സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പുനപരിശോധിക്കണം; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രക്ഷോഭവുമായി കേരള മുസ്‌ലിം ജമാഅത്ത്
Kerala News
സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പുനപരിശോധിക്കണം; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രക്ഷോഭവുമായി കേരള മുസ്‌ലിം ജമാഅത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th July 2022, 10:20 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫുമായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.

കളങ്കിതനായ ആളെ ജില്ലാ കളക്ടറായി നിയമിച്ച നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി സുന്നി സംഘടനകള്‍ മുന്നോട്ട് പോകുമെന്നും കേരള മുസ്‌ലിം ജമാഅത്ത് അറിയിച്ചു.

മദ്യപിച്ച് ലെക്ക് കെട്ട് എല്ലാ നിയമങ്ങളെയും അവഗണിച്ച് വാഹനമോടിച്ചാണ് പ്രതി കെ.എം. ബഷീറിനെ കൊലപ്പെടുത്തിയത്. നിയമ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഉന്നത ഭരണത്തിലിരിക്കുന്നയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹത്തിന് ജില്ലയിലെ നിയമ കാര്യങ്ങളില്‍ ഇടപെടാവുന്ന അധികാരം എന്തിന്റെ പേരിലായാലും നല്‍കുന്നത് അനുചിതവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്.

കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലു വിളിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളുമാണ്. സര്‍വീസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതുസമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം പുനപരിശോധിക്കണം. അല്ലാത്ത പക്ഷം ശക്തമായി തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ക്യാബിനറ്റ് അറിയിച്ചു.

അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരെ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം കലക്ട്രേറ്റ് പരിസരത്ത് സമാപിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എ ത്വാഹാ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന നിര്‍വാഹകസമിതിയംഗം നൈസാം സഖാഫി സംസാരിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച്.അബ്ദുള്‍ നാസര്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി എസ്.നസീര്‍ഹാജി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഹുസൈന്‍മുസ്‌ലിയാര്‍ കായംകുളം, ജനറല്‍ സെക്രട്ടറി ഷാഫിമഹ്ളരി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.എം. നിസാമുദീന്‍ സഖാഫി, ജനറല്‍സെക്രട്ടറി സനോജ് സലിം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

CONTENT HIGHLIGHTS:  The government should urgently review the decision; Kerala Muslim Jamaat protested against Sriram Venkataraman’s appointment