കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ ടി. സുരേഷ് ബാബു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലെ അമ്മായിയച്ചന്റെ കഥാപാത്രത്തിലൂടെ സുരേഷ് ബാബു അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.
‘നാളെ നമ്മളെല്ലാവരും കോഴിക്കറിയാന്ന്, കോഴിക്കറിയാ’ എന്നാണ് സുരേഷ് ബാബു ഫേസ്ബുക്കിലെഴുതിയത്. ഒരു കോഴിയോടൊപ്പമുള്ള ചിത്രവും സുരേഷ് ബാബു പങ്കുവെച്ചിട്ടുണ്ട്. ലക്ഷദ്വീപിനോടൊപ്പം എന്ന ഹാഷ്ടാഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലയാള സിനിമാലോകത്ത് നിന്നു നിരവധി പേര്‍ എത്തിയിരുന്നു. പൃഥ്വിരാജ്, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയവരെല്ലാം ലക്ഷദ്വീപിന് പിന്തുണയുമായി എത്തിയിരുന്നു.
ലക്ഷദ്വീപ് ജനതയെ പിന്തുണച്ചവര്‍ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ബി.ജെ.പി മാധ്യമങ്ങളില്‍ നിന്നും വ്യാപക വിദ്വേഷ പ്രചരണവും നടന്നിരുന്നു.
ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.
കേരളത്തിലും പ്രഫുല്‍ പട്ടേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞ് പോകുന്ന പോലെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നതെന്നും സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണ ശാലകളാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.