| Monday, 13th December 2021, 5:00 pm

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പരസ്യമായി പറയുന്ന ഗവര്‍ണര്‍ രാജിവെക്കണം: മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പരസ്യമായി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പറയുന്ന ഗവര്‍ണര്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പരസ്യമായി ആവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും തങ്ങള്‍ ഒരിടത്തും വഴിവിട്ട് പ്രവര്‍ത്തിച്ചതായി സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമന വിഷയത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ അനുകൂല നിയമോപദേശം ഉണ്ടായിരുന്നു. അത് ഗവര്‍ണര്‍ക്ക് ഇഷ്ടാമാവുന്നില്ല. സര്‍ക്കാരിനെ ഉപദേശിക്കാനാണ് എ.ജി പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഗവര്‍ണറുടെ വാക്ക് കേട്ട് പ്രവര്‍ത്തിക്കാനല്ല.

നിയമനവുമായി ബന്ധപ്പെട്ട് എ.ജിയുടെ റിപ്പോര്‍ട്ട് കൂടെ വന്നതോടെ നിയമനത്തെ എതിര്‍ക്കാന്‍ ഗവര്‍ണര്‍ക്ക് വഴിയില്ലാതായി. ഗവര്‍ണര്‍ക്ക് നിയമനം അംഗീകരിക്കേണ്ടി വരികയും ചെയ്തു. അന്ന് എന്തുകൊണ്ടാണ് ഗവര്‍ണര്‍ നിയമനത്തെ എതിര്‍ക്കാതിരുന്നതെന്ന് സുദീപ് ചോദിക്കുന്നു.

നിയമനത്തെ അംഗീകരിച്ചതിന് ശേഷം സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണ് ഗവര്‍ണര്‍. എ.ജിയുടെ നിയമോപദേശം എങ്ങനെയാണ് സമ്മര്‍ദ്ദമാവുന്നതെന്നും സുദീപ് കൂട്ടിചേര്‍ത്തു.

താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടെന്നും സ്വയം ആവര്‍ത്തിക്കുന്ന ഗവര്‍ണറാണ് രാജിവെക്കേണ്ടത്.
ഇടതു സര്‍ക്കാരിനു പകരം യു.ഡി.എഫ് സര്‍ക്കാറും ആരിഫ് മുഹമ്മദ് ഖാനു പകരം സി.പി.ഐ.എം ഗവര്‍ണറും ആയിരുന്നെങ്കില്‍ ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങള്‍ സി.പി.ഐ.എമ്മിനെ പ്രതിചേര്‍ക്കുമായിരുന്നെന്നും പോസ്റ്റില്‍ പറയുന്നു.

താന്‍ വി.സിയെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് ഗവര്‍ണര്‍ സമ്മതിച്ച സ്ഥിതിക്ക് ഗവര്‍ണര്‍ പദവിയാണ് അദ്ദേഹം ഒഴിയേണ്ടതെന്ന് സുദീപ് പറയുന്നു.

വി.സിമാരുടെ നിയമനം കക്ഷി രാഷ്ട്രീയപരമായല്ല നടത്തുന്നതെന്നും അക്കാദമിക മികവുള്ള വി.സിമാരാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി നേരത്തെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നല്ല ബന്ധമാണ്. അദ്ദേഹത്തിന് മോശമായ രീതിയിലുള്ള ഒന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

യൂണിവേഴ്സിറ്റികളുടെ ചാന്‍സിലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അത് ഗവര്‍ണര്‍ തന്നെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഗവര്‍ണറുടെ പരസ്യപ്രസ്താവന ദുഖകരമാണ്. കേരളം ഒട്ടും മുന്നോട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാകുന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കരുത്. മനസാക്ഷിക്ക് വിരുദ്ധമായി ഗവര്‍ണര്‍ എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

അതേസമയം, സര്‍ക്കാറുമായി ഏറ്റമുട്ടലിനില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്. തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ഗവര്‍ണര്‍ കത്തില്‍ ഉന്നയിച്ചിരുന്നത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാറിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നുമായിരുന്നു ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നത്.

എസ്.സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജിവെക്കേണ്ടത് കേരള ഗവര്‍ണറാണ്. താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് പരസ്യമായി ആവര്‍ത്തിക്കുന്ന ആരിഫ് ഖാന് ആ സ്ഥാനത്തു തുടരാന്‍ എന്താണ് അര്‍ഹത? തങ്ങള്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതായി സര്‍ക്കാര്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം. എന്നാല്‍ താന്‍ സ്വയം വഴിവിട്ടു പ്രവര്‍ത്തിച്ചു എന്നു കരയുന്നത് ഗവര്‍ണറാണ്.

കണ്ണൂര്‍ വി.സിയുടെ പുന:നിയമനക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ അനുകൂല നിയമോപദേശം വരെയുണ്ടായിരുന്നു. അത് ഗവര്‍ണര്‍ക്കു സഹിക്കുന്നില്ല. സര്‍ക്കാരിനെ ഉപദേശിക്കാനാണ് മിസ്റ്റര്‍ ഗവര്‍ണര്‍, എ.ജി പ്രവര്‍ത്തിക്കുന്നത്. അല്ലാതെ കേന്ദ്രത്തിന്റെ ഏജന്റായ ഗവര്‍ണറുടെ താളത്തിനു തുള്ളാനല്ല.

എ.ജിയുടെ റിപ്പോര്‍ട്ടു കൂടി വന്നതോടെ നിയമനക്കാര്യത്തില്‍ എതിര്‍ക്കാന്‍ ഗവര്‍ണര്‍ക്കു പഴുതില്ലാതായി. നിയമനം അംഗീകരിക്കേണ്ടി വന്നു. അതിന് ഇപ്പോള്‍ കരയുന്നതെന്തിന്? അന്നെന്തുകൊണ്ട് ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചില്ല?

സര്‍ക്കാരുമായി ഏറ്റുമുട്ടലുണ്ടാക്കേണ്ട എന്നു കരുതിയത്രെ! സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയത്രെ! ഒപ്പിട്ടശേഷം സര്‍ക്കാരുമായി ഏറ്റുമുട്ടുക തന്നെയല്ലേ ഗവര്‍ണര്‍ ചെയ്യുന്നത്? അത് ഒപ്പിടുന്നതിനു മുമ്പും ആകാമായിരുന്നല്ലോ, മിസ്റ്റര്‍ ഗവര്‍ണര്‍? എ.ജിയുടെ നിയമോപദേശം എങ്ങനെയാണു സമ്മര്‍ദ്ദമാകുന്നത്? വേറൊരു ‘സമ്മര്‍ദ്ദവും’ ഗവര്‍ണര്‍ക്കു പറയാനില്ലെന്നു കൂടി ഓര്‍ക്കണം.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനല്ല ഗവര്‍ണറെ നിയമിച്ചിരിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെടാനുമല്ല.
താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ‘സമ്മര്‍ദ്ദങ്ങള്‍ക്കു’ വഴിപ്പെട്ടെന്നും സ്വയം ആവര്‍ത്തിക്കുന്ന ഗവര്‍ണറാണ് രാജിവെക്കേണ്ടത്.
ഇവിടെ ഇടതു സര്‍ക്കാരിനു പകരം യു.ഡി.എഫ് സര്‍ക്കാരും ആരിഫ് ഖാനു പകരം സി.പി.ഐ.എം ഗവര്‍ണറും ആയിരുന്നെങ്കില്‍ ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങള്‍ എങ്ങനെ അച്ചുനിരത്തുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ?

‘നിയമനം എജിയുടെ ഉപദേശത്തിന്മേല്‍, നിയമവിധേയം.’
‘ഗവര്‍ണര്‍ പറയുന്ന സമ്മര്‍ദ്ദം ഉപദേശം നല്‍കാന്‍ ബാധ്യതപ്പെട്ട എ.ജിയുടേത്.’
‘അന്ന് ഫയല്‍ മടക്കാതെ ഒപ്പിട്ട ഗവര്‍ണര്‍ ഇന്നു മലക്കം മറിഞ്ഞത് സി.പി.ഐ.എം ഭീഷണിയെ തുടര്‍ന്ന്.’
‘പൊളിറ്റ് ബ്യൂറോ കണ്ണുരുട്ടി, ഗവര്‍ണര്‍ വിറച്ചു.’
‘ഗവര്‍ണറെ ബ്ലാക്ക് മെയില്‍ ചെയ്തത് സി.പി.ഐ.എം ഉന്നതന്റെ പുത്രന്‍.’
‘നിയമവിരുദ്ധനായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗവര്‍ണര്‍, എന്നിട്ടും രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നു.’

നിയമവിരുദ്ധനാണെന്നു സ്വയം സമ്മതിച്ച ഗവര്‍ണര്‍ ഇടതു വിരുദ്ധനായതു കൊണ്ട് ഇപ്പോള്‍ ഇര മാത്രമായി.
എന്നിട്ടു പറയുന്ന ന്യായം കൂടി കേള്‍ക്കണം! താന്‍ വി.സിയെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ സമ്മതിച്ച സ്ഥിതിക്ക് ഗവര്‍ണര്‍ക്ക് വി.സി നിയമനത്തെ കോടതിയില്‍ ന്യായീകരിക്കാന്‍ കഴിയാത്തതിനാല്‍ വി.സി രാജിവയ്ക്കണമെന്ന്!

നിയമനം നിയമവിരുദ്ധമാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യുക, കോടതി തീരുമാനിക്കുക.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നു സ്വയം ബോദ്ധ്യമുള്ള ഗവര്‍ണര്‍ ഒഴിയേണ്ടത് ചാന്‍സലര്‍ പദവിയല്ല, ഗവര്‍ണര്‍ പദവിയാണ്.
ഗവര്‍ണര്‍ പദവി ഒരു അധികപ്പറ്റാണ്, പൊതുഖജനാവിന്റെ ദുര്‍വ്യയമാണ്. മന്ത്രിസഭയ്ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനായി മാത്രം ഒരു ഗവര്‍ണറെ തീറ്റിപ്പോറ്റേണ്ട ഒരാവശ്യവുമില്ല.

സത്യപ്രതിജ്ഞ ചൊല്ലാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രതിനിധിയോ മതി. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്ന ജോലി ഇന്ത്യന്‍ പ്രസിഡന്റിനു ചെയ്യാം. ചാന്‍സലര്‍ പദവി മുഖ്യമന്ത്രിക്കോ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ വഹിക്കാം.
സംഘപരിവാര്‍ ഏജന്റ് എന്ന ഏകയോഗ്യത മാത്രം കൈമുതലായ കടല്‍ക്കിഴവന്മാരെ കുടിയിരുത്താന്‍ വേണ്ടിയുള്ള ഗവര്‍ണര്‍ പദവിയാണ് എടുത്തു കളയേണ്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The governor who publicly claims to have acted illegally must resign S.Sudheep

We use cookies to give you the best possible experience. Learn more