പാറ്റ്‌ന: വരാന്‍ പോകുന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ച് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും. 163 പ്ലസ് 80 എന്ന ഫോര്‍മുലയിലാണ് ഇരുപാര്‍ട്ടികളും ആദ്യം എത്തി നില്‍ക്കുന്നത്.
ബീഹാറിലെ 243 അംഗ നിയമസഭയില്‍ ആര്‍.ജെ.ഡിക്ക് 81ഉം കോണ്‍ഗ്രസിന് 27 അംഗങ്ങളുമാണ് നിലവിലുള്ളത്. 163 സീറ്റുകളാണ് ആര്‍.ജെ.ഡിയ്ക്ക് നല്‍കുക. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, സി.പി.ഐ.എം.എല്‍, ബി.എസ്.പി എന്നിവര്‍ക്കുള്ള സീറ്റുകള്‍ ആര്‍.ജെ.ഡിയുടെ ക്വാട്ടയില്‍ നിന്നാണ് നല്‍കുക.
രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, സി.പി.ഐ എന്നിവര്‍ക്കുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കും. കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ള 80 സീറ്റുകളില്‍ നിന്നാണ് ഇത് നല്‍കുക. 10 സീറ്റുകള്‍ കൂടി അധികം ലഭിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.
സഖ്യത്തിലെ പ്രധാന പാര്‍ട്ടികളായ ആര്‍.ജെ.ഡിയും കോണ്‍ഗ്രസിനെയും കൂടാതെയുള്ള പാര്‍ട്ടികളെല്ലാം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യത്തെ തൃപ്തിപ്പെടുത്തുക എന്നത് ഇരുപാര്‍ട്ടികളെയും സംബന്ധിച്ച് വലിയ കടമ്പയാണ്.