പുതിയ ബെന്‍സ് കാര്‍ വേണം, 85 ലക്ഷം രൂപ നല്‍കണമെന്ന് സര്‍ക്കാറിനോട് ഗവര്‍ണര്‍
Kerala News
പുതിയ ബെന്‍സ് കാര്‍ വേണം, 85 ലക്ഷം രൂപ നല്‍കണമെന്ന് സര്‍ക്കാറിനോട് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd February 2022, 9:45 am

തിരുവനന്തപുരം: തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബെന്‍സ് കാര്‍ വേണമെന്ന് രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കാര്‍ വാങ്ങുന്നതിന് 85 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യവും ഗവര്‍ണര്‍ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴുള്ള കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുണ്ടെന്നും അതിനാല്‍ വി.ഐ.പി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നും സര്‍ക്കാറിന് നല്‍കിയ രേഖയില്‍ പറയുന്നു.

ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നാണ് ആവശ്യം.

നിയമസഭ സെക്രട്ടറി ജസ്റ്റിസ് മദന്‍മോഹനാണ് പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളമെടുക്കേണ്ട നിലപാടിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തണം. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. എന്തെങ്കിലും തരത്തില്‍ ഭരണഘടനാ വീഴ്ചയുണ്ടായാല്‍ ഗവര്‍ണറെ തിരിച്ച് വിളിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഗവര്‍ണറെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിക്കണം. ഗവര്‍ണര്‍ക്ക് ഇപ്പോഴുള്ളതുപോലെ മുഴുവന്‍ അധികാരങ്ങളും വേണ്ട തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഏറെ വിലപേശലുകള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്. പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ ഒപ്പുവെച്ചത്.

പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.

ഗവര്‍ണറുടെ അഡീഷണല്‍ പി.എ. സ്ഥാനത്ത് ഹരി എസ്. കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ജ്യോതിലാല്‍ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനില്‍ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്‌മെന്റ് നടത്തുകയാണെന്നും സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.


Content Highlights: The governor asked the government to pay Rs 85 lakh for a new Benz car