| Saturday, 27th January 2024, 11:59 am

'സംഘി ഗവര്‍ണര്‍ ഗോബാക്ക്'; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍കരുടെ പ്രതിഷേധത്തില്‍ റോഡില്‍ രോഷാകുലനായി ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ റോഡില്‍ ഒരു മണിക്കൂറോളം കസേരയിട്ട് പ്രതിഷേധിക്കുകയുണ്ടായി.

സമരം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയ ആവശ്യം. നിലവില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ 17 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു.

പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി അമിത് ഷായുടെ സെക്രട്ടറിയേയും വിളിച്ച് ഗവര്‍ണര്‍ പരാതി അറിയിച്ചിരുന്നു.

‘സംഘി ഗവര്‍ണര്‍ ഗോബാക്ക്’ എന്ന് ആക്രോശിച്ചുകൊണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹന വ്യൂഹത്തിനടുത്തേക്ക് അടുക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗവര്‍ണര്‍ വിമര്‍ശനം ഉയര്‍ത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിണറായിയുടെ ദിവസക്കൂലിക്കാരാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.

ഇതിനുമുമ്പും തലസ്ഥാന നഗരയിൽവെച്ച് കരിങ്കൊടി കാണിച്ചതിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകോപിതനായിരുന്നു. സംസ്ഥാനത്ത് തനിക്ക് എന്ത് സുരക്ഷയാണ് സർക്കാർ ഒരുക്കുന്നതെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും ഗവർണർ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രതിഷേധം നടത്തിയ എസ്.എഫ്.ഐക്കാർ സംസ്ഥാനത്തെ ക്രിമിനലുകൾ ആണെന്നും തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുകയാണെന്നും ഗവർണർ ആരോപിച്ചിരുന്നു. ഗവർണറുടെ നിലവിലെ വാദങ്ങൾക്ക് സമാനമായി പ്രതിഷേധക്കാർ തന്റെ കാറിൽ ഇടിച്ചെന്നും പ്രതിഷേധത്തിന് പിന്നിൽ പൊലീസിന്റെ അറിവുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപണം ഉയർത്തിയിരുന്നു.

Content Highlight: The governor got angry on the road due to the protest of SFI

We use cookies to give you the best possible experience. Learn more