വിഴിഞ്ഞം കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍; പിന്‍വലിച്ചത് ഗൗരവ സ്വഭാവമില്ലാത്ത 157 കേസുകള്‍
തിരുവനന്തപുരം: 2022ല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരെ നടന്ന പ്രഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. 199 കേസുകളില്‍ 157 എണ്ണമാണ് നിലവില്‍ പിന്‍വലിച്ചിരിക്കുന്നത്.
ഗൗരവ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷകള്‍ വന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഫയല്‍ ചെയ്ത 42 കേസുകള്‍ പിന്‍വലിക്കില്ല. അതേസമയം മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ലത്തീന്‍ അതിരൂപത ഉറച്ചുനില്‍ക്കുകയാണ്.
വധശ്രമം, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്.
സമരത്തെയും സംഘര്‍ഷത്തെയും തുടര്‍ന്ന് അദാനിക്കുണ്ടായെന്ന് അറിയിച്ചിട്ടുള്ള നഷ്ടം ലത്തീന്‍ സഭയില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചാല്‍ അതിന്റെ നഷ്ടപരിഹാരം സമരക്കാരില്‍ നിന്ന് തന്നെ ഈടാക്കണമെന്ന ഹൈക്കോടതി വിധിയുടെ ബലത്തിലായിരുന്നു സര്‍ക്കാരിന്റെ നീക്കം. സമരത്തിലൂടെ 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനി അറിയിച്ചിരുന്നത്.
Content Highlight: The government has withdrawn the cases registered in the protests against Vizhinjam International Port
VIDEO