ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★☆☆☆
സംവിധാനം: ഹനീഫ് അദേനി
തിരക്കഥ: ഹനീഫ് അദേനി
നിര്‍മ്മാണം:പൃഥ്വിരാജ് സുകുമാരന്‍, ആര്യ,സന്തോഷ് ശിവന്‍, ഷാജി നടേശന്‍
പരാജയങ്ങളുടെ നീണ്ട ഒരു നിരയാണ് മമ്മൂട്ടിയുടെ പോയ ചില വര്‍ഷങ്ങളുടെ കരിയര്‍ ഗ്രാഫിലുള്ളത്. അതിനൊക്കെ ഒരു അറുതി കുറിക്കുന്ന ചിത്രമായിരിക്കും ദ ഗ്രേറ്റ് ഫാദര്‍ എന്നാണ് കരുതിയിരുന്നത്. ചിത്രത്ത് ലഭിച്ച ഹൈപ്പും പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. ഒടുവില്‍ ഇന്ന് ചിത്രം തിയ്യറ്ററുകളിലെത്തിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ കാത്തോ എന്ന കാര്യം സംശയമാണ്.
മമ്മൂട്ടിയുടെ ഡേവിഡ് നൈനാനെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നതും കഥ പറയുന്നതും. ഡേവിഡിന്റെ മകള്‍ സാറയില്‍ നിന്നുമാണ് സിനിമ തുടങ്ങുന്നത്. പപ്പയെ കുറിച്ചുള്ള സാറയുടെ തള്ളുകളില്‍ നിന്നുമാണ് ഡേവിഡിനെ ആദ്യം പേക്ഷകരറിയുന്നത്. തഴുകുന്ന കാറ്റിനും പെയ്യുന്ന മഴയ്ക്കും ചോരയുടെ മണമുള്ള ബോംബെയിലെ അധോലോക നായകന്മാര്‍ക്കൊപ്പം തോക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന അമാനുഷിക അധോലോക നായകനാണ് തന്റെ പപ്പ ഡേവിഡ് എന്നാണ് സാറ പറയുന്നത്. യഥാര്‍ത്ഥത്തില്‍ അയാള്‍ മകളെ അതിയായി സ്‌നേഹിക്കുന്ന ഒരു ബില്‍ഡര്‍ മാത്രമാണ്. ഡാഡി കൂളിലെ ഡാഡിയേയും മകനേയും പോലെ തന്നെയാണ് ഡേവിഡും സാറയും. നിസ്സംശയം.
ഒരു സീരിയല്‍ കില്ലറുടെ കൊലപാതകങ്ങളും അയാള്‍ പരത്തുന്ന ഭീതിയുമാണ് ഒന്നാം പകുതി. ശബ്ദത്തിലൂടെ മാത്രമാണ് പ്രേക്ഷകന്‍ ജോക്കര്‍ എന്ന സീരിയല്‍ കില്ലറെ അറിയുന്നത്. ആദ്യം സൃഷ്ടിക്കുന്ന ആകാംഷയും ത്രില്ലും പിന്നീട് ജോക്കറിന് തുടരാന്‍ സാധിക്കുന്നില്ല. മറ്റുള്ളവരുടെ വാക്കുകളിലൂടെ മാത്രം ഈ സീരിയല്‍ കില്ലറെ കുറിച്ച് പറയാന്‍ ശ്രമിച്ചതോടെ പ്രേക്ഷകനും വില്ലനില്‍ നിന്നും അകന്നു തുടങ്ങി. ഡേവിഡ് നൈനാന്റെ സന്തുഷ്ട കുടുംബത്തിലേക്ക് ജോക്കറെന്ന സീരിയല്‍ കില്ലര്‍ കടന്നു വരുന്നതോടെയാണ് ചിത്രത്തിന്റെ ഗതിമാറുന്നത്. അതുവരെ ചിത്രത്തിന് പ്രത്യേകിച്ച് ഗതിയൊന്നും ഇല്ലെന്നതാണ് ശരി. പിന്നീടങ്ങോട്ട് തന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ വില്ലനെ കണ്ടെത്താനും വധിക്കാനുമുള്ള ഡേവിഡിന്റെ പകയാണ് ചിത്രം. എത്രേയോ ചിത്രങ്ങളില്‍ മമ്മൂട്ടി തന്നെ ചെയ്തു മടുത്ത നാം കണ്ടു കണ്ടു മനപ്പാടമാക്കി വച്ച അതേ രംഗങ്ങളും കഥാഗതിയും തന്നെയാണിത്.
കുടുംബത്തിനും കുടുംബ പ്രേക്ഷകര്‍ക്കും വേണ്ടിയുള്ളതാണ് ഒന്നാം പകുതി. കൂടുതലും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയാണ്. ചിര പരിചിതമെങ്കിലും കഥ പറയാന്‍ നല്ലൊരു അന്തരീക്ഷമാണത് . നേരത്തെ പറഞ്ഞ ഡാഡി കൂളിലും ദൃശ്യത്തിലുമൊക്ക ഈ പാറ്റേണ്‍ കണ്ടതാണ്. മമ്മൂട്ടിയുടെ ഗെറ്റപ്പും മകളുടെ തള്ളും മാത്രമാണ് ഒന്നാം പകുതി എന്നു ചുരുക്കി പറയാം. പക്ഷെ അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ അവതരിപ്പിക്കുന്നതിനിടെ സമാന്തരമായി സഞ്ചരിക്കുന്ന സീരിയര്‍ കില്ലറുടെ മിസ്ട്രിയേയും അയാളെ കണ്ടെത്താന്‍ ശ്രമിക്കുന്നപൊലീസ് ഉദ്യോഗസ്ഥന്റേയും യാത്രയ്ക്ക് പലപ്പോഴും ഭംഗം സംഭവിക്കുന്നു.
തമിഴ്താരം ആര്യയാണ് ജോക്കറിനെ കണ്ടെത്താന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍. പൊലീസുകാരന്റെ ഇന്‍ട്രോ സീന്‍ തന്നെ തീര്‍ത്തും ഇല്‍ലോജിക്കലാണ്. ഏതോ ഒരു കോളേജിന്റെ ബോയ്‌സ് ഹോസ്റ്റലില്‍ സ്ഥിരമായി അശ്ശീല ചിത്രങ്ങള്‍ കാണുന്ന യുവാവിനെ അറസ്്റ്റ് ചെയ്യാന്‍ എത്തുന്നിടത്താണ് ആര്യ തുടങ്ങുന്നത്. ഹോസ്റ്റലിലെ ഫൈറ്റു സീനും ഡയലോഗുമെല്ലാം കണ്ടാല്‍ തോന്നും ഏതോ ഒരു അധോലോക സംഘത്തെ ചുറുചുറുക്കുള്ള ഒരു യുവ പൊലീസുകാരന്‍ നിലം പരിശാക്കുകയാണെന്ന്. നട്ട പാതിരിക്കയ്ക്ക് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി, അതിസാഹസം നിറഞ്ഞ സംഘട്ടനത്തിലൂടെ, അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള കുറ്റകൃത്യമാണോ അത്. പീഡനങ്ങള്‍ക്കും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ചും വികാരാധീതനാകുന്ന പൊലീസുകാരന്‍ രണ്ടു സീന്‍ കഴിഞ്ഞ് തനിക്കു മുന്നിലെത്തുന്ന റേപ്പ് കേസിനെ സമീപിക്കുന്നത് തീര്‍ത്തും ലാഘവത്തോടെയാണ്. സീരിയല്‍ കില്ലറാണ് പിന്നിലെന്നതറിഞ്ഞിട്ടും അടുത്ത കുട്ടി കൊല്ലപ്പെടുന്നതു വരെ കാത്തിരിക്കാം എന്നാണ് അയാള്‍ പറയുന്നത്. ജോലിയോടും പറയത്തക്കതായ ആത്മാര്‍ത്ഥ കാണാനില്ല.
രണ്ടാം പകുതിയിലെത്തുമ്പോളേക്കും ഡാഡി കൂളില്‍ നിന്നും ചിത്രം ബിഗ് ബിയിലേക്കും ഗാങ്സ്റ്ററിലേക്കും ചുവടുമാറ്റുന്നു. സൈക്കോ ത്രില്ലറില്‍ നിന്നും നായക കേന്ദ്രീകൃതമായ സ്ഥിരം ചിത്രങ്ങളുടെ തനിപ്പകര്‍പ്പായി മാറുന്നു പിന്നീട് ഗ്രേറ്റ് ഫാദര്‍. ഇന്‍ര്‍വെല്ലിന് ശേഷം നായകന്‍ വാ തുറക്കുന്നത് പഞ്ച് ഡയലോഗ് പറയാനും നടക്കുന്നത് സ്ലോ മോഷനിലും മാത്രമാണ്. ബിഗ് ബിയിലെ ബിലാലിനെ പുതിയ ഗെറ്റപ്പില്‍ കാണാം എന്നതാണ് ഇതിലുള്ള ആകെ ലാഭം. തന്റെ ജീവിതത്തിലെ സന്തോഷം കെടുത്തിയ സൈക്കോ കില്ലറെ കണ്ടെത്താനുള്ള ഡേവിഡിന്റേയും ആര്യയുടേയും സമാന്തര പാതയിലുള്ള ശ്രമങ്ങളാണ് പിന്നീട്. പൊലീസിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന അമാനുഷികനായ നായകന്റെ ചരിതമാണ് രണ്ടാം പകുതി. യുക്തിയ്ക്ക് നിരക്കാത്ത കേസന്വേഷണവും പൊലീസിന് മുമ്പേ ചലിക്കുന്ന നായകനും നാം കണ്ടു മടുത്തെന്നു മാത്രമല്ല തീര്‍ത്തും അരോചകമായി മാറി കഴിഞ്ഞു.
നായകന്റെ മാസ് സീനുകള്‍ക്കിടയില്‍ ചിത്രത്തിലെ സസ്‌പെന്‍സായിരുന്ന സീരിയല്‍ കില്ലറെ പലപ്പോഴും സംവിധായകനും തിരക്കഥാ കൃത്തും മറക്കുന്നു. മമ്മൂട്ടിയെന്ന സൂപ്പര്‍ താരത്തിന്റെ താരപ്രഭ ഒന്നു കൊണ്ടു മാത്രമാണ് പ്രതിനായകനിലേക്ക് എത്തുന്നത് അല്ലാതെ ബ്രില്ല്യന്റായ ഒരു കുറ്റാന്വേഷണമോ ട്വിസ്റ്റുകളോ ഇതിലില്ലെന്നു മാത്രമല്ല ആര്‍ക്കും ചിന്തിക്കാവുന്ന വളരെ സാധാരണമായ പാത്തിലൂടെയാണ് ഡേവിഡിന്റെ സഞ്ചാരവും. എന്നിട്ടും നഗരത്തിലെ മുഴുവന്‍ പൊലീസിനേക്കാളും വേഗത്തില്‍ അയാള്‍ എല്ലായിടത്തും എത്തുന്നത് മമ്മൂട്ടിയായത് കൊണ്ട് മാത്രമാണ്.
സമാധാനമായി കഴിയുന്ന ഒരു കുടുംബത്തിന്റെ താളം തെറ്റുന്നതും പിന്നീട് ത്രില്ലര്‍ പരിവേഷത്തിലേക്ക് മാറുകയും ചെയ്യുക എന്നതാണ് രണ്ടാം പകുതിയില്‍ സംവിധായകന്‍ കരുതിയിരുന്നത്. ദൃശ്യത്തില്‍ സംഭവിച്ചതു പോലെ. എന്നാല്‍ ജോര്‍ജുകുട്ടിയെ പോലെ അസാധാരണമായ സാഹചര്യത്തിലൂടെയല്ല മറിച്ച് തികച്ചും എളുപ്പമായ വഴിയിലൂടെയാണ് ഡേവിഡിന്റെ യാത്ര. തുടക്കത്തില്‍ സൃഷ്ടിച്ച ത്രില്ലറിന്റെ അന്തരീക്ഷം രണ്ടാം പകുതിയിലും നിലനിര്‍ത്തുകയും തിരക്കഥയെ ഉദ്വേഗപൂര്‍ണ്ണമാക്കുകയും ചെയ്യേണ്ടതിനു പകരം ആരാധകര്‍ക്ക് കയ്യടിക്കാനുള്ള രംഗങ്ങള്‍ പ്രത്യേകിച്ചും സ്ലോ മോഷന്‍ രംഗങ്ങള്‍ തയ്യാറാക്കാനായിരുന്നു സംവിധായകന് തിടുക്കം. അതിനു കൂട്ടു പിടിച്ചത് ക്ലിഷേയായ രംഗങ്ങളും സന്ദര്‍ഭങ്ങളും.
ഒടുവില്‍ ഇത്രയും നേരം ആരും ശ്രദ്ധിക്കാതെ കഥയുടെ ഭാഗമായി നിന്ന ഒരാളിലേക്ക് വിരല്‍ ചൂണ്ടുന്ന ആ പതിവു കുറ്റാന്വേഷണ സിനിമയായി ഗ്രേറ്റ് ഫാദര്‍ മാറുന്നു. മൂന്ന് മണിക്കൂറോളം പ്രേക്ഷകന്‍ തിയ്യറ്ററിനകത്ത് കാത്തിരുന്നത് ജോക്കറുടെ മുഖംമൂടിയണിഞ്ഞെത്തുന്ന സീരിയല്‍ കില്ലര്‍ ആരെന്നറിയാനായിരുന്നു. മെമ്മറീസടക്കമുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ കണ്ടതുപോലെ അത്രയും നേരം പ്രതീക്ഷിക്കാതിരുന്ന ഒരാളെ വില്ലനായി പ്രതിഷ്ഠിക്കുകയാണ് ഗ്രേറ്റ് ഫാദറും ചെയ്തിരിക്കുന്നത്. എന്നാല്‍ കണ്ടു കണ്ട് ഈ രീതിയിന്ന് മലയാളിയ്ക്കു ചിരപരിചിതമായിരിക്കുന്നു. അതുകൊണ്ടു തന്നെ ജോക്കര്‍ ആരെന്നു നേരത്തെ തന്നെ മനസ്സിലായാല്‍ പ്രേക്ഷകനെ കുറ്റം പറയാന്‍ പറ്റില്ല. കുറ്റാന്വേഷണ ത്രില്ലറായ ചിത്രത്തിലെ വില്ലന്റെ സ്വഭാവ വൈകൃതം വ്യക്തമാകുന്നത് അയാള്‍ തന്റ ഇരകളെ കൊലപ്പെടുത്തുന്ന രീതികളിലൂടെയായിരുന്നു. എന്നാല്‍ സാമൂഹ്യ പ്രതിഭദ്ധത നിറവേറ്റാനായി അണിയറ പ്രവത്തകര്‍ മൃതദേഹങ്ങളെ ബ്ലര്‍ ചെയ്താണ് കാണിച്ചിരിക്കുന്നത്. ഇത് വില്ലന്‍ കഥാപാത്രത്തിന്റെ പൈശാചിത സ്വഭാവത്തെ വ്യക്തമാക്കാനുള്ള അവസരത്തെ നശിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെ വെച്ചുനോക്കിയാല്‍ ഹനീഫ് അദേനി എന്ന നവാഗത സംവിധായകന്റെ ശ്രമം പ്രശംസനാര്‍ഹമാണ്. മമ്മൂട്ടിയിലെ മെഗാസ്റ്റാറിനെ പരമാവധി അയാള്‍ ഉപയോഗിച്ചിട്ടുണ്ട്. ഭാവതീവ്രമായ രംഗങ്ങളില്‍ അഭിനയിക്കുമ്പോളുള്ള കയ്യടക്കവും സൂക്ഷമതയും ആ മഹാനടന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നു. എന്നാല്‍ അതിനെ മുതലെടുക്കാന്‍ മാത്രം കാമ്പുള്ള തിരക്കഥയില്ലാതെ പോയെന്നതാണ് വാസ്തവം.
ആര്യയെ പോലൊരു താരത്തെ എന്തിന് ഈ ചിത്രത്തിന്റെ ഭാഗമാക്കിയെന്നും ന്യായീകരിക്കാന്‍ സംവിധായകന് സാധിക്കുന്നില്ല. നായകനോളം പോന്ന ഇന്റ്രോ ലഭിച്ചിട്ടും ഒടുവില്‍ കാറ്റു പോയ ബലൂണ്‍ പോലെയായി മാറുന്നു. സ്‌നേഹയ്ക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ തന്നെ ചിത്രമായ പുതിയ നിയമത്തില്‍ നയന്‍താര ചെയ്ത കഥാപാത്രത്തോട് സാമ്യം തോന്നുമെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ സ്‌നേഹയ്ക്ക് ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല കിട്ടിയത് ഭംഗിയാക്കാനും സാധിച്ചില്ല. എടുത്തു പറയേണ്ടത് കലാഭവന്‍ ഷാജോണിന്റെ പ്രകടനമാണ്. ചെറുതെങ്കിലും അയാളത് മനോഹരമാക്കിയിരിക്കുന്നു.
എഡിറ്റിംഗിന്റെ അപാകത ചിത്രത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം നന്നായി ലാഗ് ചെയ്യുന്നുണ്ട്. പശ്ചാത്തല സംഗീതവും ഗാനങ്ങളും കാര്യമായി ഗുണം ചെയ്തിട്ടില്ല. ക്യാമറ ശരാശരിയ്ക്ക് മുകളിലാണ്. സീരിയല്‍ കില്ലറുടെ മാനസിക വൈകൃതത്തെ അടിയുറപ്പിക്കാന്‍ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ടെങ്കിലും മറ്റു രംഗങ്ങളിലേക്ക് എത്തുമ്പോള്‍ മികവ് നഷ്ടമാകുന്നു.
Final Verdict
സമകാലിക കേരളം വളരെ ഗൗരവ്വത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം തെരഞ്ഞെടുത്തു എന്നതാണ് ചിത്രത്തിന്റെ മേന്മ. ഒരുപക്ഷെ അതുകൊണ്ടു മാത്രം പ്രേക്ഷകന്റെ വികാരത്തെ ഉണര്‍ത്താന്‍ സാധിച്ചേക്കും. രണ്ടാം പകുതി ആരാധകന്റേത് മാത്രമാകുമ്പോള്‍ മാസ് ആക്കാന്‍ വേണ്ടിയുള്ള പല രംഗങ്ങളും കേവല ശ്രമങ്ങള്‍ മാത്രമായിരുന്നു. സ്റ്റൈലിഷ് ക്ലോസ് അപ്പ് ഷോട്ടുകളും വന്‍ലൈന്‍ പഞ്ച് ഡയലോഗുകളും ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ആരാധകര്‍ക്ക് തങ്ങളുടെ ആരാധന മൂര്‍ത്തിയെ കണ്ട് കയ്യടിക്കാന്‍ വേണ്ടി ഒരുക്കിയ ചിത്രം മാത്രമാണ് ഗ്രേറ്റ് ഫാദര്‍.