സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജിയോ ബേബി. ഫെസ്റ്റിവല്‍ ലക്ഷ്യത്തോടെയുള്ള ഒരു ചെറിയ ചിത്രമായിരുന്നു തന്റെ മനസ്സിലുണ്ടായിരുന്നതെന്നാണ് ജിയോ ബേബി പറയുന്നത്. പിന്നീട് സുരാജ് വെഞ്ഞാറമൂട് വന്നതോടെയാണ് പദ്ധതിയില്‍ മാറ്റം വന്നതെന്നും സംവിധായകന്‍ പറയുന്നു.
‘ഈ സിനിമ ഇത്രയും വലുതായി ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ല. ഫെസ്റ്റിവല്‍ ലക്ഷ്യത്തോടെയുള്ള ഒരു ചെറിയ ചിത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ മനസ്സില്‍. എന്നാല്‍ സുരാജ് വെഞ്ഞാറമൂട് വന്നതോടെ ആ പദ്ധതിയില്‍ മാറ്റം വന്നു. ചിത്രം വലുതായി. സുരാജേട്ടന്‍ ഇതു ചെയ്യുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. നിമിഷയുടെ ചിത്രമാണിത് എന്നറിഞ്ഞു തന്നെയാണ് നെഗറ്റീവ് ഛായയുള്ള ഈ കഥാപാത്രത്തിനായി അദ്ദേഹം തയ്യാറായത്. നടന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാമൂഹിക ബോധത്തിനു തെളിവായിരുന്നു ആ സമ്മതം,’ ജിയോ ബേബി പറഞ്ഞു.
കൂടാതെ തന്നെ ഒരുപാട് വിശ്വാസമുള്ള ജോമോന്‍, വിഷ്ണു, ഡിജോ, സജിന്‍ എന്നിവര്‍ നിര്‍മാതാക്കളായെത്തിയതും തുണയായെന്നും ജിയോ ബേബി അഭിമുഖത്തില്‍ പറയുന്നു.
ഷൂട്ടിങ്ങിനിടയില്‍ നിമിഷയ്ക്ക് ഒരുപാട് പാത്രങ്ങള്‍ കഴുകേണ്ടി വന്നതിനെക്കുറിച്ചും ഇതേ അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞു. ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ ഷൂട്ടിങ്ങിനിടെ നിമിഷ കഴുകിയിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.
ചെയ്തുനോക്കുമ്പോള്‍ മാത്രമേ ഓരോ ജോലിക്കും വേണ്ടിവരുന്ന കായികമായ അധ്വാനം നാം തിരിച്ചറിയുകയുള്ളൂവെന്നും കാണുന്നവര്‍ക്ക് ഓ ഇതൊക്കെയെന്ത് എന്ന് തോന്നാമെന്നും ജിയോ ബേബി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക