തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല; രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
Supreme Court
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല; രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th November 2023, 12:32 pm

ന്യൂദല്‍ഹി: കേരള സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.

എട്ട് ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം ഗവര്‍ണക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. രണ്ട് വര്‍ഷം ഈ ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു എന്ന് സുപ്രീം കോടതി ചോദിച്ചു.

എന്നാല്‍ ഹരജിയില്‍ പ്രതിപാദിച്ച എട്ട് ബില്ലുകളില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും ഒരു ബില്ലിന് അംഗീകാരം നല്‍കിയിട്ടുണ്ട് എന്നുമാണ് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ സമയം, എന്ത് കൊണ്ടാണ് ഈ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഇത്ര സമയമെടുത്തതെന്നും കോടതി ചോദിച്ചു.

മാത്രവുമല്ല, രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും സംസ്ഥാനത്ത് വെച്ച് തന്നെ രാഷ്ട്രീയ തീരുമാനമുണ്ടാകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം വിഷയത്തില്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്ന സൂചനയും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി ബില്ലുകള്‍ അവതരിപ്പിച്ച മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണറുമായി കൂട്ടിക്കാഴ്ച നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ബില്ലുകള്‍ പിടിച്ചു വെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ കോടതി ഗവര്‍ണറുടേത് ഒരു ഭരണഘടന പദവിയാണെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ അവകാശങ്ങളെ അട്ടിമറിക്കാനുള്ള അവകാശമില്ലെന്നും പറഞ്ഞു. അന്തിമമായി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും അതുണ്ടാകാത്ത പക്ഷം വിഷയത്തില്‍ കോടതി ഇടപെടുമെന്ന സൂചനയും നല്‍കി.

സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും ഗവര്‍ണര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയും കോടതിയില്‍ ഹാജരായി.

CONTENT HIGHLIGHTS: The governor has no power to overthrow the elected government; Supreme Court with severe criticism