുകയാണ്.
കേരളത്തിലെ പ്രശസ്ത നാടകക്കാരനും നാടകഗ്രാമത്തിന്റെ സ്ഥാപകരിലൊരാളുമായ, കോഴിക്കോട് സ്വദേശി ടി. സുരേഷ് ബാബുവാണ് അമ്മായിയച്ചന്‍ കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നത്.
ഞാന്‍.. പല്ല് തേച്ചിട്ടില്ല മോളെ…. ബ്രഷ് കിട്ടീട്ടില്ല്യ’ ‘ചോറ് മാത്രം കുക്കറില്‍ വയ്ക്കണേ..’ ‘വാഷിങ് മെഷീനില്‍ ഇട്ടാല്‍ തുണി പൊടിഞ്ഞ് പോവില്ലേ മോളെ… എന്റേത് അതില്‍ വേണ്ടാട്ടോ. തുടങ്ങിയ സിനിമയിലെ അദ്ദേഹത്തിന്റെ ഡയലോഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. രണ്ട് അടി കൊടുക്കാന്‍ തോന്നിയെന്നാണ് പല കമന്റുകളും വന്നത്. കഥാപാത്രത്തിന്റെ വിജയമാണ് ഈ പ്രതികരണങ്ങളെന്ന് സുരേഷ് ബാബു പറയുന്നു.
ജിയോ ബേബി ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോഴും സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോഴും തന്റെ കഥാപാത്രം ഇത്രയും ചര്‍ച്ചയാകുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
നന്നേ ചെറുപ്പത്തില്‍ തന്നെ നാടകരംഗത്തേക്ക് കടന്നുവന്ന സുരേഷ് ബാബു അഭിനയത്തില്‍ തന്നെയായിരുന്നു ശ്രദ്ധിച്ചിരുന്നത്. പിന്നീട് നാടകമേഖല തകര്‍ച്ചയിലേക്ക് നീങ്ങിയപ്പോള്‍ നാടകരചനയിലേക്കും സംവിധാനത്തിലേക്കും കടക്കുകയായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലേക്കുള്ള നാടകത്തിലേക്ക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. 23ാം വയസ്സില്‍ താന്‍ സംവിധാനം ചെയ്ത നാടകം കലോത്സവവേദിയില്‍ വിജയിച്ചത് ഇന്നും സുരേഷ് ബാബു ഏറെ അഭിമാനത്തോടെ ഓര്‍ത്തുവെക്കുന്നു.
കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച് ഡ്രാമാ റെട്രോസ്‌പെക്ടീവ് നടത്തുകയും 2000ത്തില്‍ ഗ്രാമീണ മേഖലകളില്‍ നാടകം വളര്‍ത്തുന്നതിനായി നാടക്ഗ്രാം എന്ന കൂട്ടായ്മക്ക് രൂപം നല്‍കുകയും ചെയ്തു.
നാടകത്തെ ഉപജീവനമാര്‍ഗമാക്കിയാല്‍ പല ഒത്തുതീര്‍പ്പുകള്‍ക്കും നിര്‍ബന്ധിക്കപ്പെടുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉപജീവനത്തിനായി എല്‍.ഐ.സി ഏജന്റാകുകയായിരുന്നു.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഊര്‍ജം സിനിമയോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ നാടകം ഒരിക്കലും കൈവിടില്ലെന്നും അതാണ് തന്റെ ജീവനും ജീവിതവും സ്വപ്നവുമെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടകത്തിനും സിനിമക്കും ഒരുപോലെ പ്രാധാന്യം നല്‍കി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സുരേഷ് പറയുന്നു.
സുരേഷ് ബാബുവിന്റെ മകന്‍ ഛന്ദസിന്റെ ഭാര്യ അഞ്ജു തച്ചനാട്ടുകര, കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റ് ചിരി പടര്‍ത്തിയിരുന്നു. ‘ആദ്യമൊക്കെ മോളേന്ന് വിളിക്കുമ്പോ ഒന്നും തോന്നില്ലായിരുന്നു. സിനിമ കണ്ടതിനു ശേഷം മോളേന്ന് വിളിക്കുമ്പോ ഉള്ളിലൊരു കാളലാ..’ എന്നായിരുന്നു പോസ്റ്റ്.
ഇന്ദു സംവിധാനം ചെയ്യുന്ന നിത്യ മേനോന്‍-വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 19 (1) എ ആണ് സുരേഷ് ബാബുവിന്റെ അടുത്ത ചിത്രം. വിജയ് സേതുപതിയുടെ എനര്‍ജി തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു.
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (മഹത്തായ ഭാരതീയ അടുക്കള) എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് നീം സ്ട്രീം എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയാണ് സിനിമയെ കുറിച്ച് ഉയര്‍ന്നുവന്നിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക