താമരയാണ് രാജ്യത്തിന്റെ ദേശീയ പുഷ്പം എന്നായിരുന്നു വര്‍ഷങ്ങളായുള്ള പ്രചരണങ്ങള്‍. എന്നാല്‍ ആ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്രപരിസ്ഥിതി-വനം-കാലാവസ്ഥാ വകുപ്പ്. താമരയെന്നല്ല രാജ്യത്ത് ഇത് വരെ ഒരു പൂവിനെയും ദേശീയ പുഷ്പമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എന്നാല്‍ കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും അംഗീകരിച്ചിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മന്ത്രാലയം മറുപടി നല്‍കി.
ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി വിവരാവകാശ നിയമപ്രകാരം ഐശ്യര്യ പരാശരാണ് മന്ത്രാലയത്തോട് വിവരം തേടിയത്. താമരയ്ക്ക് ദേശീയ പുഷ്പം എന്ന പദവി നല്‍കിയിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. ഇതേ കാര്യം രാജ്യസഭയിലും വകുപ്പ് മന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. മയിലിനെ ദേശീയ പക്ഷിയായും കടുവയെ ദേശീയ മൃഗമായും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് 2011ലാണെന്നും മന്ത്രി പറഞ്ഞു.