തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെ ന്യായീകിച്ചുള്ള നിയമമന്ത്രി പി. രാജീവിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍. ബിന്ദുവിനുമെതിരായ ഹരജികളില്‍ ലോകായുക്ത നടപടിയുണ്ടാവുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ നീക്കമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഹൈക്കോടതിയിലെ കേസ് 12ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണെന്നും സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം 14ാം വകുപ്പുമായി ബന്ധപ്പെട്ടതാണെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രി ആര്‍. ബിന്ദുവിനുമെതിരായ ഹരജികളില്‍ ലോകായുക്ത നടപടിയുണ്ടാവുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ലോകായുക്ത ഉടനെ പരിഗണിക്കാനിരിക്കുന്ന ഈ ഹരജികളില്‍ വിധി എതിരായാല്‍ ഇരുവരും പ്രതിക്കൂട്ടിലാവും.
നിയമസഭയില്‍ ചര്‍ച്ചക്ക് വെക്കാതെ സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഇത് മുന്നില്‍ കണ്ടാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ലോകായുക്ത ഓര്‍ഡിനനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
നിയമസഭ ചേരാന്‍ ഒരു മാസം മാത്രം ശേഷിക്കേ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം പറഞ്ഞു.
ലോകായുക്ത ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിച്ചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ലോകായുക്ത മറ്റു സംസ്ഥാനങ്ങള്‍ ചിന്തിക്കും മുമ്പ് കേരളം കൊണ്ടുവന്നതാണെന്നും ലോകായുക്ത 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകായുക്ത നിയമഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത്.
ലോകായുക്തയിലെ സെക്ഷന്‍ 14 ലാണ് ചട്ടലംഘനം നടത്തിയാല്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നത്. അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്‌നം. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു.
Content Highlights: The government fears a Lokayukta verdict against Chief Minister and Minister R. Bindu: VD Satheesan