ബക്രീദ് ഇളവുകള്‍ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ മറുപടി നല്‍കി
Kerala News
ബക്രീദ് ഇളവുകള്‍ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ മറുപടി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th July 2021, 11:09 pm

ന്യൂദല്‍ഹി: സംസ്ഥാനത്തെ ബക്രീദ് ഇളവുകള്‍ സംബന്ധിച്ച ഹരജിയില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മറുപടി സമര്‍പ്പിച്ചു. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയെ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ടി.പി.ആര്‍. കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്

മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മലയാളി പി.കെ.ഡി. നമ്പ്യാര്‍ ആണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നാളെ വാദം കേള്‍ക്കാനിരിക്കുന്ന ഹരജിയില്‍ ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവുകള്‍ നല്‍കിയത്. 18,19,20 എന്നീ തീയതികളിലാണ് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ച് പരിഗണിച്ചത്. ലോകഡൗണ്‍ ഇളവ് ഇപ്പോള്‍ തന്നെ ആരംഭിച്ച് കഴിഞ്ഞു.

മൂന്ന് ദിവസത്തേയ്ക്കാണ് ഇളവ്. അതിനാല്‍ കൂടുതല്‍ സമയം നല്‍കാന്‍ സാധിക്കില്ലെന്നും ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ഇളവ് നല്‍കിയതിന് പിന്നാലെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോഴിക്കോട് മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയുമാണ് കേസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT  HIGHLIGHTS:  The government has filed a reply in the Supreme Court on the petition regarding bakrid exemptions