കോഴിക്കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ റോഡിലിറങ്ങി ക്ഷുഭിതനായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ദുരുദ്ദേശത്തോടെയുള്ള അപകടകരമായ റോഡ് ഷോയാണെന്ന് മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍. ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചത്. ഗവര്‍ണറുടേത് അതിവൈകാരികതയുടെ ഭാഗമായുള്ള അനൗചിത്യ പ്രകടനമായിരുന്ന ഗവര്‍ണറുടെ നടപടിയെന്നും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചു.
മൈക്ക് കാണുന്നിടത്തെല്ലാം പ്രതികരിക്കുന്നതും റോഡ് ഷോകള്‍ കാണിക്കുന്നതും ജനകീയ ഗവര്‍ണര്‍ ആണെന്ന് കാണിക്കാനായിരിക്കുമെന്നും എന്നാല്‍ ജനകീയ ഗവര്‍ണര്‍ എന്നൊരു പദവിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഗവര്‍ണറെ ജനങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുന്നതല്ലെന്നും ഭരണഘടന പദവിയിലുള്ളവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ചുമതലകളാണ് അവര്‍ നിര്‍വഹിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
‘റോഡരികില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് റോഡിലിറങ്ങി ആക്രോശിച്ച നടപടി ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ആളില്‍ നിന്ന് പ്രതീക്ഷിക്കാനാവാാത്ത റോഡ് ഷോയാണ്. പ്രോട്ടോകോള്‍ ലംഘനം മാത്രമല്ല ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ നടപടിയിലുണ്ട്. അദ്ദേഹത്തിന്റെ മറ്റെല്ലാ നടപടിയും പോലെ ഇതും ദുരുദ്ദേശത്തോടെയുള്ളതാണ്.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടന പദവിയാണ് ഗവര്‍ണറുടേത്. അതിനനുസരിച്ചുള്ള പ്രോട്ടോകോളും സുരക്ഷയും ഗവര്‍ണര്‍ക്കുണ്ട്. അതെല്ലാം അവഗണിച്ചാണ് അദ്ദേഹം സിനിമസ്‌റ്റൈലില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയിലേക്ക് ചാടിയിറങ്ങിയത്. അതിവൈകാരികതയുടെ ഭാഗമായുള്ള അനൗചിത്യ പ്രകടനമായിരുന്നു അത്,’ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
content highlights: The Governor’s maliciously dangerous roadshow, Mike reacts everywhere he looks; Sebastian Paul with criticism