ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; കാര്‍ഷിക സര്‍വകലാശാല വി.സിയുടെ നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റിക്കും സ്റ്റേ
Kerala News
ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; കാര്‍ഷിക സര്‍വകലാശാല വി.സിയുടെ നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റിക്കും സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 5:13 pm

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനത്തിനായി രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ അഞ്ച് സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നിയോഗിച്ച സേര്‍ച്ച് കമ്മിറ്റികള്‍ക്ക് സ്റ്റേ നിലവില്‍ വന്നിരിക്കുകയാണ്.

ഹരജിയില്‍ ഗവര്‍ണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഗവര്‍ണര്‍ സേര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചത്. സര്‍വകലാശാലകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്താതെയാണ് ഗവര്‍ണര്‍ കമ്മിറ്റികളെ നിയോഗിച്ചത്. ചാന്‍സലറുടെയും യു.ജി.സിയുടെയും പ്രതിനിധികള്‍ മാത്രമാണ് സേര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.

ആറ് സര്‍വകലാശാലകളിലാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതില്‍ കേരള സര്‍വകലാശാല ഉള്‍പ്പെടെ അഞ്ച് സര്‍വകലാശാലകളിലെ കമ്മിറ്റികള്‍ ഇപ്പോള്‍ സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണ്. കേരള സര്‍വകലാശാല, എം.ജി, ഫിഷറീസ്, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലേക്കുള്ള നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ഹരജിയില്‍ സര്‍വകലാശാലകള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഹരജിയില്‍ തീരുമാനം ആകുന്നത് വരെ തുടര്‍നടപടി ഉണ്ടാകില്ലെന്നാണ് ചാന്‍സലര്‍ കോടതിയെ അറിയിച്ചത്.

സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ യു.ജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്.

Content Highlight: The Governor Arif muhammed khan is hit again