| Tuesday, 2nd September 2014, 10:53 am

218 കല്‍ക്കരിപ്പാടങ്ങള്‍ വീണ്ടും ലേലം ചെയ്യാന്‍ ആഗ്രഹിക്കുന്നെന്ന് കോടതിയോട് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഗസ്റ്റ് 25ന് സുപ്രീം കോടതി നിയമവിരുദ്ധമെന്ന് പ്രഖ്യപിച്ച 218 കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ ലേലം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് പറഞ്ഞു. ഇവയില്‍ തന്നെ 46 കല്‍ക്കരിപ്പാടങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്തഗിയാണ് സുപ്രീം കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

“സര്‍ക്കാര്‍ ആഗസ്റ്റ് 25 വിധിയെ മാനിക്കുന്നു. അനുമതി നിഷേധിച്ച 218 കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ലേലം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതില്‍ 46 എണ്ണം എല്ലാ പണികളും പൂര്‍ത്തിയായതും ഉപയോഗിക്കാന്‍ സജ്ജമായതുമാണ്. അത് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമാകും” റോഹത്തഗി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

[]രാജ്യം നേരിടുന്ന ഊര്‍ജ പ്രതിസന്ധി കണക്കിലെടുത്ത് നിരോധനം നീക്കണം. നിരോധനം നീക്കിയാല്‍ കഴിയും വേഗം പാടങ്ങള്‍ വീണ്ടും ലേലം ചെയ്യാന്‍ കഴിയും എന്നും റോഹത്തഗി കൂട്ടിച്ചേര്‍ത്തു.

ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചിനോടാണ് സര്‍ക്കാര്‍ കല്‍ക്കരിപ്പാടം സംബന്ധിച്ച ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നുത്. എന്നാല്‍ വാദം കേള്‍ക്കുന്നത് കോടതി നീട്ടിവെയ്ക്കുകയായിരുന്നു. ഇതു സംബന്ധിച്ച തുടര്‍വാദങ്ങള്‍ സെപ്റ്റംബര്‍ 9ന് വീണ്ടും കേള്‍ക്കും.

സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി ആവശ്യപ്പെട്ടിട്ടുള്ള 46 കല്‍ക്കരിപ്പാടങ്ങളില്‍ മൂന്നെണ്ണം ജിണ്ടാല്‍ സ്റ്റീല്‍ ആന്‍ പവര്‍ പ്ലാന്റിന്റേതാണ്. സെയില്‍, ഹിണ്ടാല്‍കൊ, ആര്‍.പി.ജി. ഇന്‍ഡസ്ട്രീസ്, പ്രകാശ് ഇന്‍ഡസ്ട്രീസ്, മോണെറ്റ് ഇസ്പാത് ആന്റ് സ്റ്റീല്‍, സണ്‍ഫ്‌ളാഗ്, ഇലക്ട്രോ സ്റ്റീല്‍ കാസ്റ്റിങ് മുതലായ കമ്പനികളുടേതാണ് മററ്റുള്ളവ.

അതേസമയം കല്‍ക്കരിപ്പാടങ്ങള്‍ നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ പരിണിതഫലങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തില്‍ താല്‍പര്യമില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചു. “ഞങ്ങള്‍ക്ക് ഏതെങ്കിലും ഒരു കമ്മിറ്റിയുടെ ആവശ്യമില്ല. അത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കല്‍ക്കരിപ്പാടങ്ങളൊക്കെയും നഷ്ടമാകും.” അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. വിരമിച്ച ജഡ്ജുമാരെ ചേര്‍ത്ത്‌ ഒരു കമ്മിറ്റി ഇതിനായി രൂപീകരിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more