തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഹെക്കോടതി വിധി ബാധിക്കുന്ന എല്ലാ വിഭാഗം ആളുകളുമായും ചര്‍ച്ച നടത്താന്‍ യോഗത്തില്‍ ധാരണയായി.
ന്യൂനപക്ഷത്തിന് കീഴിലെ പദ്ധതികളും അതിന്റെ ചരിത്ര പശ്ചാത്തലവും ഓര്‍മപ്പിച്ചായിരുന്നു മുഖ്യമന്ത്രി യോഗം തുടങ്ങിയത്. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമപരമായ പരിശോധനയും വിദഗ്ധ സമിതിയുടെ പഠനവും പ്രായോഗിക നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള പരിഹാരമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ അര്‍ഥത്തിലും അഭിപ്രായസമന്വയമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങള്‍ക്ക് അതില്‍ കുറവു വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സച്ചാര്‍- പാലോളി കമ്മറ്റികളുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനത്ത് ന്യൂനപക്ഷ പദ്ധതികള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നൂറുശതമാനവും മുസ്‌ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും മറ്റ് ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പഠിച്ച് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കോളര്‍ഷിപ്പുകള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഐ.എന്‍.എല്‍ ഉന്നയിച്ചത്.