സി.എ.എ സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍; ഗൗരവ സ്വഭാവമുള്ള കേസുകള്‍ ഒഴികെയുള്ളവ പിന്‍വലിക്കണമെന്ന് ഉത്തരവ്
Kerala News
സി.എ.എ സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍; ഗൗരവ സ്വഭാവമുള്ള കേസുകള്‍ ഒഴികെയുള്ളവ പിന്‍വലിക്കണമെന്ന് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2024, 7:28 pm

 

തിരുവനന്തപുരം: സി.എ.എ വിരുദ്ധ സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. ഗൗരവ സ്വഭാവമുള്ള കേസുകള്‍ ഒഴികെയുള്ളവ പിന്‍വലിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

സി.എ.എ കേസുകള്‍ പിന്‍വലിക്കാത്തത് പ്രതിപക്ഷം തെരഞ്ഞെടുപ്പ് വിഷയമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നടപടി.

കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ കോടതികളില്‍ എത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് ജില്ലാ മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് സി.എ.എ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 629 കേസുകള്‍ ഇതുവരെ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ അന്വേഷണത്തിലുള്ളത് ഒരു കേസ് മാത്രമാണെന്നും കേസുകള്‍ പിന്‍വലിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അപേക്ഷ നല്‍കിയാല്‍ കേസുകളില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

Content Highlight: The government has speeded up the process of withdrawing the cases against the anti-CAA protests