തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഹെക്കോടതി വിധി ബാധിക്കുന്ന എല്ലാ വിഭാഗം ആളുകളുമായും ചര്‍ച്ച നടത്താന്‍ യോഗത്തില്‍ ധാരണയായി.
ന്യൂനപക്ഷത്തിന് കീഴിലെ പദ്ധതികളും അതിന്റെ ചരിത്ര പശ്ചാത്തലവും ഓര്‍മപ്പിച്ചായിരുന്നു മുഖ്യമന്ത്രി യോഗം തുടങ്ങിയത്. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമപരമായ പരിശോധനയും വിദഗ്ധ സമിതിയുടെ പഠനവും പ്രായോഗിക നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള പരിഹാരമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ അര്‍ഥത്തിലും അഭിപ്രായസമന്വയമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങള്‍ക്ക് അതില്‍ കുറവു വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സച്ചാര്‍- പാലോളി കമ്മറ്റികളുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനത്ത് ന്യൂനപക്ഷ പദ്ധതികള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നൂറുശതമാനവും മുസ്‌ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും മറ്റ് ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പഠിച്ച് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കോളര്‍ഷിപ്പുകള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഐ.എന്‍.എല്‍ ഉന്നയിച്ചത്.
കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ്(ജോസഫ്), ബി.ജെ.പി. എന്നിവര്‍ ഹൈക്കോടതി വിധി ഉടന്‍
നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് വിഷയം ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു. സാമുദായിക ഐക്യം ദുര്‍ബലപ്പെടുന്ന ഒരു നടപടിയും പാടില്ലെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലിം വിഭാഗക്കാരുമാണ്.
പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS : The Government has appointed an expert committee to determine the proportion of minority scholarship distribution