| Saturday, 4th March 2023, 7:50 pm

ഗവര്‍ണര്‍ ക്ഷണിച്ചു; മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി സാങ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറുടെ ക്ഷണം കിട്ടിയെന്ന് എന്‍.പി.പി നേതാവ് കോണ്‍റാഡ് സാങ്മ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും സാങ്മ പറഞ്ഞു.

ഈ മാസം ഏഴിന് പകല്‍ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേഘാലയയിലെ സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍.പി.പി- ബിജെ.പി സഖ്യത്തെയാണ് ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിനായി പിന്തുണക്കുന്ന എം.എല്‍.എമാരുടെ കണക്കുകള്‍ അടങ്ങുന്ന കത്ത് വെള്ളിയാഴ്ച സാങ്മ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഗവര്‍ണര്‍ ക്ഷണിച്ചുവെന്ന് പറഞ്ഞ് സാങ്മ രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരണത്തിനായി നേരത്തേ കോണ്‍ഗ്രസ്, തൃണമൂല്‍, എച്ച്.എസ്.പി.ഡി അടക്കമുള്ള അഞ്ച് പാര്‍ട്ടികളെയും ഒരു സ്വതന്ത്രനെയും ഒപ്പം കൂട്ടാന്‍ യു.ഡി.പി ശ്രമിച്ചിരുന്നു.

എന്നാല്‍ 11 എം.എല്‍.എമാരുള്ള യു.ഡി.പിയും 2 എം.എല്‍.എമാരുള്ള എച്ച്.എസ്.പി.ഡി.പിയും സാങ്മയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എച്ച്.എസ്.പി.ഡി.പി പ്രസിഡന്റ് കെ.പി. പാങ്‌നിയാങ് എന്‍.പി.പിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കുന്നുവെന്ന് പറഞ്ഞ് സാങ്മക്ക് കത്ത് നല്‍കിയിരുന്നു.

പക്ഷേ കഴിഞ്ഞ ദിവസം എച്ച്.എസ്.പി.ഡി.പി എം.എല്‍.എമാര്‍ ഇപ്പോഴും എന്‍.പി.പിയുടെ കൂടെയാണെന്ന് എന്‍.പി.പി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

60 അംഗ മേഘാലയ നിയമസഭയിലെ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പില്‍ എന്‍.പി.പി 26 സീറ്റുകളില്‍ വിജയിച്ചു. ഫലം വന്ന് കഴിഞ്ഞപ്പോള്‍ ബി.ജെ.പി എന്‍.പി.പിക്ക് പിന്തുണയുമായെത്തി. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുമായുള്ള സഖ്യം പിരിഞ്ഞ എന്‍.പി.പി ഒറ്റക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നതോടെ സഖ്യം പുനസ്ഥാപിക്കുകയായിരുന്നു.

യു.ഡി.പി 11 സീറ്റുകളിലും ടി.എം.സിയും കോണ്‍ഗ്രസും അഞ്ച് വീതം സീറ്റുകളിലും വോയിസ് ഓഫ് പീപ്പിള്‍ പാര്‍ട്ടി നാല് സീറ്റിലും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രന്റ് രണ്ട് സീറ്റിലുമാണ് വിജയിച്ചത്.

മേഘാലയയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്‍ഡില്‍ ഏഴിനും ത്രിപുരയില്‍ എട്ടിനും സത്യപ്രതിജ്ഞ നടക്കും.

content highlight: The Governor invited; Sangma is ready to form the government in Meghalaya

We use cookies to give you the best possible experience. Learn more