| Monday, 27th December 2021, 8:20 pm

ധാര്‍മികതയ്ക്ക് നിരക്കാത്തത് പലതും ചെയ്തു, ഇനിയും തെറ്റ് തുടരാന്‍ വയ്യ: പദവിയൊഴിയുമെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമന വിവാദത്തില്‍ വൈസ് ചാന്‍സലര്‍ പദവി ഒഴിയുമെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് തന്റെ ഓഫീസിന് നിര്‍ദേശം നല്‍കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ധാര്‍മികതയ്ക്ക് നിരക്കാത്തത് പലതും ചെയ്‌തെന്നും ഇനിയും തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ പറഞ്ഞു.

തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. സര്‍ക്കാരുമായി യുദ്ധത്തിനില്ല. നിയമപരമായി മാത്രമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെയും സത്യ പ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാറുമായി ഏറ്റമുട്ടലിനില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, യൂണിവേഴ്‌സിറ്റികളുടെ ചാന്‍സിലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അത് ഗവര്‍ണര്‍ തന്നെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്. തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാറിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നുമായിരുന്നു ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The governor has repeatedly said he will step down

We use cookies to give you the best possible experience. Learn more