| Friday, 18th February 2022, 9:17 am

ഗവര്‍ണറെ നിലക്ക് നിര്‍ത്തണം, ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ അല്‍പത്തരം നടപ്പാക്കാനുള്ള സ്ഥാനമല്ല: സി.പി.ഐ മുഖപത്രം ജനയുഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചെയ്തത് ഭരണഘടന വിരുദ്ധ നടപടിയാണെന്നും ഗവര്‍ണറെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഗവര്‍ണര്‍ കാണിച്ചത് പരിഹാസ്യമായ എതിര്‍പ്പാണ്. ഗവര്‍ണര്‍ പദവി രാഷ്ട്രീയ അല്‍പ്പത്തരത്തിന് ഉപയോഗിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളുടെ ഭരണനിര്‍വഹണ പ്രക്രിയയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ ഭരണഘടന വിരുദ്ധവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയുമായി മാറിയിരിക്കുന്നു.

ശക്തമായ കേന്ദ്രത്തിന്റെ പേരില്‍ ഫെഡറലിസത്തിന് നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിന് നേരെയും നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള ആയുധമായി മാറുകയാണ് ഗവര്‍ണര്‍ പദവിയെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

കേരളാ ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ലെന്നും അത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ അവലംബിക്കുന്ന പൊതു സമീപനം ആണെന്നും ഇതിനോടകം വ്യക്തമാണ്. ഗവര്‍ണര്‍ എന്നതിനെക്കാള്‍ ഉപരി ബി.ജെ.പിയുടെയും സംഘപരിവാര്‍ ആശയസംഹിതയുടേയും ഏജന്റായാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുവരുന്നത്.

തമിഴ്‌നാട് സര്‍ക്കാര്‍ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് എതിരായി പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാതെ തടഞ്ഞുവെച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ചട്ടകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.

ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ അല്‍പത്തരം നടപ്പാക്കാനുള്ള സ്ഥാനമല്ല. മോദി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ ഹീനശ്രമങ്ങള്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാറുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്. അതല്ലാത്തപക്ഷം ഭരണഘടനയുടെ തകര്‍ച്ചയായിരിക്കും ഫലമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വിലപേശലുകള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്. പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നടപടി.

പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.

ഗവര്‍ണറുടെ അഡീഷണല്‍ പി.എ. സ്ഥാനത്ത് ഹരി എസ്. കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ജ്യോതിലാല്‍ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനില്‍ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.

പൊതുഭരണ സെക്രട്ടറിയായ കെ.ആര്‍. ജ്യോതിലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സര്‍ക്കാര്‍ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു.

നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുന്നത് ഗവര്‍ണറുടെ ഭരണ ഘടനാ ബാധ്യതയാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.

പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സി.എ.ജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സി.എ.ജിയെ നേരില്‍ വിളിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.

നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ച് തിരികെ സര്‍ക്കാറിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് വെള്ളിയാഴ്ച നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക.

നിയമസഭ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയത്.


Content Highlights: The governorship is not the place to implement the political pettiness of BJP: Janayugam

We use cookies to give you the best possible experience. Learn more