ന്യൂദല്‍ഹി: 12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈക്കോവ് ഡി (ZyCov D) ആണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക.
ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പ്രത്യേക മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് വാക്‌സിന്‍ വിതരണം നടക്കുക.
ഇതു പ്രകാരം ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, അമിത ഭാരമുള്ളവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും കേന്ദ്രം വ്യക്തമാക്കി.
ഏകദേശം 30 ലക്ഷം കുട്ടികള്‍ ഈ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ആദ്യഘട്ടത്തില്‍ 40 ലക്ഷം ഡോസ് വാകസിന്‍ ലഭ്യമാക്കാനാവുമെന്നും മുന്‍ഗണനാ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ നല്‍കാനാവുമെന്നും കേന്ദ്രം കരുതുന്നു.
കുട്ടികളിലെ കൊവാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകയാണെന്നും, വിജയിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ 2 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോ ടെക്കിന്റെ കൊവാക്‌സിന് ഉടന്‍ ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരം ലഭിക്കുമെന്ന് കേന്ദ്രം
കണക്കുകൂട്ടുന്നത്.
ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആറാമത്തെ വാക്‌സിനാണ് സൈകോവ്-ഡി. ഈ പ്ലാസ്മിഡ് ഡി.എന്‍.എ വാക്‌സിന്‍ 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാവുമെന്നാണ് കണ്ടെത്തല്‍.
28,000 ആളുകള്‍ക്കാണ് ഫേസ് 3 പരീക്ഷണങ്ങളുടെ ഭാഗമായി വാക്‌സിന്‍ കുത്തിവെച്ചിട്ടുള്ളത്. ഇതില്‍ 66.66 ശതമാനമാണ് ഫലപ്രാപ്തിയെന്നും വാക്‌സിന്‍ നിര്‍മാതാക്കളായ കാഡില്ല അറിയിച്ചു.
സൂചി ഉപയോഗിക്കാതെ കുത്തിവെപ്പ് എടുക്കാന്‍ സാധിക്കുമെന്നതാണ് ഈ വാക്‌സിന്റെ പ്രത്യേകത. പ്രത്യേക ഉപകരണം ഉപയോഗിച്ച് തൊലിക്കടിയിലേക്ക് ഇന്‍ജക്ട് ചെയ്യുന്നതാണ് ഇതിന്റെ രീതി. ലോകത്തിലെ തന്നെ ആദ്യ ഡി.എന്‍.എ ഒറിജിന്‍ വാക്‌സിനാണ് സൈകോവ്-ഡി.