തിരുവനന്തപുരം: സിനിമ തൊഴിലിടത്തിലെ ചൂഷണങ്ങളെ സംബന്ധിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായിട്ടും പുറത്തുവിടാത്തതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പുതിയ സമിതി രൂപീകരിച്ച് സര്‍ക്കാര്‍.
റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ച ശിപാര്‍ശകള്‍ നടപ്പാക്കുന്നത് പരിശോധിക്കാനാണ് മൂന്നംഗ സമിതിയെ സര്‍ക്കാര്‍ രൂപികരിച്ചത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ അണ്ടര്‍ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ഹേമ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം ഓരോ അംഗവും പ്രത്യേകം സമര്‍പ്പിക്കണം. സിനിമ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സാംസ്‌കാരിക വകുപ്പുമായിരിക്കും പരിശോധിക്കുക.
നിയമപരമായ പ്രശ്നങ്ങള്‍ നിയമവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മൂന്ന് അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമയപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2017 ജൂലൈ 16നാണ് ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായ ഒരു സമിതിയെ സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്. രണ്ടര വര്‍ഷത്തെ പഠനത്തിനും തെളിവെടുപ്പുകള്‍ക്കും ശേഷം 2019 ഡിസംബര്‍ 31ന് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളും സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു സമിതിയുടെ പ്രധാന ചുമതല. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വല്‍സല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.
സിനിമ രംഗത്ത് ശക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ ചില പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചിരുന്നു.
ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചുമുള്ള ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനോ റിപ്പോര്‍ട്ട് പുറത്തുവിടാനോ തയ്യാറായിട്ടില്ല.