ടൈറ്റില്‍ കണ്ടു പേടിക്കണ്ട, ഇത് മറ്റൊരു സിനിമാ നിരൂപണം അല്ല. ഒരു സിനിമാ നിരൂപകനെ കൂടി ഭൂമി മലയാളം താങ്ങില്ല.
ഇത്, വര്‍ഷങ്ങളായി സ്വന്തം വീട്ടിലെ അടുക്കളയില്‍ നടക്കുന്നതെന്തെന്നറിയാന്‍ ഒന്നര മണിക്കൂര്‍ നീളമുള്ള സിനിമ കാണേണ്ടി വന്ന, ആ സിനിമ കണ്ട ആവേശത്തില്‍ താന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം പോലെയുള്ള മറ്റൊരു എം.സി.പി അല്ലെന്ന് സ്വയം ബോധ്യപെടുത്താന്‍ അടുക്കളയില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന മരമണ്ടന്മാരായ മധ്യവര്‍ഗ ഭര്‍ത്താന്‍ക്കന്മാര്‍ക്കുള്ള കുറച്ചു ഉപദേശങ്ങളാണ്.
താത്വിക അവലോകനമല്ല, ചില പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് ഉദ്ദേശിക്കുന്നത്.
ആദ്യമായി നിങ്ങള്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ ആരംഭ ശൂരത്വം ആണെന്ന് തിരിച്ചറിയുക. ഒരു നല്ല സിനിമ കണ്ട ആവേശം അടുത്ത നല്ല സിനിമ കാണുന്നത് വരെയേ ഉണ്ടാവൂ. അത് കഴിഞ്ഞാല്‍ നിങ്ങള്‍ വീണ്ടും അടുക്കള വിട്ടു ചാമക്കാലയും സന്ദീപ് വാര്യരും തമ്മിലുള്ള തെറിവിളി ആസ്വദിച്ചു സോഫയില്‍ കിടക്കും. നിങ്ങളുടെ ഭാര്യക്കും അതറിയാം.
ഏതൊരു സങ്കീര്‍ണ പ്രശ്‌നത്തിനും പോലെ ഈ പ്രശ്‌നത്തിനും ഹ്രസ്വ കാല പരിഹാരങ്ങളും ദീര്‍ഘ കാല പരിഹാരങ്ങളും വേണം. കിച്ചന്‍ സിങ്കിന്റെ പൈപ്പ് ലീക്കായാല്‍ അന്ന് തന്നെ ഒരു പ്ലംബറെ വിളിച്ചു റിപ്പയര്‍ ചെയ്യണമെന്ന് നിങ്ങള്‍ക്ക് ഇതിനകം മനസ്സിലായിട്ടുണ്ടാകും, നല്ലത്. പക്ഷെ അതൊരു തുടക്കം മാത്രം.
ഒരു മധ്യവര്‍ഗ ഭര്‍ത്താവെന്ന നിലയില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പഴയ മോട്ടോര്‍ സൈക്കിള്‍, വീട്ടില്‍ ഒരു ഫ്രിഡ്ജ്, ഒരു വാഷിംഗ് മെഷീന്‍ എന്നിവ സ്വന്തമായിട്ടുണ്ടാകും. ആ മോട്ടോര്‍ സൈക്കിള്‍ വിറ്റ് അതിന്റെ കൂടെ ഒരു ലക്ഷം രൂപ ചേര്‍ത്ത് നല്ലൊരു ബുള്ളറ്റ് വാങ്ങാനായിരിക്കും നിങ്ങളുടെ ഇപ്പോഴത്തെ പ്ലാന്‍.
പാടില്ല, നമ്മുടെ ഹ്രസ്വകാല പ്ലാനിനു വേണ്ടി ആ ഒരു ലക്ഷം നീക്കി വക്കണം. നിങ്ങളുടെ മുന്‍ഗണന ക്രമത്തില്‍ ബുള്ളറ്റിനും കാറിനും മുമ്പേ വരേണ്ട മറ്റു ചില സാധനങ്ങളുണ്ട്, ഭാര്യയുടെ കഷ്ടപ്പാട് കുറക്കുകയും അതിനാല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കാര്യമായ പുരോഗതി വരുത്തുകയും ചെയ്യുന്ന സാധനങ്ങള്‍.
ഒന്ന്, നിങ്ങളുടെ വീട്ടില്‍ ഇപ്പോഴുള്ള സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ എന്ന സാധനം കിട്ടുന്ന വിലക്ക് വിറ്റിട്ട് ഒരു ഫുള്‍ ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വാങ്ങണം. സെമി ഓട്ടോമാറ്റിക് എന്നത് സത്യത്തില്‍ മാന്വല്‍ ആണ്. രണ്ടു മൂന്നു പ്രവശ്യം തുണി പുറത്തെടുക്കണം, വെള്ളം മാറ്റണം, പിഴിയണം, ഉണക്കണം അങ്ങനെ ദിവസം ഒന്ന് രണ്ടു മണിക്കൂര്‍ അതിന്റെ പിറകെ ചുറ്റി തിരിയണം.
ഫുള്‍ ഓട്ടോമാറ്റിക് വാഷിംഗ് മെഷീനില്‍ തുണിയിട്ടാല്‍ പിന്നെ മൂന്നാലു മണിക്കൂര്‍ കഴിഞ്ഞു ആ വഴിക്ക് വന്നാല്‍ മതി. ഏകദേശം 15000 രൂപ ഇതിന് ചിലവാക്കണം.
രണ്ട്, മലയാളി ഇടത്തരക്കാരുടെ വീടുകളില്‍ പൊതുവെ കാണാത്ത പുതിയൊരു സാധനം വാങ്ങണം, വസ്ത്രമുണക്കുന്ന ഡ്രയര്‍. വാഷിംഗ് മെഷീനില്‍ നിന്നെടുത്ത വസ്ത്രങ്ങള്‍ ഡ്രയറിലിട്ടാല്‍ ഒരു മണിക്കൂറിന് ശേഷം നേരെ അലമാരയില്‍ മടക്കി വക്കാം. വസ്ത്രങ്ങള്‍ അയയില്‍ ഉണങ്ങാനിടുന്നത് അത്ര വലിയ ആനകാര്യമാണോ എന്ന് തോന്നുതിന്റെ കാരണം ആ ജോലി നിങ്ങള്‍ ഒരിക്കലും ചെയ്യാത്തത് കൊണ്ടാണ്.
ഒരു ശരാശരി മലയാളി സ്ത്രീജീവിതത്തിലെ വലിയൊരു തലവേദനകളിലൊന്നാണത്, ഇരുപതിനായിരത്തിനടുത്ത് ചിലവാക്കിയാല്‍ അത് തീര്‍ന്നു കിട്ടും. വാങ്ങുന്നതിന് മുമ്പ് ആരോടും അഭിപ്രായം ചോദിക്കരുത്, പണ്ട് വാഷിംഗ് മെഷീനിനെ പറ്റി പറഞ്ഞ കുറ്റങ്ങളൊക്കെ ഡ്രയറിനെ പറ്റിയും പറയും, അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.
മൂന്ന്, ചൂട് വെള്ളവും തണുത്ത വെള്ളവും കിട്ടുന്ന വാട്ടര്‍ ഡിസ്‌പെന്‍സര്‍. എണ്ണായിരം രൂപയുടെ അടുത്താവും. ഇടയ്ക്കിടെ ചായക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം തിളപ്പിക്കുക എന്നത് വലിയ ഒരു അധ്വാനമായിട്ടല്ല. ഒരു ചായകുടിക്കുക എന്നാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് ഒരു റിലാക്‌സ് ആകുമ്പോള്‍ സ്ത്രീകള്‍ക്ക് അതൊരു അധ്വാനമാണ്, പ്രത്യേകിച്ച് അഥിതികളാരെങ്കിലും വരുമ്പോള്‍.
തിളച്ച വെള്ളത്തില്‍ മാത്രം ചായ ഉണ്ടാക്കി കുടിച്ച ആണുങ്ങള്‍ക്ക് ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നും, പിന്നെ ശീലമായിക്കോളും. ഡിസ്‌പെന്‍സര്‍ ഉണ്ടെങ്കില്‍ ആണുങ്ങളും കുട്ടികളും പ്രായമുള്ളവരും സ്വയം വെള്ളമെടുത്തു കുടിച്ചോളും, ഇല്ലെങ്കില്‍ അതിനും പെണ്ണുങ്ങള്‍ ഓടണം.
നാല്, ഡിഷ് വാഷര്‍ – അല്പം വിലകൂടുതലാണ്. ഏകദേശം മുപ്പത്തയ്യായിരത്തിനടുത്ത് വരും വില. നമ്മുടെ ബുള്ളറ്റിന്റെ ബഡ്ജറ്റില്‍ ഇനിയും പൈസ ബാക്കിയുള്ളതിനാല്‍ വാങ്ങിക്കാം. പാത്രങ്ങളും പ്ലേറ്റും ഗ്ലാസ്സുമൊക്കെ കഴുകി തുടച്ചു വെക്കുന്നതാണ് അടുക്കളയിലെ ഏറ്റവും വലിയ ജോലി എന്ന് അടുക്കളയില്‍ കയറാത്ത ആണുങ്ങള്‍ പോലും സിനിമ കണ്ടു മനസ്സിലായിരിക്കും.
കുറച്ചധികം പ്ലേറ്റും ഗ്ലാസും പാത്രങ്ങളുമൊക്കെ വാങ്ങണം. രാവിലെ മുതല്‍ കഴുകേണ്ട പത്രങ്ങളൊക്കെ ഡിഷ് വാഷറില്‍ നിറച്ചു വച്ച് രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് ഓണാക്കിയാല്‍ മതി, രാവിലെ നല്ല തിളങ്ങുന്ന പത്രങ്ങള്‍ തിരിച്ചെടുക്കാം. ഡിന്നര്‍ കഴിഞ്ഞയുടനെ പെണ്ണുങ്ങള്‍ക്കും അടുക്കള വിടാം.
അഞ്ച്, മൈക്രോവേവ് ഓവന്‍. നിരവധി വീടുകളില്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇനി അഥവാ നിങ്ങളുടെ വീട്ടിലില്ലെങ്കില്‍ ഉടനെ വാങ്ങണം. പതിനായിരത്തില്‍ താഴെയാണ് വില. ഭക്ഷണം അടുപ്പത്ത് ചൂടാക്കുക എന്നത് സമയമെടുക്കും എന്നത് മാത്രമല്ല, ചെറിയ അളവില്‍ ഭക്ഷണം ചൂടാക്കുന്നതും എളുപ്പമല്ല, കഴുകാനുള്ള പാത്രങ്ങളുടെ എണ്ണവും കുറക്കാം.
ഇതൊക്കെ ഉപയോഗിക്കുമ്പോള്‍ ആയിരത്തഞ്ഞൂറ് രൂപക്കടുത്തു മാസത്തില്‍ കറണ്ട് ബില്ല് കൂടും, ബുള്ളറ്റ് വാങ്ങിയാല്‍ മാസത്തില്‍ 20 ലിറ്റര്‍ പെട്രോള്‍ കൂടുതല്‍ വേണം, ആ കാശ് ഇവിടെ ചിലവായി എന്ന് വിചാരിച്ചാല്‍ മതി.
ഇനി ജീവിതത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍.
ഒന്ന്, സ്ത്രീ-വിരുദ്ധ ഭക്ഷണങ്ങള്‍ പരമാവധി കുറക്കുക. മസാല ദോശ, പുട്ടും കടലയും, ഇഡ്ഡലി-ചട്ണി-സാമ്പാര്‍, ബിരിയാണി, സദ്യ തുടങ്ങി നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ മിക്കതും അടുക്കള നിറച്ചു പെണ്ണുങ്ങളും അവര്‍ക്ക് രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നു വരെ അവിടെ കിടന്ന് മെഴുകാനുള്ള സന്നദ്ധതയും ഉണ്ടായിരുന്ന കാലത്തിന്റെ തിരു ശേഷിപ്പുകളാണ്.
ഇക്കാലത്തു ഇവയെ സ്ത്രീ-വിരുദ്ധ ഭക്ഷണങ്ങളായേ കാണാന്‍ കഴിയൂ. അഞ്ചോ പത്തോ മിനുട്ട് കൊണ്ട് പാചകം ചെയ്യാന്‍ കഴിയുന്ന സാന്‍ഡ്-വിച്ച്, ബര്‍ഗര്‍, ഓംലറ്റ്-ബ്രെഡ്, ന്യൂഡില്‍സ്, പാസ്ത, ബ്രെഡ്-പീനട്ട് ബട്ടര്‍-ജാം തുടങ്ങിയവയാണ് ആധുനിക കാലത്തെ ഭക്ഷണങ്ങള്‍. ലോകം മുഴുവന്‍ അതാണ് കഴിക്കുന്നത്.
എന്ന് വച്ച് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ സ്ത്രീ-വിരുദ്ധ ഭക്ഷണങ്ങളാവാം, മസാലദോശ, ഇഡ്ഡലി തുടങ്ങിയ ശരവണഭവനിലും, ബിരിയാണിയും പത്തിരിയുമൊക്കെ റഹ്മത്ത് ഹോട്ടലിലും.
രണ്ട്, ഫ്രഷ് ഫുഡ് എന്നാല്‍ എന്തോ വലിയ സംഭവമാണെന്ന ധാരണ ഒഴിവാക്കുക. അടുക്കളയില്‍ നിന്ന് ചൂടോടെ പ്ലേറ്റിലേക്ക് സെര്‍വ് ചെയ്യാന്‍ ഭാര്യ എന്നത് ഉഡുപ്പി ഹോട്ടലിലെ വെയിറ്ററല്ല. മീന്‍കറിയും ബീഫ്-ഫ്രൈയുമൊക്കെ മൂന്നോ നാലോ ദിവസം ഫ്രിഡ്ജില്‍ വക്കുകയും ആവശ്യത്തിന് ചെറിയ അളവില്‍ ഓവനില്‍ വച്ച് ചൂടാക്കി കഴിക്കുകയും ചെയ്യുന്നതാണ് ശാസ്ത്രീയവും ബുദ്ധിപരവും.
മൂന്ന്, ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഹോട്ടല്‍ ഭക്ഷണം കഴിക്കരുത് എന്ന പ്രചാരണം നടത്തുന്ന മോഹനന്‍ വൈദ്യന്മാരുടെ അടുക്കളകളില്‍ കുറെ പെണ്ണുങ്ങള്‍ കിടന്ന് തുരുമ്പെടുക്കുന്നുണ്ടാകും. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം ഹോട്ടല്‍ ഭക്ഷണം കഴിക്കുകയും വൈകിട്ട് വീട്ടില്‍ വരുമ്പോള്‍ ഡിന്നറിന് വല്ലതും വാങ്ങിച്ചിട്ടു വരികയും ചെയ്യുന്നത് ശീലമാക്കണം.
നാല്, വീട് വൃത്തിയാക്കുന്നത്. ദിവസവും അടിച്ചു വാരുന്നതും, ആഴ്ചയില്‍ ഒരു ദിവസം തുടക്കുന്നതും യോഗ ചെയ്യുന്നതിനേക്കാള്‍ നല്ലതാണ്. അത് ആണുങ്ങള്‍ ചെയ്യണം. അടിച്ചുവാരല്‍ ആസനം എന്ന് പേരിട്ടാല്‍ മതി, യോഗ മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.
രാത്രി കിടക്കുന്നതിനു മുമ്പ് മറ്റൊരാസനം കൂടി ചെയ്യാനുണ്ട്. ഇസ്തിരിയാസനം. പിറ്റേന്നത്തേക്കുള്ള കുട്ടികളുടെ യൂണിഫോമും, നിങ്ങളുടെയും ഭാര്യയുടെയും വസ്ത്രങ്ങളുമൊക്കെ കിടക്കുന്നതിനു മുമ്പ് ഇസ്തിരിയിടണം. ഇരുപത് മിനിറ്റോളം പിടിക്കും. നന്നായി ഉറക്കം കിട്ടാന്‍ ഇത് സഹായിക്കും.
അഞ്ച്, ഡിഷ് വാഷര്‍ വാങ്ങണമെന്ന് ആദ്യ ഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ. ഭക്ഷണം കഴിച്ച പ്ലേറ്റെടുത്തു ആ ഡിഷ് വാഷറില്‍ കൊണ്ട് പോയി വക്കണം. അത്ര വലിയ ജോലിയൊന്നുമല്ല. കഷ്ടിച്ചു 30 സെക്കന്റ് മതി.
ഇത്രയും ചെയ്തു കഴിയുമ്പോള്‍ ഭാര്യക്ക് കുറച്ചൊക്കെ പരിഗണന കൊടുക്കുന്ന ഒരു പുരോഗമന ഭര്‍ത്താവായി നിങ്ങള്‍ മാറും.
പുരുഷന്മാരോട് ഇത്രയും പറഞ്ഞിട്ട് സ്ത്രീകളോട് ഒന്നും പറയാതെ പോകുന്നത് ശരിയല്ല. കല്യാണം കഴിഞ്ഞ സ്ത്രീകളോട് അവരവരുടെ തലവിധിയനുസരിച്ച് ജീവിക്കുക എന്നെ പറയാനുള്ളൂ.
കല്യാണം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടികളോടാണ് പറയാനുള്ളത്. അറേഞ്ച്ഡ് മാര്യേജ് എന്ന ഏര്‍പ്പാട് തന്നെ നിങ്ങള്‍ക്കെതിരാണ്, ഒരു പ്രാവശ്യം കണ്ട്, രണ്ടോ മൂന്നോ ചോദ്യവും ചോദിച്ചു ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് തന്നെ ഒരു ഓഞ്ഞ ഏര്‍പ്പാടാണ്. എന്നാലും വേറെ വഴിയില്ലാത്ത, തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാണ് നിങ്ങളെങ്കില്‍ താഴെ പറയുന്ന രണ്ടു മൂന്ന് കാര്യങ്ങള്‍ മനസ്സിലാക്കണം.
കേരളത്തിലെ 90% ആണ്‍കുട്ടികളും എം.സി.പികള്‍ ആകാന്‍ വേണ്ടി വളര്‍ത്തപ്പെട്ടവരാണ്. മിക്കവാറും ആരും സ്വന്തം വീട്ടില്‍ താന്‍ കഴിച്ച പാത്രം കഴുകി വെക്കുകയോ താനുപയോഗിക്കുന്ന കക്കൂസ് ഒരു പ്രാവശ്യം പോലും വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. മിക്കവാറും പേര്‍ സ്വന്തം അടിവസ്ത്രം പോലും അമ്മയെയോ പെങ്ങളേയോ ചേട്ടത്തിയമ്മമാരെയോ കൊണ്ടാണ് അലക്കിപ്പിക്കുന്നത്.
ഇക്കൂട്ടത്തില്‍ ഒരാളെയാണ് നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നത്. അങ്ങനെയാവരുതേ എന്ന് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം, പക്ഷെ അതിന് പത്തിലൊന്നേ സാധ്യതയുള്ളൂ. പത്തില്‍ ഒന്‍പത് സാധ്യത നിങ്ങള്‍ ഒരു എം.സി.പിയെ വിവാഹം കഴിക്കാനാണ്.
പെണ്ണുകാണല്‍ ചടങ്ങിന് സാധാരണ ചോദിക്കുന്ന എന്താ പേര്, എത്ര വരെ പഠിച്ചു എന്നീ രണ്ടു ചോദ്യങ്ങള്‍ക്കു പുറമെ ചെറുക്കനോട് മൂന്നു ചോദ്യങ്ങള്‍ കൂടി ചോദിക്കുന്നത് അയാള്‍ എം.സി.പി ആണോ എന്നറിയാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഭക്ഷണം കഴിച്ച പ്ലേറ്റ് ആരാണ് കഴുകുന്നത്, നിങ്ങള്‍ ഉപയോഗിക്കുന്ന കക്കൂസ് ആരാണ് വൃത്തിയാക്കുന്നത്, നിങ്ങളുടെ അടിവസ്ത്രങ്ങള്‍ അലക്കുന്നത് ആരാണ് എന്നിവയാണ് ആ മൂന്നു ചോദ്യങ്ങള്‍.
ഇങ്ങനെയുള്ള ഒരുത്തനെ കല്യാണം കഴിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള ജീവിതം പ്രഷര്‍ കുക്കറിലെ ബീഫ് മാതിരി ആയിരിക്കും. ഒന്നുകില്‍ വെന്തു തീരും അല്ലെങ്കില്‍ പൊട്ടിത്തെറിക്കും. ഒരേ ഒരു സേഫ്റ്റി വാല്‍വ് മാത്രമേ നിങ്ങള്‍ക്കുള്ളു – ജോലി. അടുക്കളയില്‍ നിന്ന് രക്ഷപ്പെട്ട് ദിവസവും പുറത്തേക്ക് പോകാന്‍ ഒരു ജോലി നിങ്ങളെ സഹായിക്കും, ഒരു വ്യക്തി എന്ന നിലക്കുള്ള പരിഗണയും ലഭിക്കും.
അതുകൊണ്ട് ജോലി കിട്ടുന്നത് വരെ കല്യാണം കഴിക്കരുത്, എത്ര സമ്മര്‍ദ്ദമുണ്ടായാലും പിടിച്ചു നില്‍ക്കണം. കേരളത്തിലെ മിക്കവാറും പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടുന്നവരായത് കൊണ്ട് വിദ്യാഭ്യാസത്തിനനുസരിച്ച ജോലിക്ക് വേണ്ടി കാത്തു നില്‍ക്കരുത്. എന്തെങ്കിലും ജോലി, അത് മതി.
അതുപോലെ തന്നെ പ്രധാനമാണ് ഡ്രൈവിംഗ്. വെറുതെ ലൈസന്‍സ് എടുത്തു വീട്ടില്‍ വെക്കുന്നതല്ല, നന്നായി ഏതു വണ്ടിയും ഓടിച്ചു എവിടെയും പോകാനുള്ള സ്‌കില്‍സും ധൈര്യവും കല്യാണത്തിന് മുമ്പേ സ്വന്തമാക്കണം, പറ്റുമെങ്കില്‍ ചെറിയൊരു വണ്ടിയും. ജോലി നിങ്ങള്‍ക്ക് ആദരവും സമത്വവും നല്‍കുമെങ്കിലും ഡ്രൈവിംഗ് സഞ്ചാര സ്വാതന്ത്ര്യം നല്‍കും എന്ന് മാത്രമല്ല ജീവിതത്തില്‍ കാര്യമായ മാറ്റവും വരുത്തും.
കല്യാണം കഴിഞ്ഞതിനു ശേഷം ജോലി അന്വേഷിക്കാമെന്ന് നിങ്ങളെ കല്യാണം കഴിക്കാന്‍ പോകുന്ന എം.സി.പി വാഗ്ദാനം ചെയ്യും, കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്. കല്യാണം കഴിഞ്ഞു ആദ്യത്തെ മൂന്നാലു മാസം ഹണിമൂണും സല്‍ക്കാരവും വിരുന്നുമൊക്കെയായി പോകും. ആ സമയത്തെന്തായാലും ജോലി അന്വേഷിക്കാന്‍ പറ്റില്ല. അപ്പോഴേക്കും വിശേഷം ആകും.
ഇനിയിപ്പം പ്രസവത്തിനു ശേഷം ജോലി അന്വേഷിക്കാമെന്ന് എം.സി.പി പറയും. പ്രസവം കഴിഞ്ഞാല്‍, കുഞ്ഞു കുറച്ചു വലുതാവട്ടെ എന്ന് പറയും. അങ്ങനെ രണ്ടു മൂന്നു വര്‍ഷം കഴിയുമ്പോള്‍ അടുത്ത വിശേഷം ആകും. ഇതൊക്കെ കഴിയുമ്പോഴേക്കും ഒരു കരിയര്‍ ഉണ്ടാക്കിയെടുക്കാനുള്ള പ്രായവും ഊര്‍ജവും ഇല്ലാതായിട്ടുണ്ടാകും.
അതുകൊണ്ട്, ജോലി, അതെന്തു ജോലിയും ആയിക്കൊള്ളട്ടെ, ഇല്ലാതെ കല്യാണം കഴിച്ചാല്‍ നിങ്ങളുടെ ജീവിതം അടുക്കളയില്‍ ചിതലെടുത്തു തീരും. മുപ്പതോ നാല്പതോ കൊല്ലം കഴിയുമ്പോള്‍ നിങ്ങളുടെ മക്കളോ കൊച്ചുമക്കളോ നിങ്ങളുണ്ടാക്കുന്ന സാമ്പാറിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ ഒരു നൊസ്റ്റാള്‍ജിയ പോസ്റ്റിടും, അതായിരിക്കും ചിതലരിച്ച ജീവിതത്തില്‍ നിങ്ങളുടെ ഒരേ ഒരു സന്തോഷം.
വാല്‍ക്കഷ്ണം: അടുക്കള കന്നിമൂലക്ക് വേണം, വടക്കേ മൂലക്ക് വേണം, തെക്കേ മൂലക്ക് വേണം എന്നൊക്കെ കാണിപ്പയ്യൂരും ജോത്സ്യന്മാരും ആശാരിമാരുമൊക്കെ പറയും, ഒക്കെ മണ്ടത്തരമാണ്. സത്യം പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ മാത്രമാണിപ്പോള്‍ അടുക്കള വീട്ടിന്റെ മൂലക്ക്, ലോകം മുഴുവന്‍ വീട്ടിന്റെ ഒത്ത നടുക്കാണ് അടുക്കള. ദി ഗ്രേറ്റ് അമേരിക്കന്‍ കിച്ചന്‍. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന വി.ടി ഭട്ടതിരിപ്പാടിന്റെ മുദ്രാവാക്യം മാറ്റാന്‍ സമയമായി – അടുക്കള അരങ്ങത്തേക്ക്.
**എംസിപീ – https://www.urbandictionary.
ഫാറൂഖ് എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: The Great American Kitchen K Farooq writes